റോഹിംഗ്യ: യു എന്‍ അന്വേഷണം അനുവദിക്കില്ലെന്ന് സൂകി

Posted on: May 4, 2017 12:23 am | Last updated: May 3, 2017 at 11:28 pm
ബ്രസല്‍സില്‍ വാര്‍ത്താ സമ്മേളനത്തില്‍ മ്യാന്മര്‍ ഭരണാധികാരി ആംഗ് സാന്‍ സൂകി. ഇ യു പ്രതിനിധി സമീപം

ബ്രസല്‍സ്: ഭരണകൂടത്തിന്റെ അറിവോടെ മ്യാന്മറില്‍ സൈന്യവും പോലീസും ചേര്‍ന്ന് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ ക്രൂരമായ വംശഹത്യ സംബന്ധിച്ച് യു എന്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ആംഗ് സാന്‍ സൂകി. ബ്രിട്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മ്യാന്മര്‍ കൗണ്‍സിലറും മുന്‍ സമാധാന നൊബേല്‍ ജേതാവുമായ സൂക്കി യു എന്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.
റാഖിനെയില്‍ തിങ്ങിപ്പാര്‍ത്തിരുന്ന ആയിരക്കണക്കിന് വരുന്ന റോഹിംഗ്യന്‍ വംശജര്‍ക്ക് നേരെ കൊലപാതകം, പീഡനം, ക്രൂരമായ ആക്രമണം എന്നിവ നടത്തിയ സൈന്യത്തിനും പോലീസിനും ബുദ്ധതീവ്രവാദികള്‍ക്കുമെതിരായ അന്വേഷണത്തിനാണ് യു എന്‍ മനുഷ്യാവകാശ സമിതി ഉത്തരവിട്ടിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ എന്നിവരുമായി നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ റാഖിനെയില്‍ ക്രൂരമായ വംശഹത്യ നടന്നിരുന്നെന്ന് യു എന്‍ സമിതിക്ക് തെളിഞ്ഞിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്താനാണ് മാര്‍ച്ചില്‍ സമിതി തീരുമാനിച്ചത്.

എന്നാല്‍, യു എന്‍ അന്വേഷണം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സൂകി വ്യക്തമാക്കിയത്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ യൂറോപ്യന്‍ യൂനിയന്‍ നയതന്ത്ര മേധാവി ഫെഡെറിക മൊഗേരിനിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സൂകി യു എന്‍ വിരുദ്ധ നിലപാട് പ്രഖ്യാപിച്ചത്. ഇതോടെ റോഹിംഗ്യന്‍ വംശഹത്യയിലെ സൂകി ഭരണകൂടത്തിന്റെ പങ്ക് കൂടുതല്‍ വെളിച്ചത്താകുകയാണ്.

റോഹിംഗ്യന്‍ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന യു എന്‍ സമിതിയിലെ പ്രമേയം അംഗീകരിക്കാനാകില്ലെന്നും റാഖിനെയിലെ യാഥാര്‍ഥ്യം മനസ്സിലാക്കിയിട്ടല്ല പ്രമേയം പാസാക്കിയതെന്നും സൂകി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഒരു മാസക്കാലം നീണ്ടുനിന്ന വംശഹത്യാപരമായ ആക്രമണത്തില്‍ നൂറ് കണക്കിന് റോഹിംഗ്യന്‍ വംശജര്‍ കൊല്ലപ്പെടുകയും ഒരുലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാകുകയും ചെയ്തിരുന്നു. ഇവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശിലാണ് എത്തിയത്.

കുട്ടികളോട് പോലും ക്രൂരമായി പെരുമാറുന്ന മ്യാന്മര്‍ സൈന്യത്തിന്റെ ദൃശ്യവും വീഡിയോയും വിവിധ മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ സമാധാനത്തിന്റെ ഏഷ്യന്‍ വക്താവായി അറിയപ്പെട്ട സൂകി ഈ വിഷയത്തില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കുകയോ ഭരണാധികാരിയെന്ന നിലക്ക് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുകയോ ചെയ്തിട്ടില്ല.