Connect with us

Editorial

ഫ്രഞ്ച് മധുരം, കയ്പ്പും

Published

|

Last Updated

ജനാധിപത്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന ജനവിധിയാണ് ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ മുതലാളിത്ത, ഉദാരവത്കൃത സാമ്പത്തിക ക്രമത്തെ നിശിതമായി വിമര്‍ശിക്കുകയും ലോകത്തെ നയിക്കേണ്ടത് ഈ സാമ്പത്തിക നയമല്ലെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നവരെ നിരാശരാക്കുന്നതുമാണ് ഈ ജനവിധി. ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിച്ച് തീവ്രവലതുപക്ഷ യുക്തികളിലേക്ക് മനുഷ്യരെ വൈകാരികമായി ഇളക്കി വിടുന്ന കുടില കൗശലത്തിന്റെ വക്താവായ മാരിനെ ലീ പെന്നും ഉദാരവത്കരണ നയത്തിന്റെ വക്താവായ മുന്‍ ബേങ്കര്‍ ഇമ്മാനുവേല്‍ മാക്രോണും തമ്മിലായിരുന്നു അന്തിമ ഘട്ടത്തില്‍ പോര്. ഒന്നുകില്‍, ആര്‍ എസ് എസ് മാതൃകയില്‍ മുസ്‌ലിം വിരുദ്ധതയും കുടിയേറ്റ വിരുദ്ധതയും തീവ്രദേശീയതയും പ്രസരിപ്പിക്കുകയും വര്‍ഗീയ വിഷം ചീറ്റുകയും ചെയ്യുന്ന മാരിനെ ലീ പെന്നിനെ തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ തൊഴിലാളിവിരുദ്ധ നയങ്ങളുടെ വക്താവായ മാക്രോണിനെ പുണരണം. പ്രാതിനിധ്യ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ സാധ്യതകള്‍ പരിമിതപ്പെടുന്ന അവസ്ഥയുടെ ഉത്തമ നിദര്‍ശനമാണ് ഇത്. ഈ വഴിത്തിരിവില്‍ ഫ്രഞ്ച് ജനത ആരെ തിരഞ്ഞെടുക്കുമെന്നത് ലോകത്തിന്റെ വലിയ ആകാംക്ഷയായിരുന്നു. ഒന്നാം ഘട്ടത്തില്‍ പിന്തള്ളപ്പെട്ട പ്രമുഖ വലതുപക്ഷ, സോഷ്യലിസ്റ്റ് കക്ഷികളെല്ലാം മാരിനെ ലീ പെന്നിനെതിരെ ഒറ്റക്കെട്ടായി നിലപാടെടുക്കുകയും മാക്രോണിനെ പിന്തുണക്കുകയും ചെയ്തിട്ടും ആകാംക്ഷക്ക് ശമനമുണ്ടായിരുന്നില്ല.
കാരണം, ലോകത്തിന്റെ സമീപകാല അനുഭവമതാണല്ലോ. അമേരിക്കയില്‍ എല്ലാ സൂചകങ്ങളും ഹിലാരി ക്ലിന്റണ് അനുകൂലമായിരുന്നു. മാധ്യമ പിന്തുണയും അവര്‍ക്കായിരുന്നു. എന്നാല്‍ മനുഷ്യത്വവിരുദ്ധ ആക്രോശങ്ങള്‍ കൊണ്ട് രാഷ്ട്രീയാന്തരീക്ഷത്തെ മലിനമാക്കിയ ഡൊണാള്‍ഡ് ട്രംപ് ആണ് അവിടെ ജയിച്ചു കയറിയത്. ബ്രിട്ടനില്‍ ബ്രക്‌സിറ്റ് ഹിതപരിശോധനയില്‍ യെസ് പക്ഷമാണ് ജയിച്ചത്. ഇന്ത്യയില്‍ നോട്ട് നിരോധനം പോലെ അങ്ങേയറ്റം ജനവിരുദ്ധമായ എടുത്തുചാട്ടത്തിന് ശേഷവും ആര്‍ എസ് എസിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പി വിജയങ്ങള്‍ ആവര്‍ത്തിച്ചു. ഈ ഉദാഹരണങ്ങളിലെല്ലാം പുതിയ സാമ്പത്തിക നയം ഉത്പാദിപ്പിച്ച അരക്ഷിതാവസ്ഥയും അസമത്വവും അരാജകത്വവും മനുഷ്യരെ തീവ്രവലതുപക്ഷ യുക്തികളിലേക്ക് അടുപ്പിക്കുകയാണ് ചെയ്തതെന്ന് കാണാം. ജനകീയ പ്രശ്‌നങ്ങള്‍ പിന്നോട്ട് പോകുകയും ഹൈ വോള്‍ട്ടേജ് വിദ്വേഷ രാഷ്ട്രീയം മേല്‍ക്കൈ നേടുകയും ചെയ്തു. അവസാന നിമിഷം പൊട്ടിവീഴുന്ന പ്രചാരണ വിഷയങ്ങളില്‍ പിടിച്ച് അവര്‍ അധികാരത്തിന്റെ ഉത്തുംഗങ്ങളിലേക്ക് കയറി. ഫ്രാന്‍സിലും ഇത് സംഭവിക്കുമോ എന്ന് ലോകം ഭയപ്പെട്ടിരുന്നു. മാക്രോണിന്റെ ഇ മെയില്‍ ചോര്‍ന്നുവെന്ന വിവാദം അവസാന നിമിഷം ഈ ഭീതി ഇരട്ടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഫ്രഞ്ച് ജനത അവരുടെ ഉത്തരവാദിത്വം നിറവേറ്റി. അത്യന്തം അപകടകാരിയായ തീവ്രവലതുപക്ഷത്തിന്റെ മുഖമടച്ച് പ്രഹരിച്ചു. 65 ശതമാനം വോട്ടാണ് മാക്രോണ്‍ നേടിയത്. മാരിനെ 35ല്‍ ഒതുങ്ങി.
രാഷ്ട്രീയത്തില്‍ തികച്ചും പുതുമുഖവും ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായ മാക്രോണിനെതിരെ എന്തെല്ലാം വിമര്‍ശങ്ങള്‍ ഉണ്ടെങ്കിലും യുവത്വത്തിന്റെ ചുറുചുറുക്കും ആശയങ്ങളിലെ സുതാര്യതയും കൈമുതലാക്കി ശിഥിലീകരണ രാഷ്ട്രീയത്തിന് തടയിടാന്‍ സാധിച്ചുവെന്ന വസ്തുത അദ്ദേഹത്തെ ഇതിഹാസമാക്കിയിരിക്കുന്നു. മാരിനെ ലീ പെന്‍ കുടിയേറ്റക്കാരെ ആട്ടിയോടിക്കണമെന്ന് ആക്രോശിച്ചപ്പോള്‍ അവര്‍ രാജ്യത്തിന്റെ ശക്തിയാണെന്ന് വാദിച്ചു മാക്രോണ്‍. ഇസില്‍ തീവ്രവാദി ആക്രമണത്തെ മുന്‍ നിര്‍ത്തി മുസ്‌ലിംകളെയാകെ സംശയത്തിന്റെ ഇരുട്ടില്‍ നിര്‍ത്താന്‍ ലി പെന്നിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിച്ചപ്പോള്‍ തീവ്രവാദവും മതവും രണ്ടാണെന്ന് കൃത്യമായി പറഞ്ഞു മാക്രോണിന്റെ ഒരു വര്‍ഷം മാത്രം പ്രായമായ എന്‍ മാര്‍ഷെ പാര്‍ട്ടി. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഫ്രാന്‍സ് വിട്ടുപോരണമെന്ന അതിദേശീയ വാദമാണ് ലീ പെന്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഫ്രക്‌സിറ്റ് അപകടമാണെന്ന ഐക്യസന്ദേശം നല്‍കി മാക്രോണ്‍. ചരിത്രത്തിലാദ്യമായി പരമ്പരാഗത വലതുപക്ഷത്തെയും സോഷ്യലിസ്റ്റുകളെയും അവസാന റൗണ്ടിലേക്ക് കടക്കാന്‍ അനുവദിക്കാത്ത ഫ്രഞ്ച് തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ഇത് പരമ്പരാഗത പാര്‍ട്ടികളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. എന്നാല്‍ ഈ പാര്‍ട്ടികള്‍ രണ്ടാം ഘട്ടത്തില്‍ ഒരു വിശാല സഖ്യം രൂപപ്പെടുത്തുകയും മാക്രോണിനെ പിന്തുണക്കുകയും ചെയ്തത് വലിയ മാതൃകയായി. ഇന്ത്യയിലടക്കം വര്‍ഗീയ ശക്തികള്‍ക്കെതിരെ രൂപപ്പെടേണ്ട യഥാര്‍ഥ രാഷ്ട്രീയ ഐക്യത്തെ അടയാളപ്പെടുത്തുന്നുണ്ട് ഇത്.
വിദ്വേഷ രാഷ്ട്രീയത്തെ തോല്‍പ്പിച്ചു എന്നത് കൊണ്ട് ഫ്രഞ്ച് ജനതയുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. ഫ്രാങ്ക്‌സ് ഹോളണ്ടെയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മാക്രോണ്‍ എങ്ങനെയാണ് രാജിവെച്ചൊഴിയേണ്ടി വന്നതെന്ന് ജനം മറക്കാന്‍ പാടില്ല. ഫ്രഞ്ച് വിപ്ലവത്തിലൂടെ സാധ്യമായ തൊഴില്‍ നിയമങ്ങള്‍ പലതും റദ്ദാക്കി കോര്‍പറേറ്റുകള്‍ക്ക് സുഗമപാതയൊരുക്കുന്ന നയങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ജനം തെരുവിലിറങ്ങുകയായിരുന്നു. അന്ന് ഇറക്കി വിട്ടയാളാണ് ഇപ്പോള്‍ പ്രസിഡന്റായിരിക്കുന്നത്. ജനകീയ പ്രതിരോധം അണയാന്‍ പാടില്ല. വരാനിരിക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കൂടി തീവ്രവലതു പക്ഷത്തെ പിടിച്ചു കെട്ടുകയും വേണം. അപ്പോള്‍ രാഷ്ട്രീയ ജാഗ്രതക്ക് തുടര്‍ച്ച അനിവാര്യമാണെന്ന സന്ദേശം കൂടി ഫ്രാന്‍സ് ലോകത്തിന് നല്‍കും.

Latest