ഐ പി എല്ലില്‍ താന്‍ കണ്ട മികച്ച ഇന്നിംഗ്‌സുകളിലൊന്ന് എന്ന് സച്ചിന്‍; പന്തിന് അഭിനന്ദന പ്രവാഹം

Posted on: May 5, 2017 11:38 am | Last updated: May 5, 2017 at 11:39 am

മുംബൈ: ഐ പി എല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ ടീമിനെ വിജയിപ്പിച്ച ഡല്‍ഹി യുവതാരം ഋഷഭ് പന്തിന് അഭിനന്ദന പ്രവാഹം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരേന്ദ്ര സേവാഗ്, സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, യുവ്‌രാജ് സിംഗ്, സിനിമാ താരം അമിതാഭ് ബച്ചന്‍ അടക്കമുള്ളവരാണ് പന്തിനെ പ്രശംസകള്‍ കൊണ്ട് മൂടിയത്.

ഐ പി എല്ലില്‍ താന്‍ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് എന്നായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ട്വീറ്റ്. നന്നായി ബാറ്റ് ചെയ്യുന്നതിനൊപ്പം ആത്മവിശ്വാസത്തോടെ കളിക്കുന്ന താരമാണ് ഋഷഭെന്ന് വിരേന്ദ്ര സേവാഗ് ട്വീറ്റി. ഋഷഭ് പന്തിലും സാംസണിലും ഒരു കണ്ണ് വേണമെന്നും ഇരുവരും സ്‌പെഷ്യലാണെന്നും സൗരവ് ഗാംഗുലി ട്വിറ്റില്‍ കുറിച്ചു. ഡല്‍ഹിയില്‍ പന്ത് കൊടുങ്കാറ്റ് എന്നായിരുന്നു രോഹിത് ശര്‍മയുടെ ട്വീറ്റ്.

കെവിന്‍ പീറ്റേഴ്‌സണ്‍, ഡെയ്ന്‍ സ്‌റ്റെയ്ന്‍, ജോസ് ബട്‌ലര്‍, ഹര്‍ഷ ഭോഗ്‌ലെ, അഞ്ജും ചോപ്ര, ആകാശ് ചോപ്ര, ടോം മൂഡി എന്നിവരും ഋഷഭ് പന്തിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു. 43 പന്തില്‍ ഒമ്പത് സിക്‌സറും ആറ് ബൗണ്ടറികളും സഹിതം 97 റണ്‍സടിച്ചുകൂട്ടിയാണ് പന്ത് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ വെച്ച് ബേസില്‍ തമ്പിയുടെ പന്തില്‍ താരം പുറത്താകുയായിരുന്നു. 31 പന്തില്‍ ഏഴ് സിക്‌സറുകള്‍ സഹിതം 61 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ പന്തിന് മികച്ച പിന്തുണയാണ് നല്‍കിയത്.