Connect with us

Eranakulam

കൊച്ചി മെട്രോ: നിര്‍ണായക സുരക്ഷാ പരിശോധനകള്‍ ആരംഭിച്ചു

Published

|

Last Updated

മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ കെ എ മനോഹരനും സംഘവും ആലുവയിലെ മെട്രോ സ്റ്റേഷനില്‍ സുരക്ഷാ പരിശോധനക്കെത്തിയപ്പോള്‍

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍ണായകമായ അന്തിമ സുരക്ഷാ പരിശോധനകള്‍ ആരംഭിച്ചു. കൊച്ചി മെട്രോക്ക് യാത്രാനുമതി ലഭിക്കുന്നതിനു മുന്നോടിയായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന നിര്‍ണായക പരിശോധനകളാണ് ഇന്നലെ ആരംഭിച്ചത്. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് പരിശോധന നടത്തുന്നത്. സുരക്ഷാ കമ്മീഷണറാണ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതെന്നിരിക്കെ ഈ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിക്കിയാലേ കൊച്ചി മെട്രോക്ക് പ്രവര്‍ത്തനാനുമതി ലഭിക്കൂ. അന്തിമാനുമതി കിട്ടിയാല്‍ കുറഞ്ഞ സമയത്ത് ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് തുടങ്ങുന്ന രാജ്യത്തെ ആദ്യ മെട്രോയെന്ന ഖ്യാതി കൊച്ചി മെട്രോക്ക് ലഭിക്കും.

റെയില്‍വേ സുരക്ഷ കമ്മീഷണറുടെ ബംഗളൂരു സതേണ്‍ സര്‍ക്കിളില്‍ നിന്നുള്ള സംഘമാണ് ത്രിദിന പരിശോധനക്കെത്തിയത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആലുവ സ്റ്റേഷനില്‍ നിന്നാണ് പരിശോധന തുടങ്ങിയത്. തുടര്‍ന്ന് പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു. പാളങ്ങളുടെ സുരക്ഷ, സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍ സംവിധാനം, സുരക്ഷാ മുന്‍കരുതലുകള്‍ക്കുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം സംഘം സന്ദര്‍ശിച്ചു. ട്രെയിനിന്റെ സുരക്ഷക്ക് പുറമെ, ട്രെയിന്‍ ഓടുന്ന പാളത്തിന്റെയും സിഗ്‌നല്‍ സംവിധാനങ്ങളുടെയും കാര്യക്ഷമതയും മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം വിലയിരുത്തുന്നുണ്ട്. ആദ്യ ദിവസത്തെ പരിശോധന വൈകുന്നേരം അഞ്ച് വരെ നീണ്ടു. വിവിധ ഏജന്‍സികളില്‍ നിന്ന് നേരത്തെ ലഭിച്ച സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ കെ എം ആര്‍ എല്‍ സംഘത്തിന്റെ പരിശോധനക്ക് വിധേയമാക്കി. ഒപ്പം മെട്രോ സ്റ്റേഷനുകളിലൊരുക്കിയിരിക്കുന്ന സൗകര്യങ്ങളുടെ ഗുണനിലവാരവും വൃത്തിയും സംഘം നിരീക്ഷിക്കും.

രണ്ടാം ദിവസമായ ഇന്ന് സംഘം കളമശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പളളി സ്റ്റേഷനുകളിലും മൂന്നാം ദിനമായ നളെ ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം സ്റ്റേഷനുകളിലും പരിശോധന നടത്തും. തുടര്‍ന്ന് നിലവില്‍ പ്രവര്‍ത്തനക്ഷമമായ കൊച്ചി മെട്രോയുടെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ യൂനിറ്റും (ഒ സി ജി) അനുബന്ധ സൗകര്യങ്ങളും സംഘം അവസാന ദിവസം സന്ദര്‍ശിച്ച് വിലയിരുത്തും. പിന്നീട് പരിശോധനയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് നാളെ സംഘം മാധ്യമങ്ങളോട് സംസാരിക്കും. റെയില്‍ സുരക്ഷാ കമ്മീഷണറുടെ അനുമതി കിട്ടിയാല്‍ ഈ മാസം അവസാന ആഴ്ചയോടെ ആലുവ മുതല്‍ പാലാരിവട്ടം വരെയുളള പാതയില്‍ സര്‍വീസ് തുടങ്ങാനാകുമെന്നാണ് ഡി എം ആര്‍ സിയും കെ എം ആര്‍ എല്ലും പ്രതീക്ഷിക്കുന്നത്.

കൊച്ചി മെട്രോ ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് സര്‍വീസ് നടത്തുന്നത്. ഈ ദൂരത്തിനിടയിലുള്ള 11 സ്റ്റേഷനുകളും സുരക്ഷാ പരിശോധനക്ക് വേണ്ടി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. പരിശോധന പൂര്‍ത്തിയായാല്‍ 13 കിലോമീറ്റര്‍ ദൂരം തുടര്‍ച്ചയായി ട്രയല്‍ സര്‍വീസ് തുടങ്ങും. ടെലി കമ്മ്യൂനിക്കേഷന്‍ സംവിധാനം, ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലെ സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ചായിരിക്കും ഓട്ടത്തിന് അനുമതി നല്‍കുക. പരിശോധനയില്‍ പ്രതീക്ഷയുണ്ടെന്ന് കെ എം ആര്‍ എല്‍. എം ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. നിലവില്‍ ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ സൗകര്യമനുസരിച്ച് തീയതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest