‘ഗോരക്ഷകര്‍’ വടക്കുകിഴക്കോട്ടും; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Posted on: May 2, 2017 11:22 pm | Last updated: May 2, 2017 at 11:18 pm

നഗാവ്: ഉത്തരേന്ത്യയില്‍ വ്യാപകമായി വരുന്ന പശു സംരക്ഷകരുടെ ആക്രമണം വടക്കുകിഴക്കന്‍ സംസ്ഥാനമായ അസാമിലേക്കും. കഴിഞ്ഞ ദിവസം ഗുവാഹത്തിക്ക് സമീപം നഗാവിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ച് ഗോസംരക്ഷകര്‍ എന്നവകാശപ്പെടുന്ന സംഘം ഇവരെ മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അസാമില്‍ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്.

കെട്ടിയിട്ട പശുക്കളെ അഴിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പ്രദേശവാസികളായ ഗോസംരക്ഷകര്‍ ബന്ധുക്കളായ അബു ഹനീഫ (16), രൈജുദ്ദീന്‍ അലി (18) എന്നിവരെയാണ് മര്‍ദിച്ച് കൊലപ്പെടുത്തിയത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പിന്നാലെയെത്തിയ നൂറോളം വരുന്ന സംഘം വടികള്‍ കൊണ്ട് മര്‍ദിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. അതേസമയം, പോലീസ് എത്തുമ്പോഴും അക്രമികള്‍ യുവാക്കളെ മര്‍ദിക്കുകയായിരുന്നെന്നും പോലീസ് അവരെ രക്ഷപ്പെടുത്തിയില്ലെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ റിതുമോനി ഭഗവതി പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള നഗോവില്‍ അവര്‍ ആള്‍ക്കൂട്ടത്തിന്റെ വിചാരണക്ക് വിധേയമാക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ ശക്തമായ നടപടി കൈക്കൊള്ളുന്നില്ലെന്ന വിമര്‍ശം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെതിരെ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധം നടന്നിരുന്നു. തന്റെ മകന്‍ പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മതത്തിന്റെ പേരില്‍ തങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും കൊല്ലപ്പെട്ട രൈജുദ്ദീന്‍ അലിയുടെ പിതാവ് മുഹ്മദ് റഹ്മാന്‍ പറഞ്ഞു.