ചില കേരളീയ വാങ്മയ ചിത്രങ്ങള്‍

Posted on: May 3, 2017 6:00 am | Last updated: May 2, 2017 at 10:46 pm

വാഴകള്‍ രാത്രി ക്ഷീണത്തോടെ മയങ്ങുകയായിരുന്നു. പകല്‍ നല്ല ചൂടായിരുന്നല്ലോ. സസ്യങ്ങള്‍ക്ക് മാത്രമല്ല, മനുഷ്യര്‍ക്കും ചൂട് കൂടിയ ലക്ഷണമാണ്. എന്തൊക്കെയാണ് വിളിച്ചു പറയുന്നത്? ചാനല്‍ ചര്‍ച്ച കേള്‍ക്കേണ്ടതു തന്നെ. വിളിച്ചു കൂവുകയാണ്. പണ്ട് നടന്നതും ഇപ്പോള്‍ നടക്കുന്നതും. നാടിന്റെ വികസനമോ, നടുറോഡില്‍. ചാനലാണോ, അഴുക്കുചാലാണോ?

വാഴകള്‍ മയങ്ങുകയായിരുന്നല്ലോ. ഇന്ന് പകല്‍ എങ്ങനെയോ കുറച്ച് വെള്ളം കിട്ടി. ഉടമയായ രാഘവേട്ടന്‍ പൈപ്പ് വഴി തന്നതാണ്. ആശ്വാസമായി. നാട്ടുകാര്‍ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുമ്പോഴാണ് ഇന്നത്തെ ഉച്ചഭക്ഷണം കുശാലായത്.
ഓരോന്നോര്‍ത്തിരിക്കുമ്പോഴാണ് നാലഞ്ചാളുകള്‍ ഓടി വരുന്നത് കണ്ടത്. അവരുടെ കൈയില്‍ കത്തിയുണ്ട്. വന്നപാടെ അവര്‍ വാഴകള്‍ വെട്ടിനശിപ്പിക്കാന്‍ തുടങ്ങി. വല്ലാത്ത ക്രൂരത തന്നെ. ടൗണില്‍ വൈകുന്നരം പാര്‍ട്ടിക്കാര്‍ തമ്മില്‍ അടിപിടി ഉണ്ടായിരുന്നു. രാഘവേട്ടന്‍ പറയുന്നത് കേട്ടതാണ്. അപ്പോഴേ കരുതിയതാണ്. രാത്രി അവന്‍മാര് വരുമെന്ന്. അവരുടെ പണി കഴിഞ്ഞ് അവര്‍ പോയി. പത്തിരുപത് വാഴകള്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍.

അഞ്ചാറുമാസം മുമ്പ് ഇവര്‍ വന്നിരുന്നു. അന്നും കുറെ വെട്ടി നശിപ്പിച്ചു. അപ്പുറത്തെ തെങ്ങിന്‍തോപ്പിലും കയറി. നാവുണ്ടായിരുന്നെങ്കില്‍ മണി മണി പോലെ പറയാമായിരുന്നു. പിറ്റേന്ന് പാര്‍ട്ടിക്കാര്‍ വന്നു, ഫോട്ടോയെടുത്ത് മടങ്ങി. പത്രങ്ങളില്‍ വന്നു, പടവും വാര്‍ത്തയും. സമാധാനക്കമ്മിറ്റിയില്‍ വെട്ടിയവനും പറഞ്ഞു, സമാധാനം പുനസ്ഥാപിക്കണമെന്ന്! അതോടെ കഴിഞ്ഞു, കാര്യങ്ങള്‍.
പാര്‍ട്ടിക്കാര്‍ തമ്മില്‍ കൈയാങ്കളി, കാലാങ്കളി, മെയ്യാങ്കളി… പാവം വാഴകള്‍ എന്തറിഞ്ഞു? രാഘവേട്ടന്റെ വീടിന് അപ്പുറത്തുള്ള സതീശന്റെ വീടിന് നേരെയുമുണ്ടായി അക്രമം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ടൗണിലെ അടിപിടിക്ക് പകരം വീടിന് നേരെ ആക്രമണം. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന പോലെ. അടുത്ത വീട്ടിലെ മുറ്റത്തുണ്ടായിരുന്ന ബൈക്ക് തീ വെച്ചു നശിപ്പിച്ചു. ഒടുവില്‍ അങ്ങാടിയിലെ ബസ് വെയിറ്റിങ് ഷെഡും കത്തിച്ചു.
നാളെ ഇവിടമെല്ലാം നേതാക്കള്‍ സന്ദര്‍ശിക്കും. അവര്‍ സമാധാനത്തിന് ആഹ്വാനം ചെയ്യും. അക്രമ സംഭവങ്ങളെ അപലപിക്കും. കുറച്ച് ദിവസം കഴിയുമ്പോള്‍ വീണ്ടും തുടങ്ങും, വാഴ, തെങ്ങിന്‍തൈ, വീട്, ബൈക്ക്…
ഇങ്ങനെ ചെയ്യുന്നവര്‍ക്കാണ് പേരുകള്‍ നല്‍കേണ്ടത്. കോന്തന്‍, ഭ്രാന്തന്‍, തെമ്മാടി, സാമൂഹിക ദ്രോഹി, ചെറ്റ…ഒന്നു കൂടി പറഞ്ഞോട്ടേ, ഇവരെയല്ലേ സര്‍, ശരിക്കും ഊളമ്പാറക്ക് അയക്കേണ്ടത്?