കെഎം മാണി എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ബന്ധുവായതെന്ന് ബിനോയ് വിശ്വം

Posted on: May 4, 2017 10:31 am | Last updated: May 4, 2017 at 3:30 pm

തിരുവനന്തപുരം: കോണ്‍ഗ്രസിനോടും ബിജെപിയോടും ഒരേസമയം വിലപേശുകയായിരുന്ന കെ.എം. മാണി എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ബന്ധുവായതെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം. കോട്ടയം ജില്ലാപഞ്ചായത്തിന്റെ അവിശുദ്ധ ബന്ധം ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനല്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വലതുപക്ഷത്തെ കുരുട്ടുബുദ്ധിക്കാര്‍ക്കു ചുവപ്പുപരവതാനി വിരിക്കുന്നവര്‍ ഇടതിന്റെ കൊടിയിലേക്കു നോക്കണമായിരുന്നു. ബാര്‍ കോഴ, ബജറ്റ് വില്‍പന തുടങ്ങി മാണിക്കെതിരെ പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നു ജനം വിശ്വസിക്കണമോയെന്നും അദ്ദേഹം ചോദിക്കുന്നു.
ബിനേയ് വിശ്വത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
കോണ്‍ഗ്രസിനോടും ബി ജെ പി യോടും ഒരേ സമയം വിലപേശുകയായിരുന്ന കെ.എം. മാണിയുടെ പാര്‍ട്ടി എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ബന്ധുവാകുന്നത്?ബാര്‍ കോഴ, ബജറ്റ് വില്‍പ്പന തുടങ്ങി മാണിക്കെതിരെ നാം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നാണോ ഇപ്പോള്‍ ജനങ്ങള്‍ വിശ്വസിക്കേണ്ടത്? ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസം രണ്ടക്ഷരങ്ങളുടേതു മാത്രമാണെന്നുണ്ടെങ്കില്‍ പാവപ്പെട്ടവരും നീതിബോധമുള്ളവരും എന്തിന് ഇടതുപക്ഷത്തോട് കൂറ് കാണിക്കണം? ആ വേര്‍തിരിവിന്റെ വരനേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുകയാണോ
കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശുദ്ധ ബന്ധം എന്തായാലും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനല്ല. വലതുപക്ഷത്തെ കുരുട്ടു ബുദ്ധിക്കാര്‍ക്ക് ചുവപ്പു പരവതാനി വിരിക്കുമ്പോള്‍, അതു ചെയ്തവര്‍ നമ്മുടെ കൊടിയിലേക്ക് ഒന്നു നോക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു