Connect with us

National

മുത്തലാഖ് മൗലികാവകാശത്തിന്റെ ഭാഗമാണെങ്കില്‍ കേസില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി വാദം തുടങ്ങി. കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആറ് ദിവസത്തെ വാദത്തിനാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ഇന്ന് തുടക്കം കുറിച്ചത്.

മുത്തലാഖ് മൗലികാവകാശത്തിന്റെ ഭാഗമാണെങ്കില്‍ കേസില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മൂന്ന് ദിവസം മുത്തലാഖിനെ എതിര്‍ക്കുന്നവര്‍ക്കും മുന്ന് ദിവസം മുത്തലാഖിനെ അനുകൂലിക്കുന്നവര്‍ക്കും തങ്ങളുടെ വാദം അവതരിപ്പിക്കാം. തുടര്‍ന്നുള്ള വാദങ്ങളില്‍ മുന്‍പ് ഉന്നയിച്ച വാദങ്ങളൊന്നും ഉന്നയിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മുത്തലാഖ് മതപരമായ ചടങ്ങോ മൗലികാവകാശത്തിന്റെ ഭാഗമോ ആണോയെന്ന് പരിശോധിക്കും. മതപരമായ ചടങ്ങാണെന്ന് ബോധ്യപ്പെട്ടാല്‍ വിഷയത്തില്‍ ഇടപെടില്ല. ബഹുഭാര്യത്വ വിഷയത്തില്‍ തല്‍കാലം ഇടപെടില്ലെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യുയു ലളിത്, രോഹിങ്ടണ്‍ നരിമാന്‍, അബ്ദുള്‍ നസീര്‍ എന്നിവരാണുള്ളത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ കേസില്‍ വാദം കേട്ട് വിധി പറയാനാണ് കോടതിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ ആറുദിവസം കേസില്‍ വാദം നടക്കും.

മുത്തലാഖ് ഉള്‍പെടെയുള്ള ആചാരങ്ങള്‍ നിരോധിക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് ഹാജരാകുന്നത്.

Latest