130 കോടി ദിര്‍ഹം ചെലവ്; ജബല്‍ അലി മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ശേഷി കൂട്ടുന്നു

Posted on: May 11, 2017 7:55 pm | Last updated: May 11, 2017 at 7:16 pm

ദുബൈ: ജബല്‍ അലിയില്‍ ദുബൈ നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ രണ്ടാംഘട്ട വികസനം 17 ശതമാനം പൂര്‍ത്തിയായി. 130 കോടി ദിര്‍ഹം ചെലവിലാണ് രണ്ടാംഘട്ട പദ്ധതിയില്‍ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നത്. പ്രതിദിനം മൂന്നേമുക്കാല്‍ ലക്ഷം ക്യുബിക് മീറ്റര്‍ മാലിന്യം സംസ്‌കരിക്കുന്നത് ആറേ മുക്കാല്‍ ലക്ഷം ക്യുബിക് മീറ്ററാക്കി ഉയര്‍ത്തുന്നതിനാണ് പ്ലാന്റ് വികസിപ്പിക്കുന്നതെന്ന് നഗരസഭാ സീവേജ് ആന്‍ഡ് ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ എന്‍ജി. മുഹമ്മദ് അഹ്മദ് അല്‍ റഈസ് പറഞ്ഞു.

ആറ് ഘട്ടങ്ങളിലായാണ് പ്രവൃത്തികള്‍ നടക്കുന്നത്. ദ്രവ്യ, ഖര മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി വെവ്വെറെ സംവിധാനങ്ങളാണ് പ്ലാന്റിലുണ്ടാവുക. പ്ലാന്റില്‍ നിന്ന് സംസ്‌കരിക്കുന്ന വെള്ളം ദുബൈയിലെ പബ്ലിക് പാര്‍കുകളിലെ ചെടികളും മരങ്ങളും നനക്കുന്നതിനും വ്യക്തികളുടെ ഫാമുകളിലേക്കും പമ്പ് ചെയ്യും. കൂടാതെ സംസ്‌കരിക്കുന്ന വെള്ളം ചൂട് കൂടുന്ന സമയങ്ങളിലും പൊടിക്കാറ്റ് സമയങ്ങളിലും റോഡുകളില്‍ ഉപയോഗപ്പെടുത്തുമെന്നും അല്‍ റഈസ് പറഞ്ഞു.
അഗ്നിശമന സേനയുടെ ഉപയോഗത്തിനും പ്ലാന്റില്‍ നിന്ന് വെള്ളം നല്‍കും. ചൂട് ശക്തമാവുന്ന കാലമായതോടെ ഫയര്‍ സ്റ്റേഷനുകള്‍ക്ക് ജലമെത്തിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍ എന്‍ജിനീയര്‍മാര്‍, ടെക്‌നീഷ്യന്മാര്‍, തൊഴിലാളികള്‍ തുടങ്ങി ആയിരത്തിലധികം ജീവനക്കാരണ് പങ്കുവഹിക്കുന്നത്.