വോട്ടിംഗ് മെഷീനും അരവിന്ദ് കെജ്‌രിവാളും

ഒരു തരത്തില്‍ പറഞ്ഞാല്‍ കെജ്‌രിവാളിനെതിരായ അഴിമതി ആരോപണവും വോട്ടിംഗ് മെഷീനിലെ അട്ടിമറിയും പരസ്പരബന്ധിതമാണെന്ന് മനസ്സിലാക്കാം. കാരണം എ എ പിയെ പോലുള്ള ഒരു പാര്‍ട്ടിക്ക് വോട്ടിംഗ് മെഷീനുകളിലെ അട്ടിമറി സാധ്യതകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് നരേന്ദ്ര മോദിക്കു നന്നായി അറിയാം. അത്തരമൊരു നീക്കത്തിന് നേതൃത്വം നല്‍കുന്ന അരവിന്ദ് കെജ്‌രിവാളിനെ അഴിമതി ആരോപണത്തില്‍ തളച്ചിടുകയെന്നത് ബി ജെ പിയുടെയും സംഘ്പരിവാറിന്റെയും ആവശ്യമായി മാറുകയാണ്. അതിന് എം എല്‍ എയെന്നല്ല; ആരെയും വിലക്കെടുക്കാന്‍ അവര്‍ തയ്യാറാകും. മാത്രമല്ല, അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ജനങ്ങള്‍ക്ക് പ്രതീക്ഷയേകിയ കെജ്‌രിവാളിനെ പോലെയുള്ള ഒരാള്‍ ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ രാജിവെച്ച് പോകുമെന്നുള്ള ധാരണകളും ആരോപണം ഉന്നയിക്കുന്നതിന് പ്രേരകമായിട്ടുണ്ടാകാം.
Posted on: May 12, 2017 10:33 am | Last updated: May 12, 2017 at 10:35 am

ആം ആദ്മി പാര്‍ട്ടി എം എല്‍ എയും എന്‍ജിനീയറുമായ സൗരഭ് ഭരദ്വാജ് ഡല്‍ഹി നിയമസഭയില്‍ വോട്ടിംഗ് മെഷീനില്‍ അട്ടിമറി സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്ന അവസ്ഥയില്‍ ഇതിന് പ്രാധാന്യം ഏറെയാണ്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതു മുതല്‍ തന്നെ അതിനെതിരെ വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ വന്നിട്ടുണ്ട്. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷം അതിന് ബലംകൂടിയിരിക്കുന്നു. മായാവതിയെ പോലെയുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ വോട്ടിംഗ് മെഷീനിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു യോഗം വിളിച്ചു ചേര്‍ക്കുന്നത് തന്നെ.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലൊഴികെ ബാക്കിയിടങ്ങളിലെല്ലാം ബി ജെ പിക്ക് അനുകൂലമായ സ്ഥിതി സൃഷ്ടിക്കുന്നതില്‍ വോട്ടിംഗ് മെഷീന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ബി എസ് പിയും എ എ പിയും ആരോപിച്ചിരുന്നത്. ഇത്തരമൊരു അവസ്ഥയിലാണ് ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് എ എ പി ആവശ്യപ്പെട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത്തരമൊരു തീരുമാനത്തിന് അനുകൂലമായിരുന്നില്ല. മാത്രമല്ല, മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി വമ്പന്‍ ജയം നേടുകയും ചെയ്തു. ഇതെല്ലാം വോട്ടിംഗ് മെഷീനിലെ തിരിമറി വഴിയാണെന്ന എ എ പിയുടെ ആരോപണം സാധൂകരിക്കുന്ന രീതിയിലാണ് ഡല്‍ഹി നിയമസഭയില്‍ നടത്തിയ ‘ലൈവ് ഹാക്കിംഗ്’. എ എ പി എം എല്‍ എ ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മെഷീനല്ലെന്നും കമ്മീഷന്റെ വോട്ടിംഗ് മെഷീനില്‍ അട്ടിമറി സാധ്യമല്ലെന്നുമാണ് കമ്മീഷന്‍ ആവര്‍ത്തിക്കുന്നത്. വോട്ടിംഗ് മെഷീനില്‍ രഹസ്യ കോഡിംഗ് വഴി അട്ടിമറി സാധ്യമാണെന്നും ഇത് ആരുടെയും മുമ്പില്‍ തെളിയിക്കാന്‍ സന്നദ്ധമാണെന്നും എ എ പി എം എല്‍ എ സൗരഭ് ഭരദ്വാജ് വെല്ലുവിളിക്കുന്നുമുണ്ട്. മാത്രമവുമല്ല, ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകള്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് വിട്ടുതന്നാല്‍ ബി ജെ പിക്ക് പിന്നീടൊരിക്കലും തിരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. വോട്ടിംഗ് മെഷീനില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോഗ്രാമിംഗ് കോഡുകള്‍ അറിയുന്ന ആര്‍ക്കും വെറും 90 സെക്കന്‍ഡുകള്‍ കൊണ്ട് കൃത്രിമം നടത്താന്‍ കഴിയുമെന്നാണ് ഭരദ്വാജ് അവകാശപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഉപയോഗിച്ച മെഷീനുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കാനുള്ള മുംബൈ ഹൈക്കോടതി വിധിയും ഇതിനോട് ചേര്‍ത്ത് വായിക്കണം.

എന്നാല്‍ എ എ പി യുടെ ഈ ‘പ്രകടനത്തെ’ കഴിഞ്ഞദിവസങ്ങളില്‍ കെജ്‌രിവാളിനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങളുമായി കൂട്ടിക്കെട്ടാനാണ് ബി ജെ പി ശ്രമിക്കുന്നത്. അഴിമതി ആരോപണമുയരുന്നതിന് മുമ്പുതന്നെ ഇത്തരമൊരു ആവശ്യവുമായി രംഗത്തുള്ള പാര്‍ട്ടിയാണ് ആം ആദ്മി. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ അഴിമതി ആരോപണവും വോട്ടിംഗ് മെഷീനിലെ അട്ടിമറി ആരോപണവും പരസ്പരബന്ധിതമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. കാരണം എ എ പിയെ പോലുള്ള ഒരു പാര്‍ട്ടിക്ക് ഇ വി എമ്മു(ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍)കളിലെ അട്ടിമറി സാധ്യതകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ബി ജെ പിക്കും നരേന്ദ്ര മോദിക്കും നന്നായി അറിയാം. അത്തരമൊരു നീക്കത്തിന് നേതൃത്വം നല്‍കുന്ന അരവിന്ദ് കെജ്‌രിവാളിനെ അഴിമതി ആരോപണത്തില്‍ തളച്ചിടുകയെന്നത് ബി ജെ പിയുടെയും സംഘ്പരിവാറിന്റെയും ആവശ്യമായി മാറുകയാണ്. അതിന് എം എല്‍ എയെന്നല്ല; ആരെയും വിലക്കെടുക്കാന്‍ അവര്‍ തയ്യാറാകും. അതുമാത്രമല്ല, അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ജനങ്ങള്‍ക്ക് പ്രതീക്ഷയേകിയ കെജ്‌രിവാളിനെ പോലെയുള്ള ഒരാള്‍ ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ രാജിവെച്ച് പോകുമെന്നുള്ള ധാരണകളും ഈ സമയത്ത് ആരോപണം ഉന്നയിക്കുന്നതിന് പ്രേരകമായിട്ടുണ്ടാകാം. രാജ്യത്ത് അഴിമതി നടത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഇന്‍കം ടാക്‌സ് കമ്മീഷണറുടെ ജോലിയെല്ലാം ഉപേക്ഷിച്ച് അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കേണ്ട ആവശ്യമൊന്നും കെജ്‌രിവാളിനുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ ആരോപണം തെളിയിക്കപ്പെടേണ്ടതുണ്ട്. അതിന് ബി ജെ പിക്ക് യാതൊരു പ്രതിബദ്ധവും മുന്നിലില്ല എന്നതും വസ്തുതയാണ്. ഭരണവും അന്വേഷണ ഏജന്‍സികളുമെല്ലാം തങ്ങളുടെ കൈകളില്‍ ഭദ്രമാണല്ലോ.

ഡല്‍ഹി മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെട്ട ജലവിഭവ മന്ത്രി കപില്‍ മിശ്രയാണ് കെജ്‌രിവാളിനും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ ആരോപണവുമായി രംഗത്ത് വന്നത്. രണ്ടു കോടി രൂപ കൈക്കൂലി വാങ്ങുന്നത് നേരിട്ട് കണ്ടുവെന്നാണ് കപില്‍ മിശ്രയുടെ വാദം. മിശ്രയെ സാക്ഷിനിര്‍ത്തി അഴിമതി നടത്താന്‍ മാത്രം വിഡ്ഢിയാണോ കെജ്‌രിവാള്‍ എന്ന ചോദ്യം പ്രസക്തമാണ്. അതുപോലെ തന്നെ അദ്ദേഹത്തെ മന്ത്രിസ്ഥാത്തുനിന്ന് പുറത്താക്കിയ ശേഷമാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തു വന്നത് എന്നതും ശ്രദ്ധേയമാണ്. കെജ്‌രിവാളെന്നല്ല ആര് അഴിമതി നടത്തിയാലും ശിക്ഷിക്കപ്പെടണം. അതില്‍ തര്‍ക്കമില്ല. എന്നാല്‍ രാജ്യത്തെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുന്ന രീതിയില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടക്കുന്നുെണ്ടങ്കില്‍ അത് തടയുകയും വേണം. അഴിമതിയാരോപണവും വോട്ടിംഗ് മെഷീനും രണ്ടായി തന്നെ കാണണം.

ഒരു കാര്യം വളരെ വ്യക്തമാണ്. വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം സാധ്യമാണെന്നാണ് ഇതുവരെയായി നടന്ന പല സംഭവങ്ങളും തെളിയിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള വോട്ടിംഗ് മെഷീനില്‍ വോട്ടുകളെല്ലാം ബി ജെ പിക്ക് ലഭിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരം നിരവധി സംഭവങ്ങള്‍ വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യത തെളിയിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മെഷീനില്‍ അട്ടിമറി സാധ്യമല്ലെന്ന് പറയുകയല്ലാതെ ഇതുവരെ വോട്ടിംഗ് മെഷീന്‍ അത്തരമൊരു പരീക്ഷണത്തിനായി ആര്‍ക്കെങ്കിലും കൈമാറുകയോ ഏതെങ്കിലും വിദഗ്ധ സമിതിക്ക് മുമ്പില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തില്‍ ശ്രമം നടത്തിയ ശാസ്ത്രജ്ഞനെ മുംബൈ കലക്ടറേറ്റില്‍നിന്ന് വോട്ടിംഗ് മെഷീന്‍ മോഷ്ടിച്ചുവെന്ന പരാതിയിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടത്. ഇ വി എമ്മുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുള്ള വിശ്വാസ്യത നല്ലതുതന്നെ. പക്ഷേ, ഏതെങ്കിലും തരത്തില്‍ അട്ടിമറി സാധ്യമാണെങ്കില്‍ അത് ലോകത്തെ ഏറ്റവും വലിയ ജനാധ്യപത്യ രാഷ്ട്രത്തിലെ ജനവിധികള്‍ ചോദ്യം ചെയ്യുന്നതാണെന്നതില്‍ തര്‍ക്കമില്ല. ലോകത്ത് ഇതുവരെ ഒരു സാങ്കേതികവിദ്യയും അട്ടിമറിക്കപ്പെടാതെ പോയിട്ടില്ല. പിന്നെ എന്ത് പ്രത്യേകതയാണ് കമ്മീഷന്റെ യന്ത്രങ്ങള്‍ക്ക് മാത്രമായിട്ടുള്ളത്. ആപ്പിളിന്റെ ഐ ഫോണ്‍ പോലെ സുരക്ഷയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള പല ഉത്പന്നങ്ങളുടെയും വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നത് നമ്മുടെ കൊച്ചു കേരളത്തിലെ വിദഗ്ധരാണ്. സാങ്കേതികവിദ്യയില്‍ കൃത്രിമത്വം നടത്താന്‍ കഴിയുമെന്നതിന് ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ കമ്മീഷന്‍ വോട്ടിംഗ് മെഷീനില്‍ അന്ധമായി വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്.
ഇവിടെ ഒരു പ്രധാന പ്രശ്‌നമുള്ളത് രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങളില്‍ വലിയ താത്പര്യം കാണിക്കുന്നില്ലെന്നത് തന്നെയാണ്. മായാവതിയോ അല്ലെങ്കില്‍ കെജ്‌രിവാളോ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനെങ്കിലും കോണ്‍ഗ്രസ് മുതിരേണ്ടതുണ്ട്. കോണ്‍ഗ്രസായിരുന്നു ഇത്തരം കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെങ്കില്‍ വോട്ടിംഗ് മെഷീനുകള്‍ പരിശോധിക്കപ്പെടേണ്ട രീതിയിലേക്ക് കമ്മീഷനെ പെട്ടെന്ന് എത്തിക്കാമായിരുന്നു. വോട്ടിംഗ് മെഷീന്‍ 72 മണിക്കൂര്‍ നല്‍കുകയാണെങ്കില്‍ എങ്ങനെ അട്ടിമറി നടത്താമെന്ന് കാണിച്ചുതരാമെന്ന് കെജ്‌രിവാള്‍ വെല്ലുവിളിച്ചിരുന്നതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അട്ടിമറി അസാധ്യമാണെന്ന നിലപാടില്‍ തന്നെയായിരുന്നു. ഒരുതവണ എങ്ങനെ അട്ടിമറി നടത്താമെന്ന് തെളിയിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവിടെനിന്നും മലക്കംമറിഞ്ഞാണ് സര്‍വകക്ഷി യോഗം എന്ന നിലയിലേക്ക് കമ്മീഷന്‍ മാറിയത്.

ഏതായാലും ഇന്ന് നടക്കുന്ന സര്‍വകക്ഷി യോഗത്തിലുണ്ടാകേണ്ടത് വോട്ടിംഗ് മെഷീനുകള്‍ പരിശോധിക്കുക എന്ന തീരുമാനമായിരിക്കണം. കാരണം അട്ടിമറി ആരോപണം ഉന്നയിക്കുക മാത്രമല്ല ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ തെളിയിക്കുക കൂടി ചെയ്തിരിക്കുകയാണ്. വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി സാധ്യമല്ലെന്ന് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കമ്മീഷനുണ്ട്. ആ നിലക്കുള്ള ഒരു തീരുമാനമാണ് കമ്മീഷനില്‍നിന്നുണ്ടാകേണ്ടത്. നേരെ മറിച്ച് ഇത്തരം ആരോപണങ്ങളെ അഴിമതിയുമായി കൂട്ടിക്കെട്ടാനുള്ള ബി ജെ പിയെ പോലുള്ളവരുടെ ശ്രമങ്ങള്‍ക്ക് താങ്ങ് നില്‍ക്കുന്നതാകരുത്. രാജ്യത്തിനകത്തെ വിദഗ്ധരെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു സമിതിയെ ഈ രീതിയിലുള്ള അന്വേഷണങ്ങള്‍ക്ക് നിയോഗിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് മെഷീനുകള്‍ പ്രോഗ്രാം ചെയ്തിരിക്കുന്ന സോഴ്‌സ് കോഡുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നത് മാത്രമാണ്. ഇത്തരത്തിലുള്ള ഒരു ഭയമാകാം കമ്മീഷനെ പരീക്ഷണങ്ങള്‍ക്കായി മെഷീനുകള്‍ കൈമാറുന്നതില്‍നിന്ന് തടയുന്നത്. എന്നാല്‍ ഇതിനേക്കാളേറെ സംരക്ഷിക്കപ്പെടേണ്ടത് അറുനൂറ് കോടിയിലേറെ ജനസംഖ്യയുള്ള രാജ്യത്തിന്റെ ജനഹിതം തന്നെയാണ്. അതിന് വോട്ടിംഗ് മെഷീന്‍ ഒരു പ്രതിബദ്ധമാണെങ്കില്‍ ബാലറ്റ് പേപ്പറിലേക്ക് തന്നെ മടങ്ങേണ്ടതുണ്ട്.