യോഗിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹരജി

Posted on: May 15, 2017 10:00 pm | Last updated: May 16, 2017 at 11:37 am

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയേയും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകനായ സഞ്ജയ് ശര്‍മ്മയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ലോക്‌സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും ആനുകൂല്യം പറ്റുന്നുണ്ടെന്നും അതിനാല്‍ സംസ്ഥാനത്ത് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. പൊതുതാല്‍പ്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ഉത്തര്‍പ്രദേശ് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് വിശദീകരണം തേടി.

1959ലെ അയോഗ്യതാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും അയോഗ്യരാക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഉത്തര്‍പ്രദേശ് അഡ്വക്കേറ്റ് ജനറലിന് പുറമേ കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരാകുന്ന എ.ജിയോടും കോടതി അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 24നാണ് കേസ് ഹൈക്കോടതി പരിഗണിക്കുക. ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെുപ്പ് മുന്നില്‍ കണ്ടാണ് യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും തങ്ങളുടെ പാര്‍ലമെന്റ് അംഗത്വം രാജി വെക്കാതെ തുടരുന്നത്.