പ്രക്ഷോഭത്തിനിടെ ഭരണഘടന മാറ്റാന്‍ വെനിസ്വേലന്‍ പ്രസിഡന്റ്

Posted on: May 3, 2017 6:22 am | Last updated: May 3, 2017 at 7:08 pm
പുതിയ ഭരണഘടനയെ കുറിച്ച് വിശദീകരിക്കുന്ന നിക്കോളാസ് മദുറൊ

കരാകസ്: പ്രതിപക്ഷ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസിനെ അതിജീവിക്കാനായി ജനകീയ ഘടകം തയ്യാറാക്കുന്ന പുതിയ ഭരണഘടന വേണമെന്ന് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മദുറൊ. രാജ്യത്തെ ഭീഷണിയിലാക്കുന്ന ഫാസിസ്റ്റ് അട്ടിമറിയെ പ്രതിരോധിക്കാനുള്ള തീരുമാനമാണിതെന്നും കരാകസില്‍ നടന്ന മെയ്ദിന റാലിയില്‍ പങ്കെടുത്തു സംസാരിക്കവെ മദുറൊ പറഞ്ഞു.

പുതിയ ഭരണഘടന തയ്യാറാക്കുക രാഷ്ട്രീയ പാര്‍ട്ടികളായിരിക്കില്ല. പകരം തിരഞ്ഞെടുത്ത ജനകീയ ഘടകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സര്‍ക്കാറിനെതിരെ പ്രതിപക്ഷം വന്‍ പ്രക്ഷോഭത്തിലാണ്. പ്രക്ഷോഭത്തില്‍ ഇതുവരെ 30 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നേരത്തെ നടത്തുകയെന്ന പ്രധാന ആവശ്യവുമായാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. രാജ്യത്തെ സംഘര്‍ഷങ്ങള്‍ സാമ്പത്തിക തകര്‍ച്ചക്കും കാരണമായിട്ടുണ്ട്. ഭക്ഷണം, ഔഷധം എന്നിവയുടെ അപര്യാപ്തതയാല്‍ ദുരിതമനുഭവിക്കുകയാണ് ജനത അതേ സമയം തന്റെ കാലാവധി പൂര്‍ത്തിയാകാതെ തിരഞ്ഞെടുപ്പിന് തയ്യാറല്ലെന്ന് മദുറൊ വ്യക്തമാക്കിയിട്ടുണ്ട്.