നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനുമെതിരെ അന്വേഷണം

Posted on: May 12, 2017 12:47 pm | Last updated: May 12, 2017 at 4:12 pm

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്. അന്വേഷണത്തിന് അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ആദായ നികുതി വകുപ്പാണ് അന്വേഷിക്കുക. സോണിയയും രാഹുലും അന്വേഷണം നേരിടണമെന്നും കോടതി ഉത്തരവിട്ടു. ഇവരുടെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യ കമ്പനിക്കെതിരെയാണ് കേസ്.

2012ല്‍ ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഹരജി നല്‍കിയത്. സോണിയക്കും രാഹുലിനും പുറമേ മോട്ടിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോദ, സുമന്‍ ദുബേ തുടങ്ങിയവരും പ്രതികളാണ്.

ജവഹര്‍ലാല്‍ 1937ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡില്‍ നിന്ന് യംഗ് ഇന്ത്യ കമ്പനി ഏറ്റെടുത്തിരുന്നു. ഇതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതി. സോണിയയും രാഹുലും മറ്റ് ചിലരും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂ സ്വത്തുള്ള അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ് കമ്പനിയെ യംഗ് ഇന്ത്യ എന്നൊരു കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. 1600 കോടി വിലമതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപക്കാണ് ഇവര്‍ കൈക്കലാക്കിയതെന്നും സ്വാമി ആരോപിച്ചു.