പൂനെ ഫൈനലില്‍

Posted on: May 17, 2017 11:42 am | Last updated: May 17, 2017 at 11:52 am

മുംബൈ: സീസണില്‍ മുംബൈക്ക് മുന്നില്‍ തലകുനിക്കില്ലെന്ന വാശിയോടെ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് ഐ പി എല്‍ ഫൈനലിലേക്ക്, ഇരുപത് റണ്‍സിനാണ് ജയം.
സ്‌കോര്‍: പൂനെ : 162/4 , മുംബൈ 142/9
ഇന്ന് എലിമിനേറ്റര്‍റൗണ്ടില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും.

ടോസ് ജയിച്ച മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പൂനെയെ ക്രീസിലേക്ക് അയച്ചു. ആ തീരുമാനം ശരിവെക്കും വിധമായിരുന്നു തുടക്കം. ഒമ്പത് റണ്‍സെടുക്കുമ്പോഴേക്കും പൂനെക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപണര്‍ ത്രിപതി ഡക്ക് ആയപ്പോള്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഒരു റണ്‍സിന് ക്രീസ് വിട്ടു. ത്രിപതിയെ മക്ലെനാഹന്‍ ക്ലീന്‍ ബൗള്‍ ചെയ്തപ്പോള്‍ സ്മിത്തിനെ ശ്രീലങ്കന്‍ പേസര്‍ മലിംഗ പുറത്താക്കി. രഹാനെക്കൊപ്പം മനോജ് തിവാരി ഒപ്പം ചേര്‍ന്നതോടെ പൂനെ പതിയെ തല പൊക്കി. മൂന്നാം വിക്കറ്റില്‍ ഇവര്‍ എണ്‍പത് റണ്‍സ് ചേര്‍ത്തു. പതിമൂന്നാം ഓവറില്‍ രഹാനെ പുറത്തായതോടെയാണ് സഖ്യം പിരിഞ്ഞത്. 43 പന്തില്‍ 56 റണ്‍സാണ് രഹാനെ നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നു. തിവാരി 48 പന്തില്‍ 58 റണ്‍സടിച്ചു. നാല് ഫോറും രണ്ട് സിക്‌സറുമായി തിളങ്ങിയ തിവാരി അവസാന പന്തില്‍ റണ്ണൗട്ടാവുകയായിരുന്നു. എന്നാല്‍, മുംബൈയുടെ സകല പ്രതീക്ഷകളും അട്ടിമറിച്ചത് ധോണിയാണ്. ട്വന്റി20ക്ക് പറ്റാത്തവന്‍ എന്ന ദുഷ്‌പേര് മായ്ച്ച് കളയും വിധമാണ് ധോണിബാറ്റ് വീശിയത്. 26 പന്തില്‍ 40 റണ്‍സ്. അഞ്ച് സിക്‌സറുകള്‍. 153.84 സ്‌ട്രൈക്ക് റേറ്റില്‍ മുന്‍ നായകന്‍ തകര്‍ത്താടിയതാണ് പൂനെക്ക് ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കിയത്.മുംബൈ ബൗളിംഗില്‍ മലിംഗയാണ് തിളങ്ങിയത്. മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടു നില്‍കി സ്മിത്തിന്റെ വിക്കറ്റ് മലിംഗ സ്വന്തമാക്കി.മുംബൈ

ഇന്നിംഗ്‌സില്‍ പാര്‍ഥീവ് പട്ടേല്‍ 52 റണ്‍സുമായി ടോപ് സ്‌കോററായി. രോഹിത് ശര്‍മ (1), റായുഡു (0), സിമണ്‍സ് (5), പൊള്ളാര്‍ഡ് (7), ഹര്‍ദിക് പാണ്ഡ്യ(14), ക്രുനാല്‍ പാണ്ഡ്യ (15)നിരാശപ്പെടുത്തി.മൂന്ന് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് മുംബൈയെ തകര്‍ത്തത്. ഷര്‍ദുല്‍ ഥാക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.