Connect with us

Kerala

നോമ്പ് തുറകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: റമസാന്‍ വ്രതവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ മഹല്ലുകളും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശം ഉള്‍ക്കൊണ്ട് നോമ്പുതുറകളും ഇഫ്താര്‍ വിരുന്നുകളും ഹരിതാഭമാക്കാന്‍ തീരുമാനം. തദ്ദേശസ്വയംഭരണ, ന്യൂനപക്ഷ ക്ഷേമമന്ത്രി ഡോ. കെ ടി ജലീല്‍ വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

മാലിന്യ നിര്‍മാര്‍ജനത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നോമ്പുതുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഗ്രീന്‍പ്രോട്ടോകോള്‍ പാലിക്കുമെന്നും യോഗത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. കൂടുതല്‍ ജനങ്ങളിലേക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശമെത്തിക്കുന്നതിന് താലൂക്കടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അതത് മഹല്ല് ഭാരവാഹികളെ അറിയിക്കണമെന്നും ഇമാമുമാര്‍ ഈ ആശയം ജനങ്ങള്‍ക്ക് നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.

ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുമ്പോള്‍ ആവശ്യമുളള കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍, സെറാമിക് പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍ തുടങ്ങിയവയുടെയും വെള്ളത്തിന്റെയും ലഭ്യത ഉറപ്പാക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. പ്ലാസ്റ്റിക് കുപ്പികളും പ്ലേറ്റും ഗ്ലാസും ഉപേക്ഷിക്കാന്‍ മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കും.
മദ്‌റസാധ്യാപക ക്ഷേമനിധി ക്യാമ്പയിന്‍ ജൂലൈ ഒന്ന് മുതല്‍ 15 വരെ സംഘടിപ്പിക്കും. അമ്പതിനായിരം പേരെ പുതുതായി ക്ഷേമനിധിയില്‍ ചേര്‍ക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ക്ഷേമനിധി മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ക്ഷേമനിധി തുക 600 രൂപയില്‍ നിന്ന് ആയിരം രൂപയായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ക്ഷേമനിധിയില്‍ ഇപ്പോഴും പതിനയ്യായിരം പേര്‍ മാത്രമാണ് അംഗത്വമെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതുതായി അമ്പതിനായിരം പേരെ ചേര്‍ക്കാനുള്ള നിര്‍ദേശം.
സാമൂഹിക ക്ഷേമ ന്യൂനപക്ഷ വകുപ്പ് സെക്രട്ടറി ഷാജഹാന്‍, അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എസ് എം എ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം, സെക്രട്ടറി യഅ്ഖൂബ് ഫൈസി, മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജബ്ബാര്‍ സഖാഫി പേഴക്കാപള്ളി, ശറഫുദ്ദീന്‍ പോത്തന്‍കോട്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പ്രൊഫ. പി ഒ ജെ ലബ്ബ, അശ്‌റഫ് മൗലവി, എച്ച് ഷാഹിര്‍ മൗലവി, കരമന മാഹിന്‍, എം അലിയാരുകുട്ടി, എം ടി അബ്ദുസ്സമദ് സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, കെ മോയീന്‍കുട്ടി മാസ്റ്റര്‍, വഖ്ഫ് ബോര്‍ഡ് തിരുവനന്തപുരം ഡിവിഷന്‍ പ്രതിനിധി എ ഹസീബ്, സംസ്ഥാന ശുചിത്വമിഷന്‍ ഉദ്യോഗസ്ഥരായ ജോസഫ്, അമീര്‍ഷ, ബിഥുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest