Connect with us

Gulf

നിവര്‍ന്നു നില്‍ക്കാന്‍ സഹായം അഭ്യര്‍ഥിച്ച് സോമാലിയന്‍ പ്രധാനമന്ത്രി

Published

|

Last Updated

ദോഹ: തന്റെ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന നിര്‍ബന്ധിത കുടിയിറക്ക് സൃഷ്ടിക്കുന്ന അസ്ഥിരതയെയും പട്ടിണിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെയും മറി കടക്കാന്‍ സഹായിക്കണമെന്ന് സോമാലിയന്‍ മ്രര്വപധാനമന്ത്രി ഹസന്‍ അല്‍ കായ്‌രി അറബ് രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഇന്നലെ ദോഹയില്‍ തുടങ്ങിയ പതിനേഴാമത് ദോഹ ഫോറത്തിലെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍ബന്ധിത കുടിയറക്കിന്റെയും അഭയാര്‍ഥിത്വത്തിന്റെയും പ്രശ്‌നങ്ങള്‍ രാജ്യവും അയല്‍ രാജ്യങ്ങളും നേരിട്ട് അനുഭവിക്കുകയാണ്. പത്തുലക്ഷത്തിലധികം സോമാലിയക്കാര്‍ കുടിയിറക്കപ്പെട്ടു. ഇവരില്‍ ഭൂരിഭാഗം പേരും അയല്‍ രാജ്യങ്ങളില്‍ അഭയം തേടുകയാണ് ചെയ്തത്. നിരവധി അഭയാര്‍ഥികള്‍ക്ക് സോമാലിയയും അഭയം നല്‍കുന്നുണ്ട്. യമനില്‍ നിന്നാണ് കൂടുതല്‍ പേരുള്ളത്. പതുക്കെയുള്ള വികസനം, വര്‍ധിച്ചു വരുന്ന പട്ടിണി, സാക്ഷരതയുടെകുറവ്, സാമ്പത്തിക വളര്‍ച്ചാക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ സോമാലിയ അഭിമുഖീകരിക്കുന്നു. ഇവയാകട്ടെ വികസനത്തെയും യുവതലമുറയെയും വിപരീത ദിശയില്‍ ബാധിക്കുന്നു.

ഈ സാഹചര്യങ്ങള്‍ മാറ്റിയെടുക്കാനും സ്ഥിരത നേടാനുമാണ് ശ്രമിച്ചു വരുന്നത്. അതിനാണ് എല്ലാ രാജ്യങ്ങളും സഹായിക്കേണ്ടത്. സോമാലി പൗരന്‍മാര്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങളോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സോമാലിയ ഇപ്പോള്‍ തിരിച്ചു വരവിന്റെ പാതയിലാണ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മുന്‍ഗണനകള്‍ നിശ്ചയിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, സ്ഥിരതക്കായുള്ള ആവശ്യങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നു.
സോമാലിയന്‍ ജനസംഖ്യയില്‍ 70 ശതമാനവും യുവാക്കളാണ്. രാജ്യത്തിന്റെ വികനസത്തില്‍ ഏറെ പ്രയോജനകരകുന്ന യുവ വിഭവങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്നില്ലെന്നതാണ് രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി. മെച്ചപ്പെട്ട ജീവിത നിലവാരം ഒരുക്കിക്കൊടുക്കാനുംസാധിക്കുന്നില്ല. സഹോദര രാജ്യങ്ങള്‍ കൂടെ നിന്നാല്‍ സോമാലിയ ചരിത്രം തിരുത്തിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

Latest