Connect with us

National

മുത്വലാഖില്‍ ഉഭയകക്ഷി സമ്മതമില്ല; വിവാഹ മോചനത്തിന്റെ ഏറ്റവും മോശമായ രൂപം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: വിവാഹ മോചനത്തിന്റെ ഏറ്റവും മോശമായ രൂപമാണ് മുത്വലാഖെന്ന് സുപ്രീം കോടതി. മുത്വലാഖ് നിയമപരമാണെന്ന് അഭിപ്രായമുണ്ടെങ്കിലും മുസ്ലിംകള്‍ക്കിടയിലെ വിവാഹമോചനത്തിനായി നിലനില്‍ക്കുന്ന ഏറ്റവും മോശമായ രീതിയാണ് ഇതെന്നും കോടതി പറഞ്ഞു. മുത്വലാഖില്‍ ഉഭയകക്ഷി സമ്മതമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് ഖേഹാര്‍ പറഞ്ഞു. എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും വ്യക്തിനിയമപ്രകാരം നിലനില്‍ക്കുന്ന ഒന്നാണ് മുത്വലാഖ്. മുത്വലാഖ് നിരോധിക്കുകയാണെങ്കില്‍ പ്രത്യാഘാതങ്ങള്‍ അപ്പോള്‍ പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുത്വലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. അതേസമയം, മുത്വലാഖ് പാപമെന്നാണ് തന്റെ അഭിപ്രായമെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് കോടതിയെ അറിയിച്ചു. പാപമായ ഒരു സമ്പ്രദായത്തെ ശരീഅത്ത് നിയമമായി കണക്കാക്കാന്‍ കഴിയുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ദൈവത്തിന്റെ കണ്ണില്‍ പാപമായിരിക്കുന്നത് നിയമമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യു യു ലളിത്, രോഹിംഗ്ടന്‍ നരിമാന്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.

Latest