എസ് ബി ഐ-എസ് ബി ടി ലയനം: കേരളത്തില്‍ 197ഉം തമിഴ്‌നാട്ടില്‍ 58ഉം ശാഖകള്‍ക്ക് താഴ് വീഴും

Posted on: May 5, 2017 9:48 am | Last updated: May 5, 2017 at 9:48 am

കൊച്ചി: എസ് ബി ഐ- എസ് ബി ടി ലയനം പൂര്‍ത്തിയായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 197 എസ് ബി ടി ശാഖകള്‍ അടച്ചു പൂട്ടാന്‍ എസ് ബി ഐ തീരുമാനിച്ചു. ഇതോടെ കേരളത്തിലെ എസ് ബി ടി ശാഖകളില്‍ നാലിലൊന്നിനും പൂട്ട് വീഴുമെന്ന് ഉറപ്പായി. ലയനത്തിന് മുമ്പ് തന്നെ എസ് ബി ടി യുടെ 30 ശതമാനം ശാഖകള്‍ പൂട്ടാനാണ് എസ് ബി ഐ തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ എസ് ബി ഐയുടെ ബ്രാഞ്ചുകള്‍ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന എസ് ബി ടി ശാഖകളാണ് പൂട്ടുന്നതില്‍ അധികവും. കേരളത്തില്‍ ആകെയുണ്ടായിരുന്ന 852 ശാഖകളില്‍ 204 ശാഖകള്‍ അടച്ചുപൂട്ടാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇതില്‍ നിന്ന് ഏഴ് ശാഖകളെ ഒഴിവാക്കി 197 ആക്കി ചുരുക്കി. ഇതോടൊപ്പം തമിഴ്‌നാട്ടില്‍ 176 ശാഖകളില്‍ 58 എണ്ണവും അടച്ചുപൂട്ടുന്നുണ്ട്. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി വിരമിക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ മെകന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. ഓഫീസര്‍മാര്‍ക്കും ഒപ്പം ഇതര ജീവനക്കാര്‍ക്കും സ്വയം വിരമിക്കാന്‍ ബേങ്ക് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന എസ് ബി ടി ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം ജീവനക്കാരെ അറിയിച്ചത്. ബേങ്കില്‍ 25 ശതമാനം ജീവനക്കാരെ കുറക്കാനായിരുന്നു ബോര്‍ഡ് യോഗത്തിന്റെ തീരുമാനം.

എസ് ബി ടിയില്‍ 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെയും 55 വയസ്സ് പൂര്‍ത്തിയായവരെയും ഉദ്ദേശിച്ചുള്ളതായിരുന്നു പ്രധാനമായും സ്വയം വിരമിക്കല്‍ പദ്ധതി. പദ്ധതി പ്രകാരം 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് വിരമിക്കല്‍ പ്രായപരിധി വരെ പകുതി ശമ്പളവും, 55 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് 30 മുതല്‍ 60 മാസം വരെ ഡി എ ഉള്‍പ്പെടെ ശമ്പളത്തിന്റെ പകുതിയും നല്‍കും.