മൂന്നാറിനെ രക്ഷിക്കാന്‍ സര്‍വകക്ഷികള്‍ക്ക് കഴിയുമോ?

നിയമം നടപ്പിലാക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നത് എന്ന ചോദ്യത്തില്‍ നിന്നു തുടങ്ങണം. കൈയേറ്റം ഒഴിപ്പിക്കുക അഥവാ സര്‍ക്കാറിന്റെ വിലപ്പെട്ട സമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുക എന്നത് ഏതു സര്‍ക്കാറിന്റെയും പ്രാഥമികമായ ബാധ്യതയല്ലേ? അത് ചെയ്യും എന്ന് മുഖ്യമന്ത്രി ഇടക്കിടെ ആവര്‍ത്തിക്കുന്നതെന്തിനാണ്? അത് ചെയ്യേണ്ടതെങ്ങനെയെന്നു സര്‍ക്കാറിനറിയില്ലെന്നാണോ? അങ്ങനെ വന്നാല്‍ നാളെ എല്ലാ ക്രിമിനല്‍ കേസുകളും ഉണ്ടാകുമ്പോള്‍ സര്‍വകക്ഷിയോഗം വിളിച്ചു അനുമതി തേടിയിട്ടാണോ സര്‍ക്കാര്‍ മുന്നോട്ടു പോകുക? സര്‍വകക്ഷിയോഗത്തില്‍ നിയമം നടപ്പാക്കരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് സര്‍ക്കാറിന് സമ്മതിക്കാന്‍ കഴിയുമോ?
Posted on: May 18, 2017 6:38 am | Last updated: May 17, 2017 at 10:14 pm

മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരം ഒന്നാം ഘട്ടത്തില്‍ നിന്നും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. നാലാള്‍ സമരമെന്നും ആളില്ലാ സമരമെന്നും എതിരാളികള്‍ ആക്ഷേപിച്ച ആ സമരവും മുന്നാറിലെ ഭൂമി പ്രശ്‌നവും തമ്മിലെന്ത് ബന്ധം എന്ന വസ്തുതയിലേക്കു കടക്കാന്‍ നമ്മുടെ മുഖ്യധാരാ കക്ഷികളും മാധ്യമങ്ങളും തയ്യാറാകാതിരുന്നതെന്തുകൊണ്ടെന്ന വിഷയവും പ്രധാനമാണ്. എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പെമ്പിളൈ ഒരുമൈ സമരം ആരംഭിച്ചപ്പോഴാണ് പൊതുസമൂഹം അത് ശ്രദ്ധിക്കുന്നത്. എന്നാല്‍, മണി രാജിവെക്കുക എന്ന ആവശ്യം എന്തുകൊണ്ട് എന്നതും എപ്പോഴാണ് അതുയര്‍ന്നത് എന്നതും പ്രധാനമാണ്.

മുന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് കുറേ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന രാഷ്ട്രീയ വിഷയമാണ്. അതിന്റെ പാരിസ്ഥിതികവും നിയമപരവുമായ എല്ലാ താളങ്ങളും നമുക്കിന്നറിയാം. സുപ്രീം കോടതിയും ദേശീയ ഹരിത ട്രിബ്യൂണലുമെല്ലാം അതിന്റെ നിയമപ്രാധാന്യം ഏറെക്കാലമായി ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. പക്ഷേ മാറി മാറി വന്ന സര്‍ക്കാറുകളെല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രം കൈയേറ്റമൊഴിപ്പിക്കും. ഫലത്തില്‍ അനുനിമിഷമെന്നോണം അവിടെ പുതിയ കൈയേറ്റങ്ങള്‍ നടക്കുകയും ചെയ്യും. 2007 ല്‍ അന്നത്തെ വി എസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചില നീക്കങ്ങള്‍ നടത്തിയപ്പോള്‍ കേരളത്തിലുണ്ടായ ഭൂചലനങ്ങള്‍ നാം കണ്ടതാണ്. സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കുമകത്ത് നിന്ന് തന്നെ ശക്തമായ തിരിച്ചടികള്‍ ഉണ്ടായപ്പോഴാണ് ആ നടപടികള്‍ നിലച്ചുപോയത്. പിന്നീട് നിലവില്‍വന്ന യു ഡി എഫ് സര്‍ക്കാറാകട്ടെ കൈയേറ്റക്കാര്‍ക്ക് സമ്പൂര്‍ണപിന്തുണയും നല്‍കി. വി എസ് സര്‍ക്കാറിന്റെ നീക്കങ്ങളെ പാര്‍ട്ടിക്കുള്ളില്‍ നിന്നു അട്ടിമറിക്കുന്നതിന് നേതൃത്വം നല്‍കിയത് അന്ന് സി പി എം ജില്ലാ സെക്രട്ടറി ആയിരുന്ന എം എം മണി ആയിരുന്നു എന്നതൊരു രഹസ്യമല്ല. അതുവരെ വി എസ് ഗ്രൂപ്പിന്റെ പിടിയിലായിരുന്ന ജില്ലാ കമ്മിറ്റിയെ ഒറ്റ രാത്രി കൊണ്ട് ഒറ്റയടിക്ക് മാറ്റി പിണറായിയുടെ സംഘത്തിലെത്തിക്കാന്‍ മണിക്ക് കഴിഞ്ഞു. എപ്പോഴാണ് മാണി പിണങ്ങിയത്? കൃത്യമായി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ലംബോധരനും മറ്റു പാര്‍ട്ടി സഖാക്കളും കൈയടക്കിവെച്ചിരിക്കുന്ന ഭൂമിയില്‍ തൊട്ടപ്പോഴാണ്. ആ ഭൂമിയിലെ ഒരു അനധികൃത മൊബൈല്‍ ടവര്‍ ഇടിച്ചു താഴെ ഇടുന്നതു നാമൊക്കെ ടി വിയില്‍ കണ്ടതാണ്. ലംബോധരനെ മണി പിന്തുണക്കും എന്ന ഉറപ്പിലാണ് മറ്റു പല കൈയേറ്റങ്ങളും നടത്തിയിരിക്കുന്നത്. അഥവാ മൂന്നാറിലെ കൈയേറ്റക്കാരുടെ ജാമ്യക്കാരനാണ് മണി എന്ന നേതാവ്.

പെമ്പിളൈ ഒരുമൈക്കെതിരെ ഹീനമായ പരാമര്‍ശങ്ങള്‍ നടത്തിയ അതേ പ്രസംഗത്തില്‍ തന്നെ മണി നടത്തുന്ന ആക്രമണങ്ങളുടെ പ്രധാന ഇര ആകുന്നതു ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന യുവാവാണ്. വൈദ്യത്തില്‍ ബിരുദാനന്തര ബിരുദമെടുത്തു സിവില്‍ സര്‍വീസില്‍ അഖിലേന്ത്യാ മത്സരപരീക്ഷയില്‍ രണ്ടാം റാങ്കു നേടിയ അദ്ദേഹത്തെ ഇത്ര ഹീനമായ രീതിയില്‍ അവഹേളിക്കാന്‍ മണി ശ്രമിച്ചതെന്തുകൊണ്ട്? നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടും മേലുദ്യോഗസ്ഥരുടെ അനുവാദത്തോടെയും തന്റെ കടമകള്‍ നിര്‍വഹിക്കാന്‍ ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥനെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതിന്റെ ലക്ഷ്യം എന്തെന്ന് വ്യക്തം. ആ ഉദ്യോഗസ്ഥന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ തന്റെ കൂടി അറിവോടെയായിരുന്നു എന്ന് റവന്യൂ മന്ത്രിയും മറ്റു ഉന്നതരും പറയുമ്പോഴും മണി അതൊന്നും പരിഗണിക്കാതെ ഇദ്ദേഹത്തെ മാത്രം ലക്ഷ്യമാക്കുന്നതെന്തുകൊണ്ട്? ദേവികുളം സബ് കലക്ടര്‍ക്ക് സ്വതവേ ഉള്ള അധികാരങ്ങള്‍ക്കപ്പുറം മൂന്നാറിന്റെ സംരക്ഷണമെന്ന പ്രത്യേക ചുമതല കൂടി ദേശീയ ഹരിത ട്രിബ്യൂണല്‍ നല്‍കിയിട്ടുണ്ടെന്നും ഓര്‍ക്കുക. ആ ചുമതല നിര്‍വഹിക്കാന്‍ തന്റെ മേല്‍ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ അനുമതി പോലും അദ്ദേഹത്തിനാവശ്യമില്ല എന്നര്‍ഥം.

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത് വഴി ആ ഭൂമിക്കു യഥാര്‍ഥ അവകാശികള്‍ ആരെന്ന പ്രശ്‌നവും ഉയര്‍ന്നു വരും. കേവലം സര്‍ക്കാര്‍ ആ ഭൂമി സൂക്ഷിക്കുക എന്ന തീരുമാനത്തിന് അര്‍ഥമില്ല. കാരണം അതില്‍ ഇനിയും കൈയേറ്റങ്ങള്‍ നടക്കും. അപ്പോഴാണ് ടാറ്റ യടക്കമുള്ളവര്‍ അനധികൃതമായി കൈയടക്കിവെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്തു ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും മറ്റു ഭൂരഹിത കര്‍ഷകര്‍ക്കും നല്‍കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പെമ്പിളൈ ഒരുമയും മറ്റു പല സംഘടനകളും സമരങ്ങള്‍ക്കൊരുങ്ങുന്നത്. 1977നു മുമ്പ് കുടിയേറിയവര്‍ക്കു ഭൂമിക്കവകാശമുണ്ടെന്നു സര്‍ക്കാര്‍ സമ്മതിക്കുന്നു. ഒരു നൂറ്റാണ്ടിലേറെയായി, നാല് തലമുറയായി ആ തോട്ടങ്ങളില്‍ പണിയെടുത്ത് മൂന്നാറിനേയും അവിടുത്തെ സമ്പദ്ഘടനയുടെ നട്ടെല്ലായ ചായത്തോട്ടങ്ങളെയും അവക്കുടമകളായ ബഹുരാഷ്ട്ര, ദേശീയ കമ്പനികളെയും വളര്‍ത്താന്‍ സ്വന്തം ജീവിതം ഹോമിച്ച തോട്ടം തൊഴിലാളികള്‍ക്ക് ആ ഭൂമിയില്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ? തൊഴില്‍ ചെയ്യാന്‍ ശേഷിയില്ലാതായാല്‍, അഥവാ തൊഴില്‍ ഇല്ലാതായാല്‍ അന്ന് മുതല്‍ തെരുവിലേക്കിറങ്ങേണ്ടിവരുന്ന ഇക്കൂട്ടരല്ലേ മൂന്നാറിലെ ഭൂമിയിലെ ആദ്യ അവകാശികള്‍? അന്ന് തന്നെ മറ്റു കൈയേറ്റക്കാരെപ്പോലെ ഇവരും അഞ്ചോ പത്തോ ഏക്കര്‍ കൈയേറിയിരുന്നു എങ്കില്‍ 1977 എന്ന ആനുകൂല്യം ഇവര്‍ക്കും കിട്ടുമായിരുന്നല്ലോ. അപ്പോള്‍ കൈയേറിയില്ല എന്നതാണോ ഇവരുടെ കുറവ്? തോട്ടം തൊഴിലാളികളെ വഞ്ചിക്കാനായി അഞ്ചു സെന്റ് ഭൂമിക്കു പട്ടയം നല്‍കി അവരെ കളിപ്പിക്കുകയാണ് സര്‍ക്കാര്‍. അവരുടെ ഭൂമി എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല. കൈയേറ്റം ഒഴിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥന് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടിയും പെമ്പിളൈ ഒരുൈമയും ചേര്‍ന്ന് ഏപ്രില്‍ 17നു ദേവികുളത്തെത്തി. ഭൂമി അവകാശം സംബന്ധിച്ചുള്ള സമരപ്രഖ്യാപനം ഏപ്രില്‍ 22നു നടത്തുമെന്നു പെമ്പിളൈ ഒരുമൈ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ആ പ്രഖ്യാപന സമ്മേളനത്തിനു മൈക്ക് അനുവദിക്കാതിരുന്നത് സി പി എം ഇടപെടല്‍ മൂലമായിരുന്നു. അതിന്റെ തൊട്ടു പിറ്റേന്നാണ് മണിയുടെ വിവാദപ്രസംഗം ഉണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. ആ പ്രസംഗത്തിലാണ് ദേവികുളം സബ് കലക്ടറേയും പെമ്പിളൈ ഒരുമൈയേയും മാധ്യമങ്ങളെയും മണി കടന്നാക്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് പെമ്പിളൈ ഒരുമൈ സമരം ആരംഭിക്കുന്നത്. അതിനെ പോലീസിനെയും പാര്‍ട്ടി ഗുണ്ടകളെയും മറ്റുമുപയോഗിച്ചു അടിച്ചമര്‍ത്താനാണ് മണിയും സര്‍ക്കാറും ശ്രമിച്ചത്.
മൂന്നാര്‍ ഭൂമി പ്രശ്‌നം സംബന്ധിച്ച് നമ്മുടെ മുഖ്യധാരാ കക്ഷികള്‍ക്കും സര്‍ക്കാറുകള്‍ക്കും ഉള്ള നിലപാടെന്താണ്? പ്രശ്‌നം ഏറെ സങ്കീര്‍ണമാണെന്നും അതെളുപ്പം പരിഹരിക്കാന്‍ കഴിയില്ലെന്നും മാറിമാറി വരുന്ന ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതാക്കളും നമ്മെ ഉത്ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭരണത്തിലിരിക്കുന്നവര്‍ ആണ് എല്ലാ കാലത്തും ഇത് പറയുക. എന്നാല്‍ പ്രതിപക്ഷക്കാര്‍ ഭരണക്കാര്‍ക്കെതിരെ ഇതിനെ ആയുധമാക്കുന്നു. ഭരണ പ്രതിപക്ഷങ്ങള്‍ മാറിമാറി വരുന്ന കേരളത്തില്‍ ഇത് കൃത്യമായും നാടകം പോലെ ജനങ്ങള്‍ക്ക് തോന്നുന്നതില്‍ തെറ്റില്ല. കാരണം സിനിമയിലെ ഉഗ്രന്‍ ഡയലോഗുകള്‍ക്കപ്പുറം ഒന്നും നടക്കില്ലെന്നു അവര്‍ക്കറിയാം. അനുനിമിഷമെന്നോണം മൂന്നാറില്‍ കൈയേറ്റങ്ങളും നിയമലംഘനങ്ങളും തുടരുന്നതായും അവര്‍ കാണുന്നു. മൂന്നാര്‍ എന്ന ടുറിസ്റ്റ് പറുദീസയുടെ വിസ്തീര്‍ണം വര്‍ധിച്ചു ഇപ്പോള്‍ ദേവികുളം താലൂക്കും കടന്നു ഉടുമ്പന്‍ചോലയിലും എത്തിനില്‍ക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗത്തിന്റെ അനുഭവമെടുക്കാം. പശ്ചിമഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍ ആര് ഉയര്‍ത്തിയാലും കേരള സര്‍ക്കാറിന്റെ തലവന്‍ പറയുന്ന മറുപടി ഒന്ന് തന്നെയാണ് ഈ യോഗാനന്തരവും മുഖ്യമന്ത്രി പറഞ്ഞത്. മൂന്നാറിലെ പാരിസ്ഥിതികസന്തുലനം തകര്‍ക്കാന്‍ അനുവദിക്കില്ല. നിയമവിരുദ്ധമായ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കും. വന്‍കിട കൈയേറ്റങ്ങള്‍ ആണ് ആദ്യം ഒഴിപ്പിക്കുക. ഇനി ഒരാള്‍ക്കും കൈയേറാന്‍ തോന്നാത്തവിധത്തിലായിരിക്കും ഒഴിപ്പിക്കല്‍. ഭാവി മൂന്നാര്‍ പഴയ കാലത്തെ പോലെ പ്രകൃതിരമണീയമാക്കും. അത് രൂപപ്പെടുത്താന്‍ പരിസ്ഥിതി പ്രവര്‍ത്തകരായി എത്തിയവരുടെ വിലപ്പെട്ട നിര്‍ദേശങ്ങളും മുഖ്യമന്ത്രി ശ്രദ്ധയോടെ ശ്രവിച്ചു. ഇതൊരു പുതിയ തുടക്കമാകുമെന്നു പലരും പ്രത്യാശിക്കുന്നു. അത്രയും നന്ന്.
പക്ഷേ, ഈ കാര്യങ്ങള്‍ ആദ്യമായി പറയുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍ എന്നുകൂടി ഓര്‍മ വരുമ്പോഴാണ് ഈ തിരക്കഥയുടെ അടുത്ത രംഗങ്ങള്‍ എന്താകും എന്ന ആകാംക്ഷ കുറയുന്നത്. 2007ല്‍ അന്നത്തെ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്ന നവീന മൂന്നാര്‍ എന്ന ആശയത്തിന് എന്ത് സംഭവിച്ചു എന്ന് നമുക്കറിയാം.

മൂന്നാറിലെയും ഹൈറേഞ്ചിലെ മറ്റു കൈയേറ്റങ്ങളെയും കുടിയേറ്റങ്ങളെയും ഒരേ രീതിയില്‍ കാണുന്നത് തന്നെ തീര്‍ത്തും ദുരുദ്ദേശത്തോടെയാണ്. അതോടെ മൂന്നാറിനെ രക്ഷപ്പെടുത്താനുള്ള എല്ലാ പഴുതുകളും അടക്കുകയാണ്. 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയവര്‍ക്കു പട്ടയം നല്‍കും എന്ന തീരുമാനം മൂന്നാറിന് ബാധകമായ കാര്യമല്ല എന്നതാണ് ആദ്യത്തെ സത്യം. കൈയേറ്റവും കുടിയേറ്റവും രണ്ടായിക്കാണണം എന്ന സ്ഥിരം പല്ലവിയും മൂന്നാറിന് ബാധകമല്ല. എല്ലാ ചര്‍ച്ചകളിലും ഇത് ആവര്‍ത്തിക്കുന്നതിനു ഒരൊറ്റ ലക്ഷ്യമേയുള്ളൂ. മൂന്നാറിലെ കൈയേറ്റക്കാരില്‍ ചിലരെങ്കിലും കുടിയേറ്റക്കാരെന്നു തോന്നിപ്പിക്കാനും അത് വഴി അവിടെ നിന്നും ആരെയും ഒഴിപ്പിക്കുന്നത് തടയാനും ഇതുവഴി കഴിയും എന്നതിനാലാണ്. നിയമം നടപ്പിലാക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നത് എന്ന ചോദ്യത്തില്‍ നിന്നും തുടങ്ങണം. കൈയേറ്റം ഒഴിപ്പിക്കുക അഥവാ സര്‍ക്കാറിന്റെ വിലപ്പെട്ട സമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുക എന്നത് ഏതു സര്‍ക്കാറിന്റെയും പ്രാഥമികമായ ബാധ്യതയല്ലേ? അത് ചെയ്യും എന്ന് മുഖ്യമന്ത്രി ഇടക്കിടെ ആവര്‍ത്തിക്കുന്നതെന്തിനാണ്? അത് ചെയ്യേണ്ടതെങ്ങനെയെന്നു സര്‍ക്കാറിനറിയില്ലെന്നാണോ? അങ്ങനെ വന്നാല്‍ നാളെ എല്ലാ ക്രിമിനല്‍ കേസുകളും ഉണ്ടാകുമ്പോള്‍ സര്‍വകക്ഷിയോഗം വിളിച്ചു അനുമതി തേടിയിട്ടാണോ സര്‍ക്കാര്‍ മുന്നോട്ടു പോകുക? സര്‍വകക്ഷിയോഗത്തില്‍ നിയമം നടപ്പാക്കരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് സര്‍ക്കാറിന് സമ്മതിക്കാന്‍ കഴിയുമോ? ഇക്കാലമത്രയും മാറിമാറി ഭരിച്ചും പ്രതിപക്ഷത്തിരുന്നും പോന്നിട്ടുള്ള, അക്കാല ത്തൊക്കെ കൈയേറ്റങ്ങള്‍ പിന്തുണച്ചിട്ടുള്ള സര്‍വകക്ഷികള്‍ക്കു ഇപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ എങ്ങനെ കഴിയും? ഇനി മണിക്കൊപ്പം മാണിയും വരുന്നു. നമുക്കെന്തു പ്രതീക്ഷിക്കാം?