പത്ത് എടിഎം ഇടപാടുകള്‍ സൗജന്യമാക്കി എസ്ബിഐ

Posted on: May 11, 2017 7:00 pm | Last updated: May 12, 2017 at 12:10 pm

മുംബൈ: സാധാരണ സേവിംഗ്‌സ് ബാങ്ക് ഉപയോക്താക്കള്‍ക്ക് മാസത്തില്‍ പത്ത് എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്ന് എസ്ബിഐ. എന്നാല്‍ മെട്രോ സിറ്റികളില്‍ എട്ട് ഇടപാടുകളാകും സൗജന്യം. മെട്രോ നഗരങ്ങള്‍ ഇല്ലാത്തതിനാല്‍ കേരളം മുഴുവന്‍ പത്ത് ഇടപാടുകള്‍ സൗജന്യമായി ലഭ്യമാകും.

പത്ത് സൗജന്യ ഇടപാടുകളില്‍ അഞ്ചെണ്ണം എസ്ബിഐയിലും അഞ്ചെണ്ണം എസ്ബിഐ ഇതര എടിഎമ്മുകളിലുമാകും ഉപയോഗിക്കാനാവുക. ഇതിനുശേഷമുള്ള ഇടപാടുകള്‍ക്ക് പണം ഈടാക്കും. മെട്രോ നഗരങ്ങളില്‍ അഞ്ച് എസ്ബിഐ എടിഎം ഇടപാടുകളും മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ മൂന്ന് ഇടപാടുകളുമാകും സൗജന്യം.

ഇത് സംബന്ധിച്ച് ഇന്ന് മൂന്നാംതവണയാണ് എസ്ബിഐ വിശദീകരണം നല്‍കുന്നത്.

.അടുത്ത മാസം(ജൂണ്‍) ഒന്നു മുതല്‍ സൗജന്യ എടിഎം സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു എന്ന് നേരത്തേ പുറത്തുവന്ന സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഓരോ ഇടപാടിനും 25 രൂപ വീതം ചാര്‍ജ് ഈടാക്കാനായിരുന്നു തീരുമാനം.

ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. എസ്ബിഐയുടേത് ഭ്രാന്തന്‍ നടപടിയാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ഡിവൈഎഫ്‌ഐയും ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ സമരം നടത്തുന്നുണ്ട്.