ഏതു പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം കൊണ്ടുവരും: മുഖ്യമന്ത്രി

Posted on: May 3, 2017 12:41 am | Last updated: May 3, 2017 at 12:41 am

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ ഏതു പോലീസ് സ്‌റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പിന്നീട് കേസിന്റെ വിവരങ്ങള്‍ ബന്ധപ്പെട്ട സ്‌റ്റേഷനിലേക്ക് അയച്ചുകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് ജയില്‍ വകുപ്പുകള്‍ക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന പോലീസിന് നല്ല നാഥനുണ്ട്. അക്കാര്യത്തില്‍ ആര്‍ക്കും ആശങ്കവേണ്ട. രമണ്‍ശ്രീവാസ്തവ യു ഡി എഫ് ഭരണകാലത്തും എല്‍ ഡി എഫ് ഭരണകാലത്തും ഡി ജി പി ആയിരുന്ന ആളാണ്. അങ്ങനൊരാളെ സര്‍ക്കാറിന്റെ ഉപദേഷ്ടാവാക്കുന്നതില്‍ തെറ്റില്ല. എല്‍ ഡി എഫിന്റെ പോലീസ് നയം കേരളത്തിനും പോലീസിനും അറിവുള്ളതാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ ദുഷ്‌ചെയ്തികളുടെ ഹാംഗ് ഓവറില്‍ നിന്ന് പലരും മോചിതരായിട്ടില്ല. അതിന്റെ ചില ദോഷങ്ങളുണ്ടെങ്കിലും ഇപ്പോള്‍ കൃത്യതയോടെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. പോലീസ് ഒരു തരത്തിലുള്ള പ്രലോഭനങ്ങള്‍ക്കും വഴിപ്പെടേണ്ടതില്ല. ഉദ്യോഗസ്ഥരില്‍ ചിലര്‍ പരസ്പരം പോരടിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ ശക്തമായ അച്ചടക്കം പാലിക്കാനാണ് നിര്‍ദേശം. സംസ്ഥാനത്ത് ഗുണ്ടായിസം വളര്‍ന്നുവരുന്ന പ്രവണത കാണുന്നുണ്ട്. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും.

രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ ഇനിമുതല്‍ കാപ്പ ചുമത്തില്ല. യു എ പി എ യുടെ ദുരുപയോഗവും തടയും. അത്യസാധാരണമായ കേസുകളില്‍ മാത്രമെ ഇത് ചുമത്തുകയുള്ളു. ചില സന്ദര്‍ഭങ്ങളിലെങ്കിലും പോലീസിന് പ്രത്യേക മുഖമുണ്ട്. എന്നാല്‍ ന്യൂനപക്ഷ വിരുദ്ധമുഖം ഇനി പോലീസിന് ഉണ്ടാകില്ല. കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ക്കശമായ നടപടികളുണ്ടാകും. അഴിമതി ഒരു കാരണവാശാലും വച്ചുപൊറുപ്പിക്കില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും ഒറ്റപ്പെട്ടു കഴിയുന്നവരെ സഹായിക്കാനും ജനമൈത്രി പോലീസ് ബീറ്റ് കാര്യക്ഷമമാക്കും. റോഡ് സുരക്ഷാനിയമം കര്‍ശനമാക്കും. അപകടങ്ങള്‍ കുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവികളാകും നേതൃത്വം നല്‍കുക.
കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളമായി എത്തുന്നുണ്ട്. ഇവരില്‍ ക്രിമിനലുകളും ഉള്‍പ്പെടുന്നു. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡേറ്റാബേങ്ക് വികസിപ്പിക്കും. പോലീസിന് ഇന്‍ സര്‍വീസ് ട്രെയിനിംഗ് കോഴ്‌സ് ഏര്‍പ്പെടുത്തുകയും ഒഴിവുകളിലേക്ക് കൂടുതല്‍ നിയമനങ്ങള്‍ നടത്തുകയും ചെയ്യും. കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രത്യേക റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തടയാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം കൊണ്ടുവരും. യുവാക്കളെ കാണാതാകുന്ന സംഭവങ്ങളുമുണ്ട്. കാണാതാവുന്നവരുടെ വീടുകളുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനം വരും. ക്രമസാധാനപാലനവും അന്വേഷണവും രണ്ട് വിഭാഗമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് സ്‌റ്റേഷന്‍ തലം വരെ നടപ്പാക്കും. പോലീസ് സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.