സാംസ്‌കാരിക പാരമ്പര്യത്തിന് വിരുദ്ധം

Posted on: May 9, 2017 10:56 am | Last updated: May 9, 2017 at 10:59 am
SHARE

മ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിനും ധര്‍മത്തിനും നിരക്കാത്ത വിധി പ്രസ്താവമാണ് വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. സ്വയേഷ്ട പ്രകാരമുള്ള വേശ്യാവൃത്തി കുറ്റകരമായി കാണാനാകില്ലെന്നാണ് ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 370-ാം വകുപ്പ് വ്യാഖ്യാനിച്ചു കൊണ്ട് ജസ്റ്റിസ് ജെ ബി പര്‍ദിവാല അഭിപ്രായപ്പെട്ടത്. വേശ്യാവൃത്തി നിയമവിധേയമാക്കിയ പല രാജ്യങ്ങളും അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തു വീണ്ടും നിരോധിച്ചു കൊണ്ടിരിക്കവെയാണ് ലൈംഗികാരാജകത്വത്തിന് ആക്കം കൂട്ടുന്ന വിധിപ്രസ്താവമുണ്ടായതെന്നത് ഖേദകരമാണ്. സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, നോര്‍വേ, ഐസ്‌ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ് തുടങ്ങിപല രാജ്യങ്ങളും അടുത്ത കാലത്തായി വേശ്യാവൃത്തി നിയമവിരുദ്ധമാക്കുകയുണ്ടായി. നിര്‍ഭയ കേസിനു ശേഷം 370-ാം വകുപ്പ് സര്‍ക്കാര്‍ ശക്തമാക്കുകയും വേശ്യാവൃത്തിയില്‍ ‘ഉപഭോക്താക്കളാ’യി എത്തുന്നവരെപ്പോലും കുറ്റക്കാരായി കണക്കാക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്തിരുന്നു. ഈ സ്ഥിതിവിശേഷത്തില്‍ വീണ്ടും അയവ് വരാനും വേശ്യാവൃത്തിയിലേക്ക് കടന്നു വരുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുന്നതിനും ഇടയാക്കുന്നതാണ് കോടതി നടപടി.

വഴിവിട്ട ലൈംഗികതയുടെ അനന്തര ഫലമാണ് എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങളെന്ന് പഠനങ്ങള്‍ കണ്ടെത്തിയതാണെന്നിരിക്കെ ലൈംഗികാരാജകത്വത്തിന് തടയിടേണ്ട സംവിധാനങ്ങളില്‍ നിന്ന് അതിന് ആക്കം കൂട്ടുന്ന നിരീക്ഷണങ്ങളുണ്ടാകുന്നത് ആശങ്കാജനകമാണ്. മനുഷ്യനെ ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അവന്റെ സംസ്‌കാരമാണ്. ലൈംഗിക സദാചാരമടക്കം മൂല്യങ്ങളെ കാത്തുസൂക്ഷിക്കുമ്പോഴാണ് അവന്‍ സംസ്‌കാര സമ്പന്നനാകുന്നത്. വ്യവസ്ഥാപിതമായ കുടുംബ ജീവിതം അതിന്റെ ഉപോത്പന്നമാണ്. മനുഷ്യപ്രകൃതിക്കനുയോജ്യമായ പ്രത്യുത്പാദന രീതിയും മാനവികതയുടെ നിലനില്‍പ്പും സാധ്യമാകുന്നതും ഇതിലൂടെയാണ്. സ്ത്രീയെ കമ്പോളത്തിന്റെ ഉത്പന്നവും ലൈഗികസുഖത്തെ കച്ചവടച്ചരക്കുമാക്കുന്നത് മനുഷ്യ സംസ്‌കാരത്തിന് അനുയോജ്യമല്ല. നൈമിഷിക സുഖത്തിന് വേണ്ടി ദമ്പതികളിലൊരാള്‍ അവിഹിത ബന്ധങ്ങളിലേര്‍പ്പെടുമ്പോള്‍ അത് കുടുംബ ജീവതത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുകയും ദാമ്പത്യജീവിതത്തിന്റെ സുരക്ഷക്ക് ആഘാതമേല്‍പ്പിക്കുകയും ചെയ്യും. പരപുരുഷനുമായി ബന്ധപ്പെടുമ്പോള്‍ അതിന് അനന്തരഫലങ്ങളുമുണ്ടാകുമെന്ന് ഉയര്‍ന്ന വിദ്യാഭ്യാസവും തൊഴിലും ഉള്ള സ്ത്രീകള്‍ മനസ്സിലാക്കണമെന്നും സ്ത്രീകള്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് പി ഭവനദാസിന്റെ ഒരു ഉത്തരവ് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഒരു പരിചയക്കാരന്റെ കൂടെ വീട് വിട്ടിറങ്ങി കറങ്ങിത്തിരിഞ്ഞു പലയിടത്തും താമസിച്ച് അവന്റെ ആവശ്യം കഴിഞ്ഞപ്പോള്‍ വേര്‍പിരിഞ്ഞ സ്ത്രീ നിയമപരിരക്ഷക്കായി കോടതിയെ സമീപിച്ചപ്പോഴാണ് ലൈംഗിക ബന്ധങ്ങളില്‍ കരുതല്‍ കാണിക്കേണ്ടതിന്റെ ആവശ്യകത കോടതി ഓര്‍മപ്പെടുത്തിയത്.

വിവാഹ മോചനമാവശ്യപ്പെട്ട് കുടുംബകോടതികളെ സമീപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സമൂഹത്തിന് മുമ്പില്‍ ദമ്പതികളായി ജീവിക്കുന്നവര്‍ തന്നെ മാനസികമായി അകന്നു കഴിയുന്നവരാണെന്ന് മനഃശാസ്ത്ര വിദഗ്ധരും വെളിപ്പെടുത്തുന്നു. വളര്‍ന്നു വരുന്ന സ്വതന്ത്ര ലൈംഗിക ചിന്താഗതിയും അത് സൃഷ്ടിക്കുന്ന ലൈംഗികാരാജകത്വവുമാണ് ഇതിന് പ്രധാന കാരണം. വേശ്യാവൃത്തിക്ക് അനുമതി നല്‍കുന്ന കോടതിവിധികളും നിയമനിര്‍മാണങ്ങളും ഇത്തരം പ്രവണതകള്‍ക്ക് ആക്കം കൂട്ടും. വിവാഹബന്ധങ്ങളിലൂടെ ഉരുത്തിരിയുകയും പവിത്രത കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന നിയമാനുസൃത ദാമ്പത്യ ബന്ധങ്ങളിലൂടെ മാത്രമേ കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പും സമാധാന ജീവിതവും നിലനിര്‍ത്താനാവുകയുള്ളൂ.

മനുഷ്യക്കടത്ത്, കുട്ടിവേശ്യകളുടെ പെരുപ്പം തുടങ്ങി വേശ്യാവൃത്തി അനുവദിക്കുന്നത് വഴി പല സാമൂഹിക പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. ഫ്രാന്‍സില്‍ വേശ്യാവൃത്തി ക്രിമിനല്‍ കുറ്റകരമാക്കിയപ്പോള്‍ ചൂണ്ടിക്കാണിച്ച പ്രധാന കാരണങ്ങളിലൊന്ന് മനുഷ്യക്കടത്താണ്. മറ്റു തൊഴിലിനെന്ന പേരില്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്തു വേശ്യാലയത്തിലെത്തിക്കുന്ന പ്രവണത ആഗോള വ്യാപകമാണ്. മുംബൈയിലെ ചുവന്ന തെരുവിലും മറ്റും ഇങ്ങനെ എത്തിപ്പെട്ട സ്ത്രീകള്‍ നിരവധിയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികാവശ്യത്തിന് ഉപയോഗിക്കുന്നത് എല്ലാ രാജ്യങ്ങളും വിലക്കിയിട്ടുണ്ടെങ്കിലും നിയമം ലംഘിച്ചു കൗമാരക്കാരായ പെണ്‍കുട്ടികള്‍ വേശ്യാവൃത്തിയിലേക്ക് വന്‍തോതില്‍ കടന്നു വരുന്നു. വേശ്യാവൃത്തി അനുവദനീയമാക്കിയ രാജ്യങ്ങളില്‍ അതിന്റെ മറവിലാണ് ഇത് നടക്കുന്നത്. കമ്പോള സംസ്‌കാരവും ഭോഗതൃഷ്ണക്ക് ആക്കം കൂട്ടുന്ന മാധ്യമങ്ങളും പാശ്ചാത്യ നാഗരികതയുടെ അധിനിവേശവും രാജ്യത്തെ സദാചാരമേഖലക്ക് കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കെ അത്തരം സദാചാര വിരുദ്ധ പ്രവണത വളരാനിടയാക്കുന്നതാണ് ഗുജറാത്ത് കോടതി വിധി.

LEAVE A REPLY

Please enter your comment!
Please enter your name here