മഹാരാജാസില്‍ നിന്ന് കണ്ടെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് എഫ് ഐ ആര്‍

Posted on: May 6, 2017 11:47 am | Last updated: May 6, 2017 at 3:13 pm

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ ക്യാമ്പസില്‍ നിന്ന് കണ്ടെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്ന് എഫ് ഐ ആര്‍. ക്യാമ്പസിലെ കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തു നിന്ന് കണ്ടെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നത്. സംഭവത്തില്‍ ആയുധ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോളജില്‍ നിന്ന് മാരകായുധങ്ങളല്ലെന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി. പി ടി.തോമസ് എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ക്ക കമ്പി, പലകകഷ്ണം, വെട്ടുകത്തി, തുണിചുറ്റിയ പൈപ്പ് എന്നിവയാണ് കണ്ടെത്തിയതെന്നും ഇത് ആരാണ് ഇവിടെ കൊണ്ടുവന്നതെന്ന് അന്വേഷണം നടന്നുവരികയാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ പ്രശസ്തമായ കോളജിനെ മോശമാക്കി കാണിക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.