അമിത് ഷായെ സത്കരിച്ച കുടുംബം തൃണമൂലില്‍ ചേര്‍ന്നു

Posted on: May 4, 2017 10:55 am | Last updated: May 4, 2017 at 10:41 am
അമിത് ഷാ ഗോത്രവര്‍ഗ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നു(ഫയല്‍)

കൊല്‍ക്കത്ത: ആദിവാസി മേഖലയിലേക്ക് കടന്നു കയറാനുള്ള ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് വന്‍ തിരിച്ചടി. ഉത്തര ബംഗാളിലെ നക്‌സല്‍ബാരിയില്‍ അദ്ദേഹം നടത്തിയ പര്യടനത്തിനിടെ അദ്ദേഹത്തിന്റെ ആതിഥേയരായ ഗോത്രവര്‍ഗ കുടുംബം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഗോത്രവര്‍ഗ കുടുംബത്തിന്റെ കുടിലിലെത്തി കഴിഞ്ഞയാഴ്ച അമിത് ഷാ ഭക്ഷണം കഴിക്കുന്ന ചിത്രം മാധ്യമങ്ങള്‍ വലിയ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. അമിത് ഷാക്ക് വിരുന്നൊരുക്കിയ രാജു മഹാലിയും ഗീതാ മഹാലിയും ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. മുതിര്‍ന്ന തൃണമൂല്‍ നേതാവും ടൂറിസം മന്ത്രിയുമായ ഗൗതം ദേവിന് മുമ്പാകെയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്.
അതേസമയം, ഈ കുടംബത്തെ തൃണമൂല്‍ ഗുണ്ടകള്‍ തട്ടിക്കൊണ്ടു പോയതാണെന്നും ഭീഷണിപ്പെടുത്തിയാണ് തൃണമൂല്‍ അംഗത്വം എടുപ്പിച്ചതെന്നും ബി ജെ പി കുറ്റപ്പെടുത്തി.