മൂന്നാര്‍: ഇന്ന് വിപുലമായ സര്‍വകക്ഷിയോഗം

Posted on: May 7, 2017 10:39 am | Last updated: May 7, 2017 at 2:48 pm

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത വിപുലമായ സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പുറമെ മതമേലധ്യക്ഷന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കും. ഓരോ വിഭാഗവുമായും മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗത്തില്‍ അവതരിപ്പിച്ച് അന്തിമതീരുമാനമെടുക്കും. പാപ്പാത്തിചോലയിലെ കുരിശ് പൊളിക്കല്‍ വിവാദമായ സാഹചര്യത്തിലാണ് മതമേലധ്യക്ഷന്മാരെയടക്കം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.

അതേസമയം, മൂന്നാറിലെ വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിടക്കാര്‍ അനധികൃതമായും നിയമവിരുദ്ധമായും കൈവശം വെച്ചിട്ടുള്ള 5.5 ലക്ഷം ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.

കൈയേറ്റ ഭൂമി തിരിച്ചുപിടിക്കുന്നതിന് സഹായകരമായ ഹൈക്കോടതി ഉത്തരവുകളും സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഐ എ എസിന്റെ കാര്യക്ഷമമായ റിപ്പോര്‍ട്ടുകളുമുണ്ടായിട്ടും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വന്‍കിട കൈയേറ്റക്കാര്‍ക്ക് സഹായകരമായിരിക്കുകയാണെന്ന് കത്തില്‍ പറയുന്നു.