രാജ്യത്ത് ഇറങ്ങുന്ന വ്യാജ പാന്‍കാര്‍ഡ് ഇല്ലാതാക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: May 2, 2017 9:46 pm | Last updated: May 3, 2017 at 10:20 pm

ന്യൂഡല്‍ഹി: വ്യാജ പാന്‍കാര്‍ഡുകള്‍ തടയാന്‍ ആധാര്‍ അത്യാവശ്യമാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. നേരത്തെ പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെയുള്ള സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ആധാര്‍ സുരക്ഷിതമായ ഒന്നാണ്. ഇതിനെ പാന്‍കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ നിര്‍മിതികളെ തടയാനാകുമെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു.

113.7 കോടി ജനങ്ങള്‍ക്ക് ആധാര്‍ അനുവദിച്ചതില്‍ ഒന്നുപോലും വ്യാജമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുകുള്‍ റോത്തകി വാദിച്ചു. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും ഭീകരതക്കുള്ള ധനസഹായം നല്‍കുന്നത് തടയാനും ആധാറിന് സാധിക്കുമെന്നും അദ്ദേഹം വാദിച്ചു.