Connect with us

Kerala

വിദ്യാര്‍ഥി സമരം രാഷ്ട്രീയ പ്രേരിതം

Published

|

Last Updated

കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സുകള്‍ നടത്തി വഞ്ചിച്ചു എന്നാരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ മര്‍കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിക്കെതിരെ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമെന്ന് കൂടുതല്‍ വ്യക്തമാകുന്നു. സമരത്തിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥി സംഘടനയുടെ മാതൃഘടകത്തിലെ ഉന്നതരുടെ മാനേജ്മെന്റിന് കീഴില്‍ സമാനമായ കോഴ്സുകള്‍ നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ യാതൊരു വിധ ആരോപണവും ഉന്നയിക്കാത്തവരാണ് കോഴ്സിന്റെ യോഗ്യതയെ ചൊല്ലി മര്‍കസിന് മുന്നില്‍ മാത്രം സമരം നടത്തുന്നത്. ഇന്നലെ സമര വേദിയില്‍ വിവിധ നേതാക്കള്‍ നടത്തിയ പ്രസംഗത്തില്‍ ഉടനീളം വിദ്യാര്‍ഥികളുടെ ആവശ്യങ്ങളല്ല മറിച്ചു കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ സുന്നികള്‍ക്കെതിരെ ഒരു വിഭാഗം രാഷ്ട്രീയ സംഘടനകള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നത് സമരത്തിന്റെ താത്പര്യം തന്നെ മറ്റൊന്നാണ് എന്ന കാര്യം വ്യക്തമാക്കുന്നതായി.
പോളിടെക്നിക്കിലോ എന്‍ജിനീയറിംഗ് കോളജിലോ ഔപചാരിക വിദ്യാഭ്യാസം നടത്താന്‍ യോഗ്യതയോ അവസരമോ ലഭിക്കാതെ പോയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിവിധ എന്‍ജിനീയറിംഗ് ട്രേഡുകളില്‍ തൊഴില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോഴ്സില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ഔപചാരിക പോളിടെക്‌നിക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല എന്ന വിചിത്രവാദമാണ് മര്‍കസ് ഐ ടി ഐ ക്ക് മുന്നില്‍ സമരം നടത്തുന്ന സംഘടനകള്‍ തുടക്കത്തില്‍ ഉയര്‍ത്തിയത്. കോഴ്സിന്റെ ലക്ഷ്യം തന്നെ ഔപചാരിക പഠനം നടത്താന്‍ അവസരം ലഭിക്കാത്തവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക ആണെന്നിരിക്കെ പോളിടെക്‌നിക് കോഴ്സുകള്‍ക്ക് തുല്യമായ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയില്ല എന്ന വാദം തന്നെ ബാലിശമാണ്.

ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സിവില്‍ എന്‍ജിനീയേഴ്സ് ഇന്ത്യ എന്ന സൊസൈറ്റിയുമായി സഹകരിച്ച് സിവില്‍ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ എന്നീ കോഴ്സുകളും ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഓട്ടോ മൊബൈല്‍ എന്‍ജിനീയേഴ്സ് ഇന്ത്യയുമായി സഹകരിച്ച് ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗിലുമുള്ള ത്രിവത്സര കോഴ്‌സാണ് മര്‍കസ് ഐ ടി സി ക്യാമ്പസില്‍ ആരംഭിച്ചത്. മുസ്‌ലിം ലീഗുകാര്‍ നടത്തുന്ന ചേറൂര്‍ മലബാര്‍ ഐ ടി ഐ, സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളേജ് തിരൂര്‍, ജമാഅത്തെ ഇസ്ലാമിക്കാക്കാരായവരുടെ മാനേജ്മെന്റിന് കീഴില്‍ നടത്തുന്ന ഹമദ് ഇന്‍സ്റ്റിറ്റിയൂട്ട് തിരൂര്‍ക്കാട്, എന്നിവയുള്‍പ്പെടെ കേരളത്തിലെ തന്നെ മറ്റ് ഏഴ് സ്ഥലങ്ങളില്‍ ഇതേ സമയത്ത് ഇതേ കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ചേറൂര്‍ ഐ ടി ഐയിലെ പ്രസ്തുത കോഴ്സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത് തന്നെ സാദിഖ് അലി ശിഹാബ് തങ്ങളും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുര്‍റബ്ബും ചേര്‍ന്നായിരുന്നു. മുഴുവന്‍ സ്ഥാപനങ്ങളിലും കോഴ്സ് നടത്തിയത് ഒരേ ഏജന്‍സിയായിരുന്നു.

അതേസമയം ഇതേ കോഴ്‌സുകള്‍ മറ്റ് സ്ഥാപനങ്ങളില്‍ ചെയ്ത വിദ്യാര്‍ഥികളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ജോലി നേടുകയും വിവിധ എന്‍ജിനീയറിംഗ് പഠന വിഭാഗങ്ങളില്‍ തുടര്‍ പഠനം നടത്തുകയും ചെയ്തത് മര്‍കസിനോട് അനുബന്ധിച്ചു ആരംഭിച്ച സ്ഥാപനത്തില്‍ നിന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കിയവരാണ് എന്ന് കോഴ്സിന്റെ നടത്തിപ്പുകാര്‍ തന്നെ സമ്മതിക്കുന്നു. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കിയ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് വിദേശത്തും സ്വദേശത്തുമായി പ്‌ളേസ്‌മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് ചിലര്‍ വിവിധ സ്ഥാപങ്ങളില്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉപരിപഠനം നടത്തുന്നുമുണ്ട്. അനൗപചാരിക സാങ്കേതിക വിദ്യാഭ്യാസ പരിശീലനം എന്ന പേരില്‍ നടത്തിയ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഇത്രയും അവസരങ്ങള്‍ ഒരുക്കിക്കൊടുത്ത സ്ഥാപനത്തിന് നേരെയാണ് സമരം നടത്തുന്നത് എന്നതില്‍ നിന്നു സമരക്കാരുടെ ലക്ഷ്യം വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കലല്ല എന്ന് വ്യക്തമാണ്. സുന്നി സ്ഥാപനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെ സമരക്കാര്‍ ഇന്നലെ ഉയര്‍ത്തിയ സഭ്യേതരമായ മുദ്രാവാക്യങ്ങള്‍ ഇക്കാര്യത്തിന് അടിവരയിടുന്നു.