ഇന്‍ഫോസിസും വിപ്രോയും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുന്നു

Posted on: May 10, 2017 9:08 am | Last updated: May 9, 2017 at 11:10 pm

കൊച്ചി: വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറിച്ച അമേരിക്കന്‍ ഐ ടി കമ്പനിയായ കോഗ്‌നിസന്റിന് പിന്നാലെ വന്‍കിട ഐ ടി കമ്പനികളായ ഇന്‍ഫോസിസും, വിപ്രോയും മുതിര്‍ന്ന ജീവനക്കാരുടെ എണ്ണം കുറക്കുന്നു. ആദ്യഘട്ടത്തില്‍ 10 മുതല്‍ 20 വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ള ജീവനക്കാരെയാണ് പറഞ്ഞുവിടാനൊരുങ്ങുന്നത്. ഇവര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി നടപ്പിലാക്കാനൊരുങ്ങുകയാണ് ഐ ടി കമ്പനികള്‍.

ട്രംപ് ഭരണകൂടത്തിന്റെ ദേശീയ നയത്തിലധിഷ്ഠിതമായ നടപടികളുടെ ഭാഗമായി കമ്പനികളില്‍ യു എസ് പൗരന്മാരെ നിയമിക്കുന്നതിന് വേണ്ടിയാണ് രാജ്യത്തെ ഐ ടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. ആദ്യഘട്ടത്തില്‍ ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഇന്‍ഫോസിസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം ഗ്രൂപ്പ് പ്രൊജക്ട് മാനേജേഴ്‌സ്, പ്രൊജക്ട് മാനേജേഴ്‌സ്, സീനിയര്‍ ആര്‍ക്കിടെക്ടസ് തുടങ്ങിയവരില്‍ പലര്‍ക്കും ജോലി നഷ്ടമാകുമെന്ന് ഉറപ്പായിട്ടുണ്ട്. അതോടൊപ്പം കമ്പനിയുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകാത്ത സാഹചര്യത്തില്‍ 10 ശതമാനം ജീവനക്കാര്‍ പുറത്തുപോകേണ്ടിവരുമെന്ന് ജീവനക്കാരുടെ യോഗത്തില്‍ വിപ്രോ സി ഇ ഒ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരെ കുറക്കല്‍ നടപടിയുടെ ഭാഗമായി അമേരിക്കന്‍ ഐ ടി കമ്പനിയായ കോഗ്‌നിസെന്റ് ടെക്‌നോളജി സൊലൂഷന്‍സ് (സി ടി എസ്) രാജ്യാന്തര അടിസ്ഥാനത്തില്‍ 10,000 ജീവനക്കാരെ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. പത്ത് മാസത്തെ ശമ്പളം അഡ്വാന്‍സ് നല്‍കിയാണ് ജീവനക്കാരെ ജോലി രാജിവെപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നത്. ഇതിന്റെ ഭാഗമായി തങ്ങളുടെ കേരളത്തിലെ 200 ജീവനക്കാരെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചിരുന്നു. എറണാകുളം ഇന്‍ഫോപാര്‍ക്കിലുള്ള ക്യാമ്പസില്‍ നിന്നാണ് 200 ജീവനക്കാരെ നിര്‍ബന്ധിതമായി രാജിവെപ്പിച്ചത്.