വിദേശയാത്രകളുടെ മറവില്‍ എഎപി നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് മിശ്ര

Posted on: May 14, 2017 1:37 pm | Last updated: May 15, 2017 at 10:07 am

ന്യൂഡല്‍ഹി: എഎപി നേതൃത്വത്തിനെതിരെ പുതിയ ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട കപില്‍ മിശ്ര രംഗത്ത്. വിദേശയാത്രകളുടെ മറവില്‍ എഎപി നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. മൂന്ന് വര്‍ഷമായി എഎപി നേതാക്കള്‍ ഇത് തുടരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എഎപി നേതാക്കളുടെ വിദേശയാത്ര വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മിശ്ര നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്.

കടലാസ് കമ്പനികളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് എഎപി അക്കൗണ്ടുകളില്‍ എത്തുന്നത്. 16 കടലാസ് കമ്പനികളില്‍ നിന്ന് ഇത്തരത്തില്‍ പണം വന്നിരുന്നു. മുഖ്യമന്ത്രി കെജരിവാളിന്റെ ഡല്‍ഹി ആക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ രണ്ട് കോടി രൂപ എത്തിയിരുന്നുവെന്നും മിശ്ര പറയുന്നു.

കള്ളപ്പണം വെളുപ്പിച്ചതിന് കെജരിവാളിന് എതിരെ തിങ്കളാഴ്ച സിബിഐക്ക് പരാതി നല്‍കുമെന്ന് മിശ്ര പറഞ്ഞു. കെജരിവാളിനെ കോളറില്‍ തൂക്കിയെടുത്ത് തിഹാര്‍ ജയിലിലേക്ക് ആനയിക്കുമെന്നും അദ്ദേഹം പറഞ്ഞു.