Connect with us

Sports

ഐസ്വാള്‍ ചരിതം !

Published

|

Last Updated

ഐ ലീഗ് ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ് സി ടീം 1984 ലാണ് സ്ഥാപിതമായത്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതു ചരിതം പിറന്നു, ഐസ്വാള്‍ എഫ് സി ഐ ലീഗ് ചാമ്പ്യന്‍മാര്‍ ! ചരിത്രത്തിലാദ്യമായാണ് വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള ടീം ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രീമിയര്‍ ലീഗ് ഡിവിഷനായ ഐ ലീഗില്‍ ചാമ്പ്യന്‍മാരാകുന്നത്. അവസാന മത്സരം കളിക്കാനിറങ്ങുമ്പോള്‍ സമനില മാത്രം മതിയായിരുന്നു ഐസ്വാളിന് കിരീടം ഉറപ്പിക്കാന്‍. വടക്ക് കിഴക്കന്‍ ഡെര്‍ബി ആയി മാറിയ ഷില്ലോംഗ്-ഐസ്വാള്‍ പോരാട്ടം 1-1ന് പിരിഞ്ഞതോടെ, മോഹന്‍ബഗാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. അവസാന മത്സരത്തില്‍ ബഗാന്‍ 2-1ന് ചെന്നൈ സിറ്റിയെ തോല്‍പ്പിച്ച് ഐസ്വാളിന്റെ തൊട്ടുപിറകിലായി രണ്ടാം സ്ഥാനക്കാരായി സീസണ്‍ അവസാനിപ്പിച്ചു.

ഐസ്വാള്‍ തോറ്റിരുന്നെങ്കില്‍ ബഗാന് ഇന്നലത്തെ വിജയത്തോടെ ലീഗ് ചാമ്പ്യന്‍മാരാകാമായിരുന്നു. പതിനെട്ട് മത്സരങ്ങളില്‍ 37 പോയിന്റുമായാണ് ഐസ്വാള്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായത്. ബഗാന്‍ അവസാന മത്സരത്തില്‍ മൂന്ന് പോയിന്റെടുത്ത് ഐസ്വാളിന് ഒരു പോയിന്റ് പിറകിലായി.
ചരിത്ര നേട്ടം തൊണ്ണൂറ് മിനുട്ടകലെ നില്‍ക്കുമ്പോള്‍ ഐസ്വാള്‍ എഫ് സി ടീം വലിയ സമ്മര്‍ദത്തിലായിരുന്നു. ഇത് മുതലെടുത്തു കൊണ്ട് ഷില്ലോംഗ് ഒമ്പതാം മിനുട്ടില്‍ ലീഡ് കരസ്ഥമാക്കി. കാമറൂണ്‍ സ്‌ട്രൈക്കര്‍ ദിപാന്ദ ഡിക്കയായിരുന്നു ഐസ്വാളിനെ ഞെട്ടിച്ചു കൊണ്ട് വല കുലുക്കിയത്. അല്പ നേരത്തക്ക് തരിച്ച് നിന്നു പോയ മിസോറം ക്ലബ്ബ് ഗോള്‍ മടക്കാന്‍ കഴിയാതെ ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയില്‍ അത്ഭുതകരമായ തിരിച്ചുവരവായിരുന്നു ഐസ്വാളിന്റെ ലക്ഷ്യം. കോച്ച് ഖാലിദ് ജമീല്‍ ഡ്രസിംഗ് റൂമില്‍ വെച്ച് നല്‍കിയ ഊര്‍ജം രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഐസ്വാള്‍ താരങ്ങളുടെ കാലുകളില്‍ പ്രകടമായിരുന്നു. ഫലം കണ്ടത് അറുപത്തേഴാം മിനുട്ടില്‍. വില്യം ലാല്‍നുഫെലയുടെ ഗോളില്‍ ഐസ്വാള്‍ മിസോ ജനതയെ ആവേശത്തിലാഴ്ത്തി.
ഐ ലീഗില്‍ അരങ്ങേറിയ സീസണില്‍ തന്നെ റെലഗേറ്റ് ചെയ്യപ്പെട്ടതിന്റെ നാണക്കേടുമായാണ് ഐസ്വാള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടത്. ഇത്തവണ ഖാലിദ് ജമീല്‍ എന്ന യുവപരിശീലകന് കീഴില്‍ അട്ടിമറി ജയങ്ങളുമായി ശ്രദ്ധ പിടിച്ചുപറ്റി. പതിയെ, സ്ഥായിയായ ഫോം പ്രദര്‍ശിപ്പിച്ച് മിസോറം ക്ലബ്ബ് വമ്പന്‍മാര്‍ക്ക് സൂചന നല്‍കി. പതിനൊന്ന് ജയങ്ങളാണ് ഐസ്വാള്‍ സ്വന്തമാക്കിയത്. 24 ഗോളുകള്‍ അടിച്ച് കൂട്ടിയ ഖാലിദിന്റെ ശിഷ്യന്‍മാര്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് പരാജയമറിഞ്ഞത്.
നിര്‍ണായക മത്സരത്തിന് ഐസ്വാള്‍ ഇറങ്ങിയത് ക്യാപ്റ്റന്‍ ആല്‍ഫ്രന്‍ ജാരിയനും അശുതോഷ് മെഹ്തയും ഇല്ലാതെയാണ്. ഇവര്‍ക്ക് പകരം ലാല്‍റുത്താരയും ലാല്‍താന്‍പുയയും കളത്തിലിറങ്ങി. സ്‌ട്രൈക്കറായി കാമോ ബായിയും ക്രിയാത്മക മുന്നേറ്റത്തിന് ജയേഷ് റാനയും മഹ്മൂദ് അല്‍ അമ്‌നയും തൊട്ടു പിറകില്‍. സോമിംഗ്ലിയാന റാല്‍റ്റെയും എസെ കിംഗ്‌സ്ലെയും സെന്റര്‍ ബാക്കുകള്‍.
ഷില്ലോംഗ് ലജോംഗിന് ആത്മവിശ്വാസം പകര്‍ന്നു കൊണ്ട് സ്റ്റാര്‍ട്ടിംഗ് ഇലവനിലേക്ക് അസെര്‍ പിയറിക് ദിപാന്ദ തിരിച്ചെത്തി. ഐസക് വന്‍മാല്‍സാമയും യുത കിനോവാകിയും മധ്യനിരയില്‍. വിംഗുകളില്‍ റെഡീം തിയാംഗും.

ഷില്ലോംഗ് അനായാസം ശ്രദ്ധയോടെ പന്ത് തട്ടിയപ്പോള്‍ ഐസ്വാള്‍ എല്ലാ പന്തിന് പിറകെയും ഓടി നടന്ന് അവരുടെ സമ്മര്‍ദം വെളിപ്പെടുത്തിക്കൊണ്ടിരുന്നു.
ഇതാണ്, ഷില്ലോംഗിന് ആദ്യ ഗോളിന് വഴിയൊരുക്കിയത്. റെഡിംഗ് നല്‍കിയ പന്ത് സാമുവല്‍ ലാല്‍പുനിയ ഇടത് വിംഗിലൂടെ ഒന്ന് കുതിച്ച ശേഷം ബോക്‌സിലേക്ക് ക്രോസ് ചെയ്തു. തകര്‍പ്പന്‍ ഹെഡറിലൂടെ കാമറൂണ്‍ സ്‌ട്രൈക്കര്‍ ദിപാന്ദ ഗോളാക്കി മാറ്റി. സീസണില്‍ ദിപാന്ദ നേടുന്ന പതിനൊന്നാം ഗോള്‍.

മത്സരം നിയന്ത്രിക്കാന്‍ ബംഗാള്‍ റഫറിമാര്‍; കിക്കോഫിന് മുമ്പ് വിവാദം

ഐ ലീഗിലെ കിരീടം നിശ്ചയിക്കുന്ന അവസാന ദിനത്തെ നിര്‍ണായക നോര്‍ത്ത് ഈസ്‌റ്റേണ്‍ ഡെര്‍ബി ആരംഭിക്കും മുമ്പെ വിവാദം. ഐസ്വാള്‍ എഫ് സി- ഷില്ലോംഗ് ലജോംഗ് മത്സരത്തിനുള്ള മുഴുവന്‍ റഫറിമാരും ബംഗാളുകാരായത് ചോദ്യം ചെയ്യപ്പെട്ടു. ഐസ്വാള്‍ എഫ് സി മത്സരം കളിക്കില്ലെന്ന് വാശിപിടിച്ചതോടെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) വെട്ടിലായി.
എന്നാല്‍, യാതൊരു പക്ഷപാതിത്വവുമില്ലാതെ ബംഗാള്‍ റഫറിമാര്‍ മത്സരം നിയന്ത്രിക്കുമെന്ന ഉറപ്പ് നല്‍കി അനുനയിപ്പിച്ചാണ് എ ഐ എഫ് എഫ് അധികൃതര്‍ മത്സരം ആരംഭിച്ചത്. പ്രാഞ്ജല്‍ ബാനര്‍ജിയാണ് പ്രധാന റഫറി. അസിത് കുമാര്‍ സര്‍ക്കാറും സുമന്‍ മജൂംദറും അസിസ്റ്റന്റ് റഫറിമാര്‍. നാലാം ഒഫിഷ്യലായി തന്‍മൊയ് ധറും. ഐസ്വാളും മോഹന്‍ ബഗാനും തുല്യസാധ്യതകളുമായി, ഒരേ സമയത്ത് വ്യത്യസ്ത വേദികളിലായി കിരീടത്തിനായി പോരടിക്കുമ്പോള്‍ റഫറിമാരുടെ തിരഞ്ഞെടുപ്പും പ്രധാനമാണ്.
ഐസ്വാള്‍ തോറ്റാല്‍ മാത്രമേ ജയിച്ചാലും ബഗാന് കിരീടം നേടാന്‍ സാധിക്കൂ. അതുകൊണ്ടു തന്നെ നാല് ബംഗാള്‍ റഫറിമാര്‍ ചേര്‍ന്ന് മത്സരം തങ്ങള്‍ക്കെതിരാക്കി മാറ്റുമോ എന്ന് ഐസ്വാള്‍ ഭയന്നതിനെ തള്ളിക്കളയാന്‍ സാധിക്കില്ല. വലിയ പ്രതിഷേധം അഴിച്ചു വിട്ടതോടെ റഫറിമാരെ സമ്മര്‍ദത്തിലാഴ്ത്താന്‍ ഐസ്വാളിന് സാധിച്ചു.
ഐസ്വാള്‍ ക്ലബ്ബ് ഉടമ റോബര്‍ട്ട് റോയ്‌റ്റെ എ ഐ എഫ് എഫ് ഒഫിഷ്യലുകളുമായി ഒന്നര മണിക്കൂര്‍ചര്‍ച്ച ചെയ്ത ശേഷമാണ് മത്സരത്തിന് തയ്യാറായത്. ഞങ്ങള്‍ റഫറിമാരുടെ ഓരോ നീക്കവും നിരീക്ഷിക്കും. ഈ ക്ലബ്ബിന് വേണ്ടി ഓരോ ശ്വാസത്തിലും പ്രാര്‍ഥനയോടെ നിലകൊള്ളുന്ന ആരാധകരോട് ഞങ്ങള്‍ക്ക് കടപ്പാടുണ്ട്.
അവരെ നിരാശപ്പെടുത്തുവാന്‍ ഒരുക്കമല്ല. എ ഐ എഫ് എഫ് കാണിച്ച അനീതിക്കെതിരെ മത്സരശേഷവും പ്രതിഷേധം അറിയിക്കും – റോയ്‌റ്റെ പറഞ്ഞു.