Articles
മൂന്നാര്‍ അതീവ പാരിസ്ഥിതിക തകര്‍ച്ചാ ഭീഷണിയില്‍

മൂന്നാറിലെ പ്രകൃതി രമണീയമായ കുന്നുകളും മലകളും പച്ചപ്പുകളും നദികളും ഇക്കോളജിയും അതീവ ഗുരുതരമായ തകര്‍ച്ചാ ഭീഷണിയിലാണ്. അവിടെ കുന്നുകള്‍ വളച്ചുകെട്ടി കൈയേറി വലിയ നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരികയാണ്. വന്‍കിട റിസോട്ട് മാഫിയകളും ഭൂമി കൈയേറ്റക്കാരും മൂന്നാറിന്റെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുകയാണ്. മൂന്നാറിലെ ചെങ്കുത്തായ മലകളില്‍ മണ്ണൊലിപ്പ് തടഞ്ഞുനിര്‍ത്തിയിരുന്ന വന്‍മരങ്ങള്‍ കടപിഴുതെടുത്ത് തികച്ചും ബലമില്ലാത്ത മണ്ണില്‍ 70 മുതല്‍ 90 വരെ ഡിഗ്രി ചെരിവുള്ള പ്രദേശങ്ങളെയാണ് ഇത്തരത്തില്‍ രൂപമാറ്റം വരുത്തുന്നത്. കറുത്ത് അയഞ്ഞ, ക്ലാസ് 8,9 വിഭാഗങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നടത്താനാകാത്ത അപകടകരമായ മണ്ണിലാണ് ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നുപൊങ്ങിയിരിക്കുന്നത്. പാറകള്‍ വിതേര്‍ഡ് റോക്ക് വിഭാഗത്തില്‍ അടരുകളാല്‍ രൂപപ്പെട്ടവയാണ്. ഭാരം താങ്ങാനാവാതെ പൊടിഞ്ഞുപോകുന്ന പാറകള്‍ക്ക് മുകളിലാണ് ഒട്ടുമിക്ക കെട്ടിടങ്ങളും പണി തീര്‍ത്തിരിക്കുന്നത്.
മണ്ണിന് കൂട്ടുപിടുത്തമില്ലാത്തതിനാല്‍ ഈ മേഖലയില്‍ കനത്ത മണ്ണൊലിപ്പ് മൂലം രൂപപ്പെട്ടിരിക്കുന്ന അഗാധമായ “ഗള്ളീസ്” രൂപം കൊണ്ടിരിക്കുന്ന കിഴക്കാംതൂക്കായ കുന്നിന്‍ ചെരിവുകളിലാണ് കെട്ടിടങ്ങളുടെ അമിതഭാരം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. നിരന്തരമായ മഞ്ഞും മഴയും ഈര്‍പ്പവും അനുഭവിക്കുന്ന ഈ കുന്നുകളിലെ റിസോര്‍ട്ട് നിര്‍മാണവും ബഹുനില കെട്ടിട നിര്‍മാണവും ഇക്കോളജിയ തത്വങ്ങളെ മുഴുവന്‍ അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. മൂന്നാറിന്റെ ഭൂ പ്രകൃതി ആനുസരിച്ച് അമിതഭാരമുള്ള കെട്ടിടങ്ങള്‍ മലയിടിച്ചില്‍ മൂലം നിലം പൊത്താന്‍ വലിയ സാധ്യതയാണുള്ളത്. “അണ്‍കണ്‍സോളിഡേറ്റഡ് റോക്ക് ഫോര്‍മേഷനാ”ണ് മൂന്നാറിലേത്. ഇത് കെട്ടിടങ്ങള്‍ക്ക് സ്ഥിരത നല്‍കാത്തവയാണ്. അധിക ഭാരത്താല്‍ നിരങ്ങി നിലംപൊത്താവുന്ന അവസ്ഥയാണ്. ഏത് കാലത്തും നനഞ്ഞു കുതിര്‍ന്നുനില്‍ക്കുന്ന മൂന്നാറിലെ കുന്നുകളുടെ ചരിവില്‍ നടത്തിയിരിക്കുന്ന നിര്‍മിതികള്‍ അതീവ അപകടാവസ്ഥയിലാണെന്നതില്‍ തര്‍ക്കമില്ലല്ലോ.
മിക്കവാറും കെട്ടിടങ്ങള്‍ ചെങ്കുത്തായ മലയുടെ പാതി ഉയരത്തിലായതിനാല്‍ മലമുകളില്‍ നിന്നും പാറ ഇടിഞ്ഞ് വീണുള്ള അപകട ഭീഷണിയിലാണ്. ബലക്കുറവുള്ള മണ്ണായതിനാല്‍, ഏത് നിമിഷവും മുകളില്‍ നിന്ന് മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടാകാവുന്നതാണ്. മലകള്‍ക്ക് രൂപമാറ്റം വരുത്തിയിരിക്കുന്നതിനാല്‍ മഴക്കാലങ്ങളിലെ ജലത്തിന്റെ ഒഴുക്കിന് ദിശാമാറ്റം സംഭവിച്ചിട്ടുണ്ട്. മലമുകളിലെ ഈ ജലത്തിന്റെ ദിശാമാറ്റം ഭൂഗര്‍ഭത്തില്‍ ദുര്‍ബലമായ ഇടങ്ങളില്‍ വെള്ളം ചെന്നുചേരുന്നതിനും ശേഖരിക്കപ്പെടുന്നതിനും ഇടവരുത്തിയിട്ടുണ്ട്. ഇത് മലയിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് കൂടാതെ യാതൊരു പരിസ്ഥിതി ആഘാതപഠനവും നടത്താതെ നിര്‍മിച്ചിരിക്കുന്ന ഈ കെട്ടിടങ്ങളുടെ അസന്തുലിതമായ ഭാരം മൂന്നാറിന്റെ പാരിസ്ഥിതിക തകര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മൂന്നാറിലെ വന്‍ കെട്ടിടങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നതില്‍ തര്‍ക്കമില്ല. ഒരു കെട്ടിടത്തിന് എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ ശരിയായ റോഡ് സൗകര്യമോ മറ്റ് ഗതാഗത സൗകര്യങ്ങളോ ഇല്ലാത്ത സ്ഥിതിക്ക് ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടുക എളുപ്പമല്ല. ദുരന്തനിവാരണത്തിന് സൗകര്യമില്ലാതെ, കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചും ഫോള്‍ ഏരിയ റേഷ്യോ കണക്കിലെടുക്കാതെയും കെട്ടിടങ്ങള്‍ പണിയരുതാത്ത സ്ഥലങ്ങളില്‍ നിര്‍മാണം നടത്തിയിരിക്കുന്നതിനാലും മൂന്നാറിലെ ദുരന്തത്തിന്റെ ആക്കം വര്‍ധിക്കും.
മൂന്നാര്‍ (സമുദ്ര നിരപ്പില്‍ നിന്ന് 2500 മീറ്റര്‍) കുന്നുനഗരങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്ന പ്രദേശമാണ്. അതിനാല്‍, ഇത്തരം പ്രദേശങ്ങള്‍ക്ക് പ്രത്യേക കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ഇവിടെ ബാധകമാണ്. മൂന്ന് നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ മൂന്നാറില്‍ നിര്‍മിക്കാന്‍ പാടുള്ളതല്ല. ജലമാനേജ്‌മെന്റ്, മലിനീകരണ സംസ്‌കരണം, ഖരമാലിന്യ സംസ്‌കരണം, ഗതാഗത സൗകര്യം, ദുരന്തനിവാരണ നിയമം എന്നീ നിബന്ധനകള്‍ മൂന്നാറിലെ കെട്ടിട നിര്‍മാണങ്ങളില്‍ പാലിക്കപ്പെടണമായിരുന്നു. ഇതെല്ലാം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ആറ്റുക്കാട്ട് വെള്ളച്ചാട്ടത്തിനടുത്ത് ഉയര്‍ന്ന കെട്ടിടം പുഴയുടെ അകത്താണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്.
പുഴയുടെ(അരുവിയുടെ) സര്‍വേ നമ്പറും കെട്ടിടമിരിക്കുന്ന സ്ഥലത്തിന്റെ സര്‍വേ നമ്പറും ഒന്നാണ്. പുഴയില്‍ വെള്ളം പൊങ്ങിയാല്‍ അപകടം തീര്‍ച്ച. മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുക മാത്രമാണ് കരണീയമായിട്ടുള്ളത്. അതിവിദൂരമല്ലാത്ത ഭാവിയില്‍ ഉണ്ടായേക്കാവുന്ന മൂന്നാറിലെ പാരിസ്ഥിതിക ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്.