അപകട ദൃശ്യം പകര്‍ത്തുന്നത് കുറ്റകരം, മാര്‍ഗതടസ്സം സൃഷ്ടിക്കുന്നവര്‍ക്ക് കനത്ത പിഴ

Posted on: May 3, 2017 9:58 pm | Last updated: May 3, 2017 at 9:58 pm

അബുദാബി: വാഹനാപകട ദൃശ്യം പകര്‍ത്തുന്നത് കടുത്ത കുറ്റമാണെന്ന് പോലീസ്. വാഹനാപകടങ്ങള്‍ സംഭവിക്കുന്ന സ്ഥലങ്ങളില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുന്നവര്‍ക്ക് കനത്ത പിഴയെന്ന് മുന്നറിയിപ്പ്. റോഡപകടങ്ങള്‍ സംഭവിക്കുന്നിടത്തു തടിച്ചുകൂടുന്നവര്‍ക്കും അപകടം കാണാന്‍ വാഹനം പതുക്കെ ഓടിക്കുന്നവര്‍ക്കും പിഴ 1000 ദിര്‍ഹമായിരിക്കുമെന്ന് യു എ ഇ ഗതാഗത സുരക്ഷാ സമിതി സെക്രട്ടറി ഹസന്‍ അല്‍ ഹൂസ്‌നി അറിയിച്ചു.

വാഹനാപകടങ്ങള്‍ സംഭവിക്കുന്നിടത്ത് അടിയന്തരമായി വേണ്ടത് രക്ഷാപ്രവര്‍ത്തനങ്ങളാണ്. ആംബുലന്‍സും സിവില്‍ ഡിഫന്‍സ് വാഹനങ്ങളും രക്ഷാ ദൗത്യസംഘവുമെത്തി അപകടത്തില്‍പെട്ടവരുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അപകടവേളയില്‍ രക്ഷാപ്രവര്‍ത്തനം വൈകാന്‍ ജനക്കൂട്ടവും വാഹനപ്പെരുപ്പവും തടസമാകുന്ന സാഹചര്യത്തിലാണ് പിഴശിക്ഷ കനപ്പിക്കുന്നത്. അപകട ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്ന് ട്രാഫിക് സുരക്ഷാ സംഘടനയുടെ സെക്രട്ടറി അല്‍ ഹൂസ്‌നി ചൂണ്ടിക്കാട്ടി. അത്തരം പെരുമാറ്റങ്ങള്‍ അപകടത്തില്‍ അകപ്പെട്ടവരുടെ കുടുംബത്തെ കൂടുതല്‍ സങ്കടപ്പെടുത്തും. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ചിലര്‍ ദാരുണ ദൃശ്യങ്ങള്‍ പ്രസിദ്ധപ്പെടുത്താറുള്ളത്. ഈ തെറ്റായ പ്രവണതകള്‍ക്കെതിരെ സമൂഹത്തെ ബോധവത്കരിക്കാന്‍ വിവിധ തലങ്ങളില്‍നിന്നും സഹകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സമയത്ത് കാഴ്ചക്കാരായി വാഹനമോടിക്കുന്നവരും അപകടം സംഭവിക്കുമ്പോള്‍ നിസഹായരായി നോക്കിനില്‍ക്കുന്നവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വിഘ്‌നം വരുത്തുകയാണ്. ചിലര്‍ ട്രാഫിക് നിയമം മറികടന്ന് അപകട ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കാനും ശ്രമിക്കാറുണ്ട്. അപകടം സംഭവിക്കുന്ന സ്ഥലങ്ങളില്‍ പരിസരബോധമില്ലാതെ വാഹനം നിര്‍ത്തി ഇറങ്ങുന്നവരും വിരളമല്ല. ഇത്തരക്കാര്‍ വാഹനം ഇടിച്ചുള്ള അപകടങ്ങള്‍ക്കും ഇരയാകാറുണ്ട്. ഇത്തരം നിയലംഘനങ്ങള്‍ മൂലം ഒരു അപകടം മറ്റൊരു അപകടത്തിനുകൂടി വഴിവയ്ക്കുകയാണു ചെയ്യുന്നത്.
അപകടസ്ഥലങ്ങളില്‍ തടിച്ചുകൂടുന്നതു തടയുന്നതിലൂടെ രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലാക്കാന്‍ കഴിയുമെന്ന് അല്‍ ഹൂസ്‌നി അഭിപ്രായപ്പെട്ടു. ജൂലൈ 15 മുതല്‍ നിലവില്‍ വരുന്ന പരിഷ്‌കരിച്ച ട്രാഫിക് നിയമത്തിലാണ് അപകടം സംഭവിക്കുന്ന സ്ഥലങ്ങളില്‍ തടിച്ചുകൂടുന്നവരെ പിഴ ചുമത്തി ശിക്ഷിക്കുന്നത്.