National
കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം ഭരണാധികാരത്തിനുള്ള അവകാശമുണ്ടെന്ന് പാക്ക് സൈനിക മേധാവി

ഇസ്‌ലാമാബാദ്: കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം ഭരണാധികാരത്തിനുള്ള അവകാശമുണ്ടെന്ന് പാക്ക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ.
ഇന്ത്യയില്‍നിന്നു സ്വാതന്ത്ര്യം നേടാനുള്ള കശ്മീരികളുടെ സമരത്തിന് ഇനിയും പിന്തുണ നല്‍കുമെന്ന് പറഞ്ഞ ബജ്‌വ കശ്മീരികളുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കാനും പാക്ക് സൈന്യത്തോട് ആവശ്യപ്പെട്ടു.
നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബജ്‌വ.
കശ്മീരിലെ നിലവിലെ സംഘര്‍ഷങ്ങള്‍ക്കു കാരണം പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപിച്ചതിന് പിന്നാലെയാണ് പാക്ക് സൈനിക മേധാവി നിലപാടുമായി രംഗത്തെത്തിയത്. പാക്ക് സൈനിക മേധാവിയുടെ പ്രസ്താവന രാജ്യാന്തരതലത്തില്‍ കൊണ്ടുവന്ന് ചര്‍ച്ചയാക്കാന്‍ ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്.
കശ്മീരി ജനതയുടെ അവകാശങ്ങള്‍ ഇന്ത്യ പാടെ നിഷേധിക്കുകയാണെന്നും ബജ്വ ആരോപിച്ചു. നിയന്ത്രണരേഖയ്ക്കടുത്തുള്ള പാക്കിസ്ഥാനിലെ ജനങ്ങളുടെ അവകാശങ്ങളില്‍പ്പോലും ഇന്ത്യ ഇടപെടുകയാണ്. കശ്മീരില്‍ ഇന്ത്യയാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. കശ്മീരികള്‍ക്ക് സ്വയം ഭരണാധികാരത്തിനുള്ള അവകാശം നല്‍കണമെന്നും ഇല്ലെങ്കില്‍ ഇതിനായി പോരാടുന്ന കശ്മീരികള്‍ക്ക് പാക്കിസ്ഥാന്‍ സഹായം നല്‍കുമെന്നും ബജ്‌വ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍നിന്നുള്ള ഏത് ആക്രമണവും നേരിടാന്‍ പാക്ക് സൈന്യം സജ്ജമാണെന്നും ബജ്‌വ പറഞ്ഞു.