പോലീസ് സ്റ്റേഷനില്‍ യുവതിക്ക് ക്രൂര പീഡനം

Posted on: May 9, 2017 2:06 pm | Last updated: May 9, 2017 at 11:58 pm

ശ്രീനഗര്‍: പോലീസ് സ്റ്റേഷനില്‍ അതിക്രൂരമായ പീഡനത്തിനിരയായതായി ജമ്മു കശ്മീര്‍ സ്വദേശി. പോലീസ് സ്റ്റേഷനില്‍ വെച്ച് നഗ്നയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ബിയര്‍ കുപ്പി കയറ്റുകയും ചെയ്തതായാണ് യുവതിയുടെ പരാതി. ജമ്മുവിലെ കഞ്ചക് സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഡല്‍ഹിയിലുണ്ടായ നിര്‍ഭയ കേസിന് സമാനമായ സംഭവമാണിതെന്ന് യുവതിയുടെ അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് വിശദമായ പരിശോധന നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ജമ്മു കശ്മീര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

വീട്ടുജോലിക്ക് നില്‍ക്കുന്ന യുവതിയെ മോഷണക്കുറ്റം ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയോളം സ്റ്റേഷന്‍ ഹൗസ് ഓഫീസറായ രാകേഷ് ശര്‍മ പീഡിപ്പിച്ചതായി യുവതി പറഞ്ഞു, കസ്റ്റഡിയിലെടുത്ത ശേഷം ഭക്ഷണമോ വെള്ളമോ നല്‍കാന്‍ പോലീസ് തയ്യാറായില്ലെന്നും യുവതി പറയുന്നു. സ്റ്റേഷനിലെത്തിയ ഭര്‍ത്താവിനെയും പോലീസ് മര്‍ദിച്ചതായി യുവതി ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിക്ക് ജാമ്യം ലഭിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്.