രാജ്യം പശുക്കള്‍ക്ക് വിട്ടു കൊടുക്കണമോ?

Posted on: May 1, 2017 6:40 am | Last updated: April 30, 2017 at 10:45 pm

പശുവിനെചൊല്ലി മനുഷ്യര്‍ അക്രമിക്കപ്പെടുന്നത് രാജ്യത്ത് വര്‍ധിച്ചു വരികയാണ്. വ്യാഴാഴ്ച ബീഹാറിലെ ഒരു ദേശീയപാതയുടെ മധ്യത്തില്‍ വഴിമുടക്കി നിന്ന പശുവിനെ ഹോണ്‍ അടിച്ച് മാറ്റാന്‍ ശ്രമിച്ച പിക്കപ്പ് ഡ്രൈവറായ യുവാവ് ക്രൂരമായി മര്‍ദിക്കപ്പെടുകയുണ്ടായി. പാറ്റ്‌നക്ക് സമീപം മൈന ഗ്രാമത്തിലെ സോന്‍ബര്‍സ രാജ് പൊലീസ് സ്‌റ്റേഷന് സമീപം നടന്ന സംഭവത്തില്‍ ഗണേഷ് മണ്ഡലിന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഗണേഷ് മണ്ഡല്‍ ഹോണ്‍ മുഴക്കിയതോടെ പശു പേടിച്ച് വഴിയില്‍ നിന്നും ഓടിപ്പോയിരുന്നു. ഹോണ്‍ അടിച്ചത് മനഃപൂര്‍വം പശുവിനെ പേടിപ്പിക്കാനാണെന്നാരോപിച്ച് ഉടമ മര്‍ദ്ദിക്കുകയായിരുന്നു.
കുത്താന്‍ പാഞ്ഞടുത്ത പശുവിനെ കല്ലെറിഞ്ഞതിനെച്ചൊല്ലി ഡല്‍ഹിയില്‍ അഞ്ച് പേര്‍ക്ക് മര്‍ദനമേറ്റത് ഒരു മാസം മുമ്പാണ്. പുലര്‍ച്ചെ ആറുമണിക്ക് ശര്‍മ്മിള എന്ന സ്ത്രീയും ഭര്‍ത്താവ് ജയ്ശങ്കറും ടോയ്‌ലറ്റിലേക്കു നടന്നു പോകവെ ഇവര്‍ക്കുനേരെ പശു പാഞ്ഞടുത്തപ്പോള്‍ ഓടിക്കാനായി സ്ത്രീ ഒരു കല്ലെറിഞ്ഞു. വിവരമറിഞ്ഞ പശുവിന്റെ ഉടമസ്ഥര്‍ സ്ഥലത്തെത്തി ദമ്പതികളെ മര്‍ദിച്ചു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചവരെയും അയാള്‍ തൂമ്പകൊണ്ട് അടിച്ചു പരിക്കേല്‍പിച്ചു. ചിലര്‍ ഇടപെട്ട് അക്രമികളെ തടഞ്ഞതുകൊണ്ടാണ് തങ്ങള്‍ ജീവനോടെ ബാക്കിയായതെന്നാണ് അക്രമത്തിനിരയായവര്‍ പോലീസിനോട് പറഞ്ഞത്. അടുത്തേക്ക് വന്ന ഒരു പശുവിനെ തള്ളിമാറ്റിയതിന്റെ പേരില്‍ ഗോവ സന്ദര്‍ശിക്കാനെത്തിയ വിദേശ യുവതിയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും തല്ലിയത് രണ്ടാഴ്ച മുമ്പാണ്. ഉഡുപ്പിയില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് കഴിഞ്ഞ ആഗസ്തില്‍ പ്രവീണ്‍ പൂജാരിയെന്ന യുവാവിനെ ‘ഗോസംരക്ഷകര്‍’മര്‍ദിച്ചു കൊന്നതും അടുത്തിടെയാണ്.

നിരത്തുകളില്‍ വഴിതടസ്സം സൃഷ്ടിക്കുകയോ അക്രമിക്കാന്‍ വരികയോ ചെയ്യുന്ന പശുവിനെ പ്രതിരോധിക്കാനും ഓടിക്കാനും വയ്യാത്ത അവസ്ഥയാണ് ഇന്ന് രാജ്യത്ത്. സംഘ്പരിവാര്‍ നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളും തുടരുകയാണ.് പശുവിനെ ഉപദ്രവിക്കുന്നവരെ കൊല്ലണമെന്നാണ് ഇതിനിടെ ഒരു ആര്‍ എസ് എസ് നേതാവ് പ്രസ്താവിച്ചത്. പ്രകോപനപരമായ പ്രസ്താവനകളും ഗോസംരക്ഷകരുടെ ഗുണ്ടായിസത്തിനെതിരെ ഭരണകൂടങ്ങള്‍ മൗനം പാലിക്കുന്നതുമാണ് പശുവിനെ ചൊല്ലി മനുഷ്യരെ പൈശാചികമായി അക്രമിക്കാന്‍ പ്രചോദനമേകുന്നത്. മനുഷ്യനേക്കാള്‍ മൃഗത്തിന് വിലയും നിലയും കല്‍പിക്കുന്ന ഈ ചിന്താധാരയെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ഹിന്ദുത്വ തീവ്രവാദികള്‍ രാജ്യത്ത് സൃഷ്ടിക്കുന്ന ഈ ഭീകരാവസ്ഥ ആഗോളതലത്തില്‍ രാജ്യത്തിന് ദുഷ്‌പേര് പരത്തുന്നു. വിദേശ ടൂറിസ്റ്റുകളുടെ ഇന്ത്യയിലേക്കുള്ള വരവിലും ഇത് കുറവ് വരുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ഗോവധം നിരോധിച്ചതിനെ തുടര്‍ന്ന് കന്നുകാലി വ്യാപാരം ഇല്ലാതായതോടെ പാല്‍ ഉത്പാദനം നിലച്ച പശുക്കളെയും കാളകളെയും പോറ്റാന്‍ കഴിയാതെ ഉടമസ്ഥര്‍ അവയെ തെരുവിലേക്ക് ആട്ടിയോടിക്കുകയാണ്. ഈ അനാഥപശുക്കള്‍ കൂട്ടംകൂട്ടമായി മേഞ്ഞുനടന്ന് കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നു. പൊതുനിരത്തുകളില്‍ അവ അലഞ്ഞുനടക്കുന്നത് ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും പതിവ് കാഴ്ചയാണ്. കടകളില്‍ കയറി പശുക്കള്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും അവയുടെ ഉപദ്രവങ്ങളില്‍ നിന്ന് ആളുകള്‍ ഓടി രക്ഷപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു വരുന്നുണ്ട്. ഉത്തരേന്ത്യയില്‍ അടുത്തിടെ നടന്ന വിവിധ കര്‍ഷക സമ്മേളനങ്ങളില്‍ ഉയര്‍ന്നു വന്ന മുഖ്യപരാതി അനാഥ പശുക്കള്‍ മൂലം കര്‍ഷകരും ജനങ്ങളും നേരിടുന്ന ഭീഷണിയായിരുന്നു. നമ്മുടെ തെരുവുകളെയും രാജ്യത്തെ തന്നെയും പശുക്കള്‍ക്ക് വിട്ടൊഴിഞ്ഞു കൊടുക്കുന്ന അവസ്ഥയാണ് സംഘ്പരിവാറിന്റെ പശുസ്‌നേഹം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പശുവിനെ മാതാവായി കാണുന്നവരും ഗോവധം നിരോധിക്കണമെന്ന് വാദിക്കുന്നവരും അനാഥ പശുക്കളെ സംരക്ഷിക്കാനുള്ള ചുമതലയും ഏറ്റെടുക്കേണ്ടതുണ്ട്. ഗോവധത്തിനു വധശിക്ഷ നല്‍കാന്‍ നിയമം പാസാക്കുന്നവര്‍ കറവ വറ്റിയ കന്നുകാലികളെ കര്‍ഷകരില്‍ നിന്ന് ഏറ്റെടുക്കാനുള്ള നിയമവും ഉണ്ടാക്കേണ്ടതില്ലേ? ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതുവരെ ഇത്തരമൊരു നീക്കം നടന്നിട്ടില്ലെന്നതും സംഘ്പരിവാര്‍ സംഘകനകളൊന്നും ഇക്കാലമത്രയും അങ്ങെന ഒരാവശ്യം ഉന്നയിച്ചിട്ടില്ലെന്നതും അവരുടെ ഗോസ്‌നേഹത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നുണ്ട്.

പശുവിന്റെ പേരില്‍ നടക്കുന്ന ഹിന്ദുത്വ തീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിനും സംഘടിത അക്രമത്തിനും നിയമം കൈയിലെടുത്ത് നിരപരാധികളെ നിഷ്ഠൂരമായി കൊല്ലുന്ന പ്രവണതക്കും അറുതി വരുത്തുന്നതിന് മതേതര ജനാധിപത്യ വിശ്വാസികള്‍ ശക്തമായി രംഗത്തു വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവലംബിക്കുന്ന മൗനം ഇനിയും തുടരുന്നത് നീതീകരിക്കാനാകില്ല.