അണ്ടര്‍ 17 ലോകകപ്പ്: അന്തിമ പരിശോധനക്കായി ഫിഫ സംഘം ഇന്ന് കൊച്ചിയില്‍ എത്തും

Posted on: May 18, 2017 8:49 am | Last updated: May 18, 2017 at 12:26 pm

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് വേദിയാകാനുള്ള കൊച്ചിയുടെ മോഹത്തിന് ഇന്ന് തീരുമാനമാകും. കേരളത്തിലെ മത്സര വേദിയായ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഒരുക്കങ്ങളുടെ അന്തിമ പരിശോധക്കായി ഫിഫ സംഘം ഇന്ന് കൊച്ചിയിലെത്തും.

ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്തിമ പരിശോധനക്കായി എത്തുന്നത്. രാവിലെ 11 മണിയോടെ പ്രധാന സ്റ്റേഡിയത്തില്‍ പരിശോധന നടത്തുന്ന സംഘം യോഗം ചേര്‍ന്ന് വിലയിരുത്തല്‍ നടത്തും.
ഇതിന് ശേഷമായിരിക്കും വേദിയില്‍ മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
തുടര്‍ന്ന് കൊച്ചിയിലെ തന്നെ നാല് പരിശീലന വേദികളിലും ഫിഫ സംഘം പരിശോധന നടത്തും. പനമ്പിള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനം, മഹാരാജാസ് കോളജ് ഗ്രൗണ്ട്, ഫോര്‍ട്ട്‌കൊച്ചി വെളി, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ച് പരിശോധന നടത്തുക. ഫിഫ സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായ ശേഷം കേന്ദ്രമന്ത്രിയും ഫിഫയുടെ ഉന്നത സംഘവും വീണ്ടും പ്രധാന വേദിയില്‍ സന്ദര്‍ശനം നടത്തും. നേരത്തെ മത്സര വേദിയുടെയും, പരിശീലന ഗ്രൗണ്ടുകളുടെയും ഒരുക്കങ്ങളിലുണ്ടായ കാലതാമസത്തെ തുടര്‍ന്ന് ഫിഫ സംഘവും കേന്ദ്ര കായിക മന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പിന്നാലെ ഈ മാസം 15 നകം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഫിഫയെ ഏല്‍പ്പിക്കുമെന്ന് കേരളം അറിയിച്ചു.
അതേസമയം, ഫിഫ ആവശ്യപ്പെട്ട രീതിയിലുള്ള മുഴുവന്‍ നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയായെന്നും, ഇന്ന് ഫിഫ സംഘമെത്തുമ്പോള്‍ മത്സരത്തിന് അനുയോജ്യമായ രീതിയില്‍ വേദികള്‍ ഫിഫ സംഘത്തിന് മുന്നില്‍ സമര്‍പ്പിക്കാന്‍ തയ്യാറാകുമെന്നും ടൂര്‍ണമമെന്റിന്റെ കേരളത്തില്‍ നിന്നുള്ള നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. രാപകല്‍ ഭേദമന്യെ മൂന്ന് ഷിഫ്റ്റുകളിലായാണ് നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും നിലവില്‍ കൊച്ചിക്ക് അനുവദിച്ച എട്ട് മത്സരങ്ങളില്‍ കൂടുതല്‍ നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കുന്ന കാര്യത്തില്‍ സംശയമാണെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ ആറ് ഗ്രൂപ്പ് മത്സരങ്ങളും, രണ്ട് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും, രണ്ട് ക്വാര്‍ട്ടര്‍ മത്സരങ്ങളുമാണ് കൊച്ചിക്ക് അനുവദിച്ചിരിക്കുന്നത്.