സ്റ്റോക്‌സിന് സെഞ്ച്വറി; പൂനെ മുന്നോട്ട്‌

Posted on: May 2, 2017 11:04 pm | Last updated: May 2, 2017 at 11:04 pm
വിജയം ആഘോഷിക്കുന്ന സ്റ്റോക്ക്‌

പൂനെ: ബെന്‍ സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ഐ പി എല്ലില്‍ ഗുജറാത്ത് ലയന്‍സിനെതിരെ പൂനെ സൂപ്പര്‍ ജെയന്റിന് അഞ്ച് വിക്കറ്റ് ജയം. ഗുജറാത്ത് മുന്നോട്ടുവെച്ച 162 റണ്‍സ് വിജയലക്ഷ്യം പൂനെ ഒരു പന്ത് ശേഷിക്കേ മറികടന്നു. 63 പന്തില്‍ 103 റണ്‍സടിച്ച സ്റ്റോക്കാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഏഴ് ബൗണ്ടറികളും ആറ് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

ഒരു ഘട്ടത്തില്‍ നാലിന് 42 റണ്‍സെന്ന നിലയില്‍ വന്‍ തകര്‍ച്ചയെ തുറിച്ചു നോക്കിയ പൂനെയെ സ്റ്റോക്‌സും ധോണി (33 പന്തില്‍ 26) യും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയമൊരുക്കിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധോണി പുറത്തായ ശേഷമെത്തിയ ഡാനിയല്‍ ക്രിസ്റ്റ്യന്‍ എട്ട് പന്തില്‍ 17 റണ്‍സടിച്ച് സ്‌റ്റോക്കിന് ഉറച്ച പിന്തുണ നല്‍കി.
രഹാനെ (നാല്), ത്രിപാദി (ആറ്), മനോജ് തിവാരി (പൂജ്യം) എന്നിവര്‍ എളുപ്പത്തില്‍ കീഴടങ്ങി. ഗുജറാത്തിനായി പ്രദീപ് സാംഗവാന്‍, മലയാളി താരം ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 19.5 ഓവറില്‍ 161 റണ്‍സിന് ആള്‍ ഔട്ടായി. 27 പന്തില്‍ 45 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കെല്ലമാണ് ടോപ് സ്‌കോറര്‍. ഇശാന്‍ കിഷന്‍ 31, ദിനേശ് കാര്‍ത്തിക്ക് 29 റണ്‍സെടുത്തു. പൂനെ ബൗളിംഗ് നിരയില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉനദ്കട്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ തിളങ്ങി.