കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ഇന്ത്യ; പാക് നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം

Posted on: May 15, 2017 3:12 pm | Last updated: May 15, 2017 at 5:47 pm

ഹേഗ്: മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക് നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വധശിക്ഷ റദ്ദാക്കണമെന്നും ഇന്ത്യ. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് പരിഗണിക്കവേയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണയെക്കുറിച്ച് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നില്ല. കേസ് പാക്കിസ്ഥാന്‍ കെട്ടിച്ചമച്ചതാണ്. നിരന്തരം ഭീഷണിപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. തികച്ചും ഏകപക്ഷീയമായ വിചാരണയാണ് നടന്നത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്ത്യക്ക് കൈമാറിയിരുന്നില്ല. കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യ പതിനാറ് തവണ ശ്രമിച്ചെങ്കിലും പാക്കിസ്ഥാന്‍ അനുവദിച്ചില്ലെന്നും ഇന്ത്യക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീസ് സാല്‍വെ കോടതിയില്‍ വ്യക്തമാക്കി.
ചാര പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് പാക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. ഈ മാസം എട്ടിന് ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിച്ച് വധശിക്ഷ നടപ്പാക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കാന്‍ പാക്കിസ്ഥാനോട് അന്താരാഷ്ട്ര കോടതി ആവശ്യപ്പെട്ടിരുന്നു.