എസ്ബിഐ നടപടി ജനദ്രോഹപരമെന്ന് ഡിവൈഎഫ്‌ഐ

Posted on: May 11, 2017 4:15 pm | Last updated: May 11, 2017 at 4:44 pm

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നതിന് ഉള്‍പ്പടെ നിരക്ക് വര്‍ദ്ധിപ്പിച്ച എസ്ബിഐ നടപടി ജനദ്രോഹപരമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമുള്ള എസ്ബിഐയുടെ പ്രധാന ശാഖയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് മുഹമ്മദ് റിയാസ് അറിയിച്ചു.
എസ്ബിയുടെ നടപടി തികച്ചും അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റിയും പ്രസ്താവനയില്‍ വ്യക്തമാക്കി. പൊതുമേഖലയില്‍ നിലകൊള്ളുന്ന ബാങ്ക് സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ മറന്നിരിക്കുകയാണ്. എടിഎം ഉപയോഗത്തിന് ചാര്‍ജ് എന്ന പുതിയ തീരുമാനവും മിനിമം ബാലന്‍സുകള്‍ നിലനിര്‍ത്തണമെന്ന നിര്‍ദേശവും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തി.

ദരിദ്ര ജനവിഭാഗങ്ങളാണ് കൂടുതലും എസ്ബിഐയുമായി ഇടപെടുന്നത്. നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച നോട്ടു പിന്‍വലിക്കല്‍ തീരുമാനത്തിന് ശേഷം രാജ്യത്ത് സമ്ബദ്വ്യവസ്ഥയും കാര്‍ഷിക രംഗവും വ്യവസായ രംഗത്തിലും വന്‍ ഇടിവുണ്ടായി. ഇവയ്‌ക്കൊപ്പം ഉയര്‍ന്ന പിഴകള്‍ നടപ്പാക്കാനുള്ള സ്‌റ്റേറ്റ് ബാങ്കിന്റെ നിര്‍ദ്ദേശം അധ്വാനിക്കുന്ന വിഭാഗങ്ങള്‍ക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.