വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം; ആരോപണം തെളിയിക്കാന്‍ കമ്മീഷന്റെ വെല്ലുവിളി

Posted on: May 12, 2017 2:36 pm | Last updated: May 12, 2017 at 4:30 pm

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണം തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്  രണ്ടാഴ്ച സമയം അനുവദിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. രാജ്യത്ത് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കമ്മീഷന്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പിറകേയാണ് ആരോപണമുയര്‍ന്നത്. എല്ലാ വോട്ടുകളും ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് പോകുന്ന രീതിയിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് എന്നായിരുന്നു ആരോപണം. എന്നാല്‍, വോട്ടിംഗ് യന്ത്രത്തില്‍ ഒരു തരത്തിലുള്ള തിരിമറികളും നടത്താന്‍ സാധിക്കില്ലെന്നും കഴിഞ്ഞ 20 വര്‍ഷങ്ങളായി വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും കമ്മീഷന്‍ യോഗത്തില്‍ വ്യക്തമാക്കി.