Connect with us

Gulf

സുധീഷിന്റെ വിളവെടുപ്പില്‍ നൂറുമേനി

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയിലെ സുധീഷ് ഗുരുവായൂരിന്റെ വീട്ടുമുറ്റത്തെ കൊയ്ത്തുത്സവം ശ്രദ്ധേയമായി. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം ഗള്‍ഫിലെ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാനാണ് ഷാര്‍ജയിലെ മലയാളി കര്‍ഷകനായ സുധീഷ് ഗുരുവായൂര്‍ വീട്ടുമുറ്റത്ത് വിത്തിട്ടത്. മാസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ സുധീഷിനൊപ്പം വിത്തിടാന്‍ കൂടി. നാട്ടിലെ നെല്‍വിത്തിനമായ ഉമയാണ് വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ നെല്‍പാടത്ത് വിതച്ചത്. ഷാര്‍ജയില്‍ കിട്ടുന്ന ഉപ്പ് വെള്ളം തന്നെയാണ് യാഥാസമയം നെല്ലിന് നല്‍കിയത്. ജൈവവളങ്ങളും വിതറി. രാസവളത്തിന്റെ സ്പര്‍ശം പോലുമില്ലാതെ നെല്‍പാടം നൂറുമേനി നിറവിലായി. വീട്ടുമുറ്റത്ത് കുട്ടികളും മുതിര്‍ന്നവരും കര്‍ഷകരുടെ വേഷത്തില്‍ അണിനിരന്നു.

കൈയില്‍ ഷാര്‍ജയില്‍ പണിത അരിവാള്‍, തലയില്‍ പാളത്തൊപ്പി, പശ്ചാതലത്തില്‍ നാടന്‍ പാട്ടുകളും. വിളഞ്ഞ നെല്‍ക്കതിരുകള്‍ അരിവാളുകൊണ്ട് അരിഞ്ഞെടുത്ത് കെട്ടി പിന്നീട് പ്രത്യേകം തയ്യാറാക്കിയ മെതിക്കളത്തില്‍ പരമ്പരാഗതരീതിയില്‍ കാലുകള്‍കൊണ്ട് നെല്ല് മെതിച്ചു.
നെല്‍കൃഷിയുടെ രീതികളും ചോറിന്റെ വിലയും കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചതെന്ന് സുധീഷ് പറഞ്ഞു. മരുഭൂമിയിലും വേണ്ടപോലെ കൃഷിചെയ്താല്‍ നൂറുമേനി കൊയ്യാമെന്നും അദ്ദേഹം പറയുന്നു. കൊയ്ത്തുത്സവം ആഘോഷമാക്കാന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ. റഹീം, ജനറല്‍ സെക്രട്ടറി ബിജുസോമന്‍ എന്നിവരും കര്‍ഷകവേഷത്തില്‍ തന്നെ അണിനിരന്നു.

കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെല്ലാം നെല്ല് കൊയ്യാനുള്ള അവസരം ഒരുക്കിയിരുന്നു. നെല്ല് കൊയ്‌തെടുത്ത് അതിന്റെ ഫോട്ടോകളും എടുത്താണ് അവര്‍ സന്തോഷം പങ്കുവെച്ചത്. കൃഷി പ്രോത്സാഹിപ്പിക്കാനും കൃഷി നടത്താനുമായി ഗ്രീന്‍ ലൈഫ് ഓര്‍ഗാനിക് ഫാമിങ് എന്ന പേരില്‍ ഒരു കമ്പനിക്കും സുധീഷ് ഗുരുവായൂര്‍ തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ പേരിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.

 

Latest