Connect with us

National

വീരമൃത്യു വരിച്ച സൈനികന്റെ വീട്ടില്‍ യോഗി അദിത്യനാഥ് എത്തി; വി ഐ പി സൗകര്യങ്ങളൊരുക്കി അപമാനിച്ചെന്ന് കുടുംബം

Published

|

Last Updated

ലക്‌നോ: പാക്കിസ്ഥാന്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയ ബി എസ് എഫ് ജവാന്‍ പ്രേം സാഗറിന്റെ കുടുംബത്തെ വി ഐ പി സൗകര്യങ്ങളൊരുക്കി അപമാനിച്ചതായി പരാതി. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന്റെ മുന്നോടിയായായിരുന്നു ഇത്. യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജവാന്റെ വീട്ടില്‍ എ സി, സോഫ, കര്‍ട്ടനുകള്‍, കാര്‍പ്പറ്റ് എന്നിവ എത്തിക്കുകയും മുഖ്യമന്ത്രിയുടെ സന്ദര്‍ശത്തിന് പിന്നാലെ ഇത് തിരികെ കൊണ്ടുപോകുകയും ചെയ്തത് തങ്ങളെ അപമാനിച്ചതിന് തുല്ല്യമാണെന്ന് പ്രേം സാഗറിന്റെ കുടുംബം പറഞ്ഞു.

അവര്‍ എസി കൊണ്ടുവെച്ചു. ഒരു സോഫാ സെറ്റും വലിയ കാര്‍പെറ്റും വീട്ടില്‍ കൊണ്ടുവന്നു. വൈദ്യുതി ബന്ധം തടസ്സപ്പെടാതിരിക്കാന്‍ ഒരു ജനറേറ്ററും സ്ഥാപിച്ചു. പക്ഷേ, മുഖ്യമന്ത്രി തിരികെ പോയപ്പോള്‍ തന്നെ എല്ലാം അവര്‍ കൊണ്ടുപോകുകയും ചെയ്തു. ഈ നടപടി ഞങ്ങളെ അപമാനിക്കുന്നതിന് തുല്ല്യമായിരുന്നു.- വീരമൃത്യു മരിച്ച ജവാന്റെ സഹോദരന്‍ ദയാശങ്കര്‍ പറഞ്ഞു.
ഏകദേശം 25 മിനുട്ടോളമാണ് യോഗി ആദിത്യനാഥ് ജവാന്റെ വീട്ടില്‍ ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ജവാന്റെ വീട്ടിലേക്കുള്ള വഴി കോണ്‍ക്രീറ്റ് ചെയ്‌തെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു പിയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഒന്നായ ഡിയോറിയ എന്ന സ്ഥലത്താണ് ജവാന്റെ വീട്. ബി എസ് എഫില്‍ കോണ്‍സ്റ്റബിള്‍ ആയിരുന്ന പ്രേം സാഗര്‍ മെയ് ഒന്നിനാണ് കാശ്മീരിലെ പൂഞ്ചില്‍ വെച്ച് കൊല്ലപ്പെട്ടത്. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു.