പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം:പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Posted on: May 11, 2017 12:04 pm | Last updated: May 11, 2017 at 1:35 pm

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പകര്‍ച്ചപനിയും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വേണ്ടത്ര പ്രതിരോധ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ ആരോപിച്ചു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് ഏഴു ലക്ഷം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 32 എച്ച്1എന്‍1 ബാധിച്ചവരടക്കം 62 പേര്‍ മരിച്ചതായും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തീരദേശത്ത് അടക്കം പകര്‍ച്ചവ്യാധി വ്യാപിക്കുകയാണ്.

മാലിന്യ സംസ്‌കരണത്തിലുണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ചയുണ്ടായെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞ ജനുവരി മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു. ഗുരുതരമായ സ്ഥിതിയാണുള്ളത്. കാലാവസ്ഥ വ്യതിയാനമാണ് പനി പടര്‍ന്നു പിടിക്കാന്‍ കാരണം. ഏതു സാഹചര്യത്തെ നേരിടാനായി ആവശ്യമായ മരുന്നുകള്‍ സംഭരിച്ചിട്ടുണ്ടെന്നും ആരോഗ്യ സഭയില്‍ വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.