Connect with us

Editorial

തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുമ്പോള്‍

Published

|

Last Updated

രാജ്യത്തെ ജനപ്രതിനിധി സഭകളിലെ തിരഞ്ഞെടുപ്പുകള്‍ എല്ലാം കൂടി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഒന്നിച്ചു നടത്തണമെന്ന ആശയത്തിന് പിന്തുണ കൂടി വരികയാണ്. മുമ്പേ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് ഈ അഭിപ്രായം ഉയര്‍ന്നു വരാറുണ്ടെങ്കിലും പ്രധാനമന്ത്രിയാണ് ഇതുസംബന്ധിച്ചു സജീവ ചര്‍ച്ചക്ക് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ചേര്‍ന്ന ബി ജെ പി നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയും രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ഇതിനെ അനുകൂലിച്ചു രംഗത്തുവന്നു. ഇപ്പോള്‍, നിതിആയോഗ് വിഷയത്തില്‍ സജീവമായി ഇടപെടുകയും 2024 മുതല്‍ ഇത് പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചു വിശദമായി പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കാനും അടുത്തവര്‍ഷം മാര്‍ച്ചിനകം രൂപരേഖ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിരിക്കയുമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാനാണ് നിതി ആയോഗ് തീരുമാനം.
ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നത് അധികചെലവ് ഒഴിവാക്കാന്‍ സഹായകമാകുമെന്നതാണ് പ്രധാനമന്ത്രിയും ബി ജെ പിയും ചൂണ്ടിക്കാട്ടുന്ന പ്രധാന ഗുണം. തിരഞ്ഞെടുപ്പ് ചെലവ് അടിക്കടി വര്‍ധിച്ചു വരികയാണ്. ശതകോടികളാണ് ഒരോ സംസ്ഥാന തിരഞ്ഞെടുപ്പിനും പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കുന്നതെങ്കില്‍ സഹസ്രകോടികളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനായി വിനിയോഗിക്കുന്നത്. കേന്ദ്ര സേനയേയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും നിയോഗിക്കുന്നത് വഴി വരുന്ന സാമ്പത്തിക ബാധ്യതയും ഭീമമാണ്. നിലവില്‍ മിക്കവാറും ഒരോ വര്‍ഷവും ഏതെങ്കിലും സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു.

വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കുറവുണ്ടാകുമെന്നതാണ് മറ്റൊരു ഗുണം. തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുമ്പോള്‍ വിഷലിപ്ത പ്രസ്താവനകളും വര്‍ഗീയ സംഘര്‍ഷങ്ങളും വര്‍ധിക്കുക പതിവാണ്. ഗോവധം, രാമക്ഷേത്രനിര്‍മാണം തുടങ്ങിയ വര്‍ഗീയ അജന്‍ഡകള്‍ സംഘ്പരിവാര്‍ ശക്തികള്‍ ഉയര്‍ത്തിക്കൊണ്ടുവരാറുള്ളത് മുഖ്യമായും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ്. പാര്‍ലിമെന്റില്‍ രണ്ടംഗ പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന ബി ജെ പി രാജ്യത്തെ പ്രബല രാഷ്ട്രീയ കക്ഷിയായി വളര്‍ന്നത് അയോധ്യ പ്രശ്‌നത്തിലൂന്നിയായിരുന്നു. അവരുടെ പ്രകടന പത്രികകളില്‍ പോലും വര്‍ഗീയ വിഷയങ്ങള്‍ക്കാണ് പ്രാമുഖ്യം. തിരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തിലാക്കുമ്പള്‍ അപ്പേരില്‍ വര്‍ഗീയത കുത്തിപ്പൊക്കുന്ന പ്രവണത പരിമിതപ്പെടും.

തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുന്നതില്‍ ചില സാങ്കേതികമായ പ്രശ്‌നങ്ങളുണ്ട്. പല സംസ്ഥാനങ്ങളിലെയും സര്‍ക്കാറുകളുടെ കാലാവധി വ്യത്യസ്തമാണെന്നതിനാല്‍ ചില സംസ്ഥാനങ്ങളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടിയും ചിലയിടങ്ങളില്‍ ദീര്‍ഘിപ്പിക്കേണ്ടിയും വരും. ഒന്നിച്ചു നടത്താന്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ തുടക്കത്തില്‍ അധിക സാമ്പത്തിക ബാധ്യത വരുമെന്നതാണ് മറ്റൊരു പ്രശ്‌നം. കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കേണ്ടി വരുമെന്നതും പ്രതികൂല ഘടകമാണ്. നിലവില്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വ്യത്യസ്ത സമയങ്ങളിലായതിനാല്‍ ഉള്ള സേനയെ മാറിമാറി വിന്യസിക്കുകയാണ് ചെയ്യുന്നത്. എല്ലാം ഒരേ സമയത്താകുമ്പോള്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പ്രയാസപ്പെടുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. 2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൂടെ ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ കൂടി തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് സജ്ജീകരിച്ചിരുന്ന 1077 കമ്പനി സേനക്ക് പുറമെ 1349 കമ്പനിയെ കൂടി കൂടുതലായി വിന്യസിക്കേണ്ടി വന്നത് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഒരുമിച്ചു തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് കോണ്‍ഗ്രസ്, ആംആദ്മി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് വിയോജിപ്പുമുണ്ട്. പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകള്‍ക്ക് ഇത് വിരുദ്ധവും രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്തതുമാണെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്. സര്‍ക്കാറിന്റെ കാലാവധി വെട്ടിക്കുറക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്ന് ആംആദ്മി ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ചു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ സമവായം കൊണ്ടുവരാനുള്ള ശ്രമം തിരഞ്ഞൈടുപ്പ് കമ്മീഷന്‍ നടത്തി വരുന്നുണ്ട്.
രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന ഗൗരവതരമായ ചര്‍ച്ചകളും സംവാദങ്ങളും പരിമിതപ്പെടുമെന്നതാണ് ഇതിന്റെ മറ്റൊരു ദോഷവശം. തിരഞ്ഞെടുപ്പ് വേളകളിലാണ് ഇത്തരം വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും വിധേയമാകുന്നതും പൊതുസമൂഹത്തിന്റെ മുമ്പിലേക്ക് എടുത്തിടുന്നതും. അത് ഗുണഫലങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്. നേട്ടങ്ങളും കോട്ടങ്ങളുമുണ്ടെന്നതിനാല്‍ വിഷയം കൂടുതല്‍ പഠനത്തിനും ആലോചനകള്‍ക്കും വിധേയമാക്കേണ്ടതുണ്ട്. ജനാധിപത്യ മൂല്യങ്ങളുടെയും ഫെഡറല്‍ സംവിധാനത്തിന്റെയും സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതായിരിക്കണം രാജ്യം നടപ്പാക്കുന്ന ഏത് പരിഷ്‌കരണവും.

Latest