Connect with us

Kerala

ഇന്ന് മുതല്‍ സംസ്ഥാനത്ത് മലയാളം ഔദ്യോഗിക നിര്‍ബന്ധിത ഭാഷ

Published

|

Last Updated

തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മലയാളം നിര്‍ബന്ധിതമാക്കി. ഇനിമുതല്‍ സര്‍ക്കാര്‍ ഉത്തരവുകളും ബോര്‍ഡുകളും ഫയല്‍ നടപടികളും അടക്കം എല്ലാ ഔദ്യോഗിക കാര്യങ്ങളും ഇനി മുതല്‍ മാതൃഭാഷയിലായിരിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം നിയമം ബാധകമാണ്. നിയമത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും. വിവിധ വകുപ്പുകളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കണം. അതേസമയം, തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷക്കാര്‍ക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

2015 ജനുവരി മുതല്‍ ഓദ്യോഗികഭാഷ മലയാളമാക്കി ഉത്തരവിറക്കിയെങ്കിലും പല വകുപ്പുകളും അത് പാലിക്കുന്നില്ലെന്ന് വിലയിരുത്തിയിരുന്നു. ഭാഷാമാറ്റ നടപടികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗികഭാഷാ ഉന്നതതല സമിതി കേരളത്തിലെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന് വിലയിരുത്തിയിരുന്നു. തുടര്‍ന്ന് മെയ് ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കുന്നത് നിര്‍ബന്ധമാക്കും. ഉത്തരവുകളും കത്തുകളും നിബന്ധനകള്‍ക്കു വിധേയമായി മലയാളത്തില്‍ തന്നെയായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഫയലുകള്‍, സര്‍ക്കുലറുകള്‍, ഓര്‍ഡിനന്‍സ് തുടങ്ങി എല്ലാ കടലാസുകളിലും മലയാളമായിരിക്കണം ഭാഷ. ഇതോടൊപ്പം സര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡുകള്‍, വാഹനങ്ങളുടെ ബോര്‍ഡുകള്‍ എന്നിവയും മലയാളത്തില്‍ തയ്യാറാക്കണം.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍, സുപ്രീം കോടതി, ഹൈക്കോടതി, ഇതര സംസ്ഥാനങ്ങള്‍ തുടങ്ങി കേരളത്തിന് പുറത്തേക്കുള്ള കത്തിടപാടുകള്‍ ഇംഗ്ലീഷിലാകാം. കൂടാതെ ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ നിബന്ധനയില്‍ നിന്നൊഴിവാക്കാമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ മലയാളം ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് രാഷ്ട്രപതിയുടെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും മാതൃഭാഷാ സംരക്ഷണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ നടപടികള്‍ വേഗത്തിലാക്കുന്നത്.