ഫേസ്ബുക്ക് പോസ്റ്റ്: ആവശ്യമെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

Posted on: May 15, 2017 11:31 am | Last updated: May 15, 2017 at 2:47 pm

തിരുവനന്തപുരം: പയ്യന്നൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സാമൂഹിക മാധ്യമങ്ങളില്‍ പുറത്തുവിട്ട വീഡിയോ നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണാറായി വിജയന്‍. കുമ്മനത്തിനെതിരെ ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെ സി പി എം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു എന്ന തരത്തിലാണ് കുമ്മനം സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. എവിടെയാണ് സന്തോഷ പ്രകടനം നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പയ്യന്നൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സി പി എം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനമെന്ന് പറഞ്ഞ് കുമ്മനം ഫേസ്ബുക്കിലും ട്വിറ്ററിലും ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.