Connect with us

National

പാക്കിസ്ഥാനെതിരെ നടപടിക്ക് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം

Published

|

Last Updated

കശ്മീരില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ പാക് നടപടിക്ക് പിന്നാലെ ഇന്ത്യ- പാക് ബന്ധം വീണ്ടും വഷളാകുന്നു. പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാറും സൈന്യവും വ്യക്തമാക്കി. സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ പാക് ക്രൂരതക്ക് കനത്ത തിരിച്ചടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
പ്രകോപനമില്ലാതെ സൈനികരെ കൊലപ്പെടുത്തി മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന പാക് സൈനിക നീക്കത്തിനെതിരെ ഏതറ്റം വരെയും പോകുന്നതിനുള്ള അനുമതി സൈന്യത്തിന് നല്‍കിയെന്നാണ് വിവരം. പാക്കിസ്ഥാന് നല്‍കുന്ന തിരിച്ചടി സൈന്യത്തിന് തീരുമാനിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. വിഷയത്തില്‍ പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.
പാക് സൈന്യം നടത്തിയ ക്രൂരകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ജെയ്റ്റ്‌ലി കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. പ്രതിപക്ഷകക്ഷി നേതാക്കളും സൈനികരുടെ ബന്ധുക്കളും സര്‍ക്കാറിനു മേല്‍ ചെലുത്തിയ സമ്മര്‍ദമാണ് കടുത്ത തീരുമാനമെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണ് അരങ്ങേറിയതെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തിന് സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അവര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കരസേനാ മേധാവി ബിബിന്‍ റാവത്ത് കശ്മീര്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതേസമയം, കേന്ദ്ര നിര്‍ദേശം ലഭിക്കുന്നതിന് മുമ്പ് തന്നെ സൈന്യം തിരിച്ചടി ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ജമ്മുവിലെ കൃഷ്ണഗാട്ടി ഏരിയക്ക് എതിര്‍വശത്തുള്ള പാക്കിസ്ഥാന്റെ കിര്‍പണ്‍, പിംബിള്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ സൈന്യം ആക്രമണം നടത്തിയതായാണ് വിവരം. അതിര്‍ത്തി രക്ഷാസേന നടത്തിയ വെടിവെപ്പില്‍ 647 മുജാഹിദീന്‍ ബറ്റാലിയനിലെ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സംഭവത്തിന് പിന്നാലെ ഇന്ത്യ- പാക് സൈനിക ഉദ്യോഗസ്ഥര്‍ ഹോട്ട്‌ലൈനില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യത്തെയും ഡി ജി എം ഒമാര്‍ ഇന്നലെ ഉച്ചയോടെയാണ് ചര്‍ച്ച നടത്തിയത്. നിയന്ത്രണരേഖ ലംഘിച്ച് ആക്രമണം നടത്തിയെന്ന വാര്‍ത്ത പാക്കിസ്ഥാന്‍ നിഷേധിച്ചു. പാക്കിസ്ഥാന്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് പിന്നീട് കരസേനാ ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പാക് സൈന്യം ജമ്മു കശ്മീരിലെ നിയന്ത്രണരേഖ കടന്ന് ജവാന്മാരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയത്. അതിര്‍ത്തി രക്ഷാസേനയിലെ നായിബ് സുബേദാര്‍ പരംജീത് സിംഗ്, ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ എന്നിവരാണ് പാക് ക്രൂരതക്ക് ഇരയായത്. നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ മേഖലയിലേക്ക് 250 മീറ്ററിലധികം കടന്നുകയറിയ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബി എ ടി) വെടിവെപ്പ് നടത്തുകയായിരുന്നു.
വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ തലയറുത്ത് വികൃതമാക്കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇത് എട്ടാം തവണയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 19ന് പൂഞ്ച് സെക്ടറിലും ഏപ്രില്‍ 17ന് നൗഷേര സെക്ടറിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.

Latest