Connect with us

Gulf

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ റോമിംഗ് നിരക്കുകളില്‍ ഇളവ്

Published

|

Last Updated

ദോഹ: ജി സി സി രാജ്യങ്ങള്‍ക്കിടയിലെ ലെ റോമിംഗ് നിരക്ക് വീണ്ടും കുറച്ചതായി ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി അറിയിച്ചു. നിരക്കിളവിന്റെ രണ്ടാം ഘട്ടമാണിത്. ഖത്വറിലേയും മറ്റ് ജി സി സി രാജ്യങ്ങളിലേയും ടെലികോം ഉപഭോക്താക്കള്‍ക്ക് ലാഭകരമാകുന്ന നീക്കമാണിത്.
ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കൈവരിക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ആശയവിനിമയ രംഗത്തെ സഹകരണം ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു ഒന്നാംഘട്ടം നിരക്കിളവ് നടപ്പാക്കിയത്. ജി സി സി രാജ്യങ്ങള്‍ക്കുള്ളില്‍ യാത്ര ചെയ്യുമ്പോള്‍ വോയ്‌സ് കോള്‍ സ്വീകരിക്കല്‍, എസ് എം എസ് അയക്കല്‍, മൊബൈല്‍ ഡാറ്റ ഉപയോഗിക്കല്‍ തുടങ്ങിയ സേവനങ്ങളിലാണ് നിരക്കിളവ്. റോമിംഗില്‍ എസ് എം എസ് സ്വീകരിക്കുന്നതിന് നിരക്ക് ഈടാക്കില്ല.

പുതിയ നിരക്കു പ്രകാരം റോമിംഗില്‍ ഡാറ്റ നിരക്കില്‍ 35 ശതമാനമാണ് ഇളവ്. ഒരു മെഗാബൈറ്റിന് 3.094 റിയാലാണ് പുതിയ നിരക്ക്. കഴിഞ്ഞ വര്‍ഷമിത് 4,732 റിയാലായിരുന്നു. റോമിംഗ് രാജ്യങ്ങളിലെ ലോക്കല്‍ വോയ്‌സ് കോള്‍ കഴിഞ്ഞ വര്‍ഷം മിനുട്ടിന് 0.946 റിയാല്‍ ആയിരുന്നത് ഈ വര്‍ഷം 0.910 ആയി കുറച്ചു. സ്വദേശം ഉള്‍പ്പെടെയുള്ള ജി സി സി രാജ്യങ്ങളില്‍ വോയ്‌സ് കോളിന്റെ നിരക്ക് മിനുട്ടിന് 2.257 റിയാലാണ്. കഴിഞ്ഞ വര്‍ഷമിത് 2.330 റിയാല്‍ ആയിരുന്നു. എസ് എം എസ് നിരക്ക് ഒരു സന്ദേശത്തിന് 0.291 റിയാല്‍ ആയിരുന്നത് 0.25 ആയി കുറച്ചു. റോമിംഗ് സമയങ്ങളില്‍ എസ് എം എസ് സ്വീകരിക്കുന്നതിന് നിരക്ക് ഈടാക്കില്ല.

റോമിംഗ് നിരക്കിളവിന്റെ മൂന്നാംഘട്ടത്തില്‍ വോയ്‌സ്, എസ് എം എസ് സേവനങ്ങളുടെ നിരക്കിളവ് 2018 ഏപ്രില്‍ ആദ്യവാരത്തില്‍ നിലവില്‍ വരും. മൊബൈല്‍ ഡാറ്റ നിരക്കിളവ് 2020 വരെ എല്ലാ വര്‍ഷവും കുറവായിരിക്കും. ഉപഭോക്തൃ സൗഹൃദപരമായ പുതിയ വ്യവസ്ഥ ജി സി സി തപാല്‍, ടെലികമ്യൂണിക്കേഷന്‍, ഐ ടി മന്ത്രിതല സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ ജി സി സി രാജ്യങ്ങളിലേയും റോമിംഗ്, ഫോണ്‍ വിളി, എസ് എം എസ്, ഡൈറ്റ എന്നിവയുടെ നിരക്ക് കുറക്കാനാണ് മന്ത്രിതല സമിതി തീരുമാനിച്ചത്. വാര്‍ത്താവിനിമയ രംഗത്തെ മത്സരം പ്രോത്സാഹിപ്പിക്കുകയും ഉപയോക്താക്കളുടെ ലാഭം ഉറപ്പാക്കുകയും ചെയ്യും.