തെറ്റായ പ്രചാരണങ്ങള്‍ നിര്‍ത്താന്‍ സോഷ്യല്‍ മീഡിയക്ക് മുന്നറിയിപ്പ്

Posted on: May 9, 2017 8:30 pm | Last updated: May 9, 2017 at 8:09 pm

ദോഹ: സോഷ്യല്‍ മീഡിയയിലും മറ്റു പൊതു മാധ്യമങ്ങളിലും തെറ്റായ വാര്‍ത്തകളും ഊഹങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്രോതസ് ഉറപ്പ് വരുത്താതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതിയും പരിഹരിക്കാന്‍ പറ്റാത്ത പല പ്രശ്‌നങ്ങളും ഉണ്ടാകാന്‍ കാരണമാകുന്നതായി മന്ത്രാലയം വ്യക്തമാക്കുന്നു.

ഏതു തരം വാര്‍ത്തയും ലഭിച്ചാല്‍ അതിന്റെ ഉറവിടം ഉറപ്പു വരുത്തുകയോ അധികൃതരുമായി സോഷ്യല്‍ മീഡിയയിലൂടെ തന്നെ ബന്ധപ്പെടുകയോ ചെയ്യണം. ഖത്വറില്‍ അതി കഠിനമായ ചൂട് വരാന്‍ പോകുന്നുവെന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുവെന്നുമുള്ള വാര്‍ത്ത ശരിയാണോ എന്ന് ചോദിച്ച് ഈയിടെ നിരവധി അന്വേഷണങ്ങള്‍ വന്നതായി മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ കുറേക്കാലമായി പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്തയാണ് അതെന്ന് അധികൃതര്‍ വിശദീകരിച്ചു.
അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. പല വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ആധികാരികത ഉറപ്പു വരുത്താതെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. തെറ്റാണെന്ന് തെളിഞ്ഞാലും അത് തുറന്നു പറയാന്‍ തയാറാകാതിരിക്കുന്നതും പതിവായിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ രാജ്യത്ത് ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച വഖൂദ് പമ്പുകളില്‍ ഇന്ധനം നിറക്കുന്നതിലെ വേഗത കൂട്ടി തട്ടിപ്പ് നടത്തുന്നതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടക്കുകയും കമ്പനി അത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ സുനാമിക്ക് സാധ്യതയുണ്ടെന്ന രീതിയില്‍ ഫെബ്രുവരിയില്‍ നടന്ന പ്രചാരണം ജനത്തെ ഭീതിയിലാഴ്ത്തി. ഇതേ തുടര്‍ന്ന് വാര്‍ത്ത വ്യാജമാണെന്നറിയിച്ച് ഖത്വര്‍ കാലാവസ്ഥാ വകുപ്പ് തന്നെ രംഗത്തെത്തുകയായിരുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട നിരവധി വ്യാജ വാര്‍ത്തകള്‍ ആ സമയത്ത് പ്രചരിച്ചിരുന്നു.

കാര്‍ നമ്പര്‍ പ്ലേറ്റുകളില്‍ ക്യു എന്ന അക്ഷരം കൂട്ടിച്ചേര്‍ത്തതായാണ് മറ്റൊരു പ്രചാരണം വന്നത്. പിന്നീട് ട്രാഫിക് അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. 2016 ഡിസംബറില്‍ തൊഴില്‍ വിസ, ജോലി മാറ്റം സംബന്ധിച്ചും വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ചൂടന്‍ വാര്‍ത്ത റെഡ് അലര്‍ട്ടായിരുന്നു.