വിശുദ്ധ ഭൂമിയില്‍ മലയാളി ഹാജിമാര്‍ക്ക് പ്രത്യേക കെട്ടിടം അനുവദിക്കണം: കേരളം

Posted on: May 12, 2017 10:18 am | Last updated: May 11, 2017 at 11:54 pm

കൊണ്ടോട്ടി: കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്ക് മക്ക, മദീന എന്നീ വിശുദ്ധ ഭൂമിയില്‍ താമസത്തിന് പ്രത്യേക കെട്ടിടം അനുവദിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിന്ന് ഈ വര്‍ഷം 11, 197 പേരാണ് ഹജ്ജ് കര്‍മത്തിന് അവസരം ലഭിച്ചത്.

എല്ലാ ഹാജിമാര്‍ക്കും ഒരേ കെട്ടിടം ലഭിക്കുന്നത് ആശയ വിനിമയം, ഭക്ഷണം, കര്‍മശാസ്ത്ര പരമായ കാര്യങ്ങളില്‍ സംശയ നിവാരണം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ ആശ്വാസകരമായിരിക്കും.
അസീസിയയില്‍ നിന്ന് ഹറമിലേക്ക് ദുല്‍ഹജ്ജ് ഏഴ് വരെ ബസ് സര്‍വീസ് നടത്തണമെന്നും മിനയില്‍ ഹാജിമാര്‍ക്ക് കൃത്യമായി സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നമെന്നും കേരളം ആവശ്യപ്പെട്ടു.
വിശുദ്ധ ഭൂമിയിലെ ഹജ്ജ് മിഷന്‍ ഓഫീസിലും മെഡിക്കല്‍ വിഭാഗത്തിലും മലയാളി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ജിദ്ദ, മക്ക മദീന, മദീന എയര്‍പോര്‍ട്ട് യാത്രകള്‍ക്ക് ഹൈടെക് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തണമെന്നും വിശുദ്ധ ഭൂമിയിലെ എല്ലാ ഡിസ്‌പെന്‍സറികളിലും ലാബ് സൗകര്യം ഒരുക്കണമെന്നും പുറമെ ഹജ്ജ് ക്വാട്ട അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കുക, കേരളത്തില്‍ നിന്നള്ള ഹാജിമാരില്‍ 82 ശതമാനം പേരും മലബാര്‍ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ കരിപ്പൂരിനു തന്നെ തിരിച്ചു നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചു.

കേരളത്തില്‍ നിന്ന് ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അസിസ്റ്റന്റ് സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു. ഈ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ഹജ്ജ് കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മഹബൂബ് അലി ഖൈസര്‍ എം പി എന്നിവര്‍ക്ക് നിവേദനവും നല്‍കി.
ഇന്നലെ ഡല്‍ഹിയില്‍ ചോര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ കേന്ദ്ര ഹജ്ജ് കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അധ്യക്ഷത വഹിച്ചു.
ജിദ്ദ കോണ്‍സുലേറ്റ് ജനറല്‍ നൂര്‍ മുഹമ്മദ്, വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ സംബന്ധിച്ചു. ചെയര്‍മാന്‍ മഹബൂബ് അലി ഖൈസര്‍ എം പി സ്വാഗതം പറഞ്ഞു.